മലയാളത്തിന്റെ മെഗാസ്റ്റാറും തന്റെ വാപ്പിച്ചിയുമായ മമ്മൂട്ടിയെ കുറിച്ചും തന്റെ മകൾ മറിയം അമീറ സൽമാനെ കുറിച്ചും പറയുകയാണ് കുഞ്ഞിക്ക ദുൽഖർ സൽമാൻ. ഫാദേഴ്സ് ഡേയോട് അനുബന്ധിച്ച് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ദുൽഖർ തന്റെ മനസ് തുറന്നത്.
മനസ്സിൽ ഇന്നും താനൊരു പുതുമുഖമാണ്. വാപ്പച്ചി ചെയ്യുന്ന പോലെയുള്ള മാസ് കഥാപാത്രങ്ങൾ കണ്ട് കൈയ്യടിക്കാനും ആർപ്പുവിളിക്കാനും ഇഷ്ടമാണ്. എന്നാൽ അത്തരം വേഷങ്ങൾ തന്നിൽ ഭദ്രമായിരിക്കുമോയെന്നറിയില്ലെന്ന് താരം പറയുന്നു.
വാപ്പച്ചിക്കൊപ്പമുള്ള സിനിമയെക്കുറിച്ച് കുറേക്കാലമായി എല്ലാവരും ചോദിക്കുന്നു. അത്തരത്തിലൊരു സിനിമ ചർച്ചയിലില്ലെന്ന സ്ഥിരം മറുപടിയാണ് ഇപ്പോഴും ദുൽഖർ നൽകിയത്. ഷൂട്ടിംഗ് കഴിഞ്ഞ തിരികെ വീട്ടിലേക്കെത്തിയാൽ താനും വാപ്പച്ചിയും സിനിമയെക്കുറിച്ച് സംസാരിക്കാറില്ലെന്നും ദുൽഖർ പറയുന്നു.
ഷൂട്ടിന് ശേഷവും സിനിമ തന്നെ സംസാരിക്കാൻ രണ്ടാൾക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്വയം വിലയിരുത്തിയായിരിക്കണം മുന്നോട്ട് പോവേണ്ടതെന്ന നിർദേശം തന്നത് അദ്ദേഹം തന്നെയാണ്. കുഞ്ഞു മറിയത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ദുൽഖർ തന്റെ ആരാധകർക്കായി ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഷൂട്ടിംഗ് ഇല്ലാത്ത സമയത്ത് കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കാറാണ് പതിവ്. മറിയത്തിനൊപ്പമിരുന്ന് കാർട്ടൂൺ കാണലാണ് പ്രധാന വിനോദങ്ങളിലൊന്ന്. യൂട്യൂബിൽ വീഡിയോ കണ്ടിരിക്കും. ചിലതൊക്കെ ബോറടിപ്പിക്കാറുണ്ടെങ്കിലും ഒപ്പം ഇരിക്കാറുണ്ട്. പലപാട്ടുകളും മനപ്പാഠമാണ്. ഇടയ്ക്കൊക്കെ അത്തരത്തിലുള്ള കുഞ്ഞുപാട്ടുകൾ മനസ്സിലേക്ക് വരാറുണ്ട്.
ഷൂട്ടിംഗിനായി ദൂരേക്ക് പോവേണ്ടി വരുമ്പോൾ എത്രയും പെട്ടെന്ന് തിരിച്ചെത്താൻ കഴിയാനാവണേയെന്നാണ് ആഗ്രഹിക്കാറുള്ളത്. കുഞ്ഞുമറിയം വീട്ടിലുണ്ടെങ്കിൽ വാപ്പച്ചിക്കും പുറത്ത് പോവാൻ മടിയാണെന്നും ദുൽഖർ പറയുന്നു. ഉപ്പൂപ്പയും വാപ്പച്ചിയും മാത്രമല്ല കുഞ്ഞുമറിയവും ഇതിനകം തന്നെ സെലിബ്രിറ്റിയായി മാറിക്കഴിഞ്ഞിട്ടുണ്ടെന്നും ദുൽഖർ പറയുന്നു.