നിരവധി മികച്ച ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് നൽകിയ സംവിധായകനാണ് സത്യൻ അന്തിക്കാട്. നാടോടിക്കാറ്റും വരവേൽപ്പും സന്ദേശവും പട്ടണത്തിൽ പ്രവേശവുമെല്ലാം ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സത്യൻ അന്തിക്കാട് ചിത്രങ്ങൾ ആണ്.
സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ ഭൂരിഭാഗവും കാലത്തിനൊടൊപ്പം സഞ്ചരിക്കുന്നവയാണ്. അതൊരു ഉദാഹരണമാണ് സന്ദേശം. ഇന്നു ചിത്രം കാഴ്ചക്കാരെ നേടുന്നതിനോടൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നുമുണ്ട്. ഇപ്പോഴിതാ തന്റെ സിനിമയായ പിൻഗാമിയെ കുറിച്ച് വാചാലനാവുകായാണ് സംവിധായകൻ.
ഐഎഫ്എഫ്‌കെ വേദിയിലാണ് സത്യൻ അന്തിക്കാട് തന്റെ സിനിമയുടെ പരാജയത്തെ കുറിച്ച് സംസാരിച്ചത്. പിൻഗാമി എന്ന ചിത്രത്തിന് പ്രേക്ഷക പിന്തുണ നേടാൻ സാധിക്കാതിരുന്നതിന് കാരണം തേന്മാവിൻ കൊമ്പത്ത് റിലീസ് ചെയ്തത് കൊണ്ടാണെന്നാണ് സംവിധായകൻ പറയുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ
പിൻഗാമി എന്ന ചിത്രം റിലീസ് ചെയ്ത സമയത്ത് അത്രക്കൊരു അപ്രിസിയേഷൻ കിട്ടിയിരുന്നില്ല. ഇപ്പോഴാണ് ആ സിനിമയെ കുറിച്ച് ആളുകൾ സംസാരിക്കുന്നത്. കാരണം, ആളുകൾ എന്നിൽ നിന്ന് പ്രതീക്ഷിച്ചത് അത്തരത്തിലൊരു സിനിമയല്ല.പക്ഷെ അതും ഒരു വീടിന്റേയും അച്ഛന്റേയും കഥയാണ് ആ സിനിമ പറയുന്നത്. പക്ഷെ അതിന്റെ ട്രീറ്റ്‌മെന്റ് വളരെ വ്യത്യസ്തമാണ്.
അന്ന് ആ സിനിമക്ക് ആളുകൾ അത്രക്ക് ഇടിച്ച് കേറാത്തതിന്റെ കാരണം, അതിന്റെ ഓപ്പോസിറ്റായി പ്രിയന്റെ തേന്മാവിൻ കൊമ്പത്ത് റിലീസ് ചെയ്തിരുന്നു. പ്രിയദർശനും ഞാനും തമ്മിൽ തമ്മിൽ സംസാരിച്ചപ്പോൾ പ്രിയൻ പറഞ്ഞത്, താൻ കുറച്ച് ഡേറ്റ് മാറ്റിവെക്കുന്നതല്ലെ നല്ലതെന്നാണ്. ഞാൻ പ്രിയൻ മാറ്റിവെക്കുന്നതല്ലെ നല്ലതെന്നാണ് ചോദിച്ചത്.
അവസാനം ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് റിലീസ് ചെയ്യുകയും എന്റെ വീട്ടുകാർക്ക് ഉൾപ്പടെ തേന്മാവിൻ കൊമ്പത്ത് കാണാൻ ആഗ്രഹം തോന്നുകയും ചെയ്തു. പക്ഷെ പിന്നീട് പിൻഗാമി കുറേകൂടി സ്റ്റാന്റ് ചെയ്ത് തുടങ്ങി. നല്ല സിനിമകൾ ചെയ്യുമ്പോഴുള്ള ഗുണം അത് കുറച്ച് കാലം കഴിയുമ്പോൾ ഓർമിക്കപ്പെടുമെന്നാണ്.
വിജയമല്ല ഒരു സിനിമയെ നിലനിർത്തുന്നത് ക്വാളിറ്റിയാണെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. അതേ സമയം ഇതേ വേദിയിൽ തന്റെ എവർഗ്രീൻ ചിത്രമായ സന്ദേശത്തെ കുറിച്ചും സത്യൻ അന്തിക്കാട് പറഞ്ഞിരുന്നു. സിനിമ പുറത്ത് ഇറങ്ങിയ സമയത്തെ വിമർശനത്തെ കുറിച്ചായിരുന്നു പറഞ്ഞത്. അരാഷ്ട്രീയ വാദമെന്ന വിമർശനം സന്ദേശം റിലീസ് ചെയ്ത സമയം മുതലുണ്ട്.
രാഷ്ട്രീയത്തിൽ നിന്ന് മുഖം തിരിച്ച് അവനവന്റെ കാര്യം നോക്കി പോ എന്ന സന്ദേശമാണ് സിനിമ മുന്നോട്ട് വെക്കുന്നത് എന്ന തരത്തിലുള്ള പ്രചരണം നടക്കുന്നുണ്ട്. ആ സിനിമ അതല്ലാതെ കാണുമ്പോൾ മനസിലാകും, തിലകന്റെ കഥാപാത്രം പറയുന്നുണ്ട്, രാഷ്ട്രീയം നല്ലതാണ്. അത് നല്ല ആളുകൾ ചെയ്യുമ്പോൾ എന്ന്. സന്ദേശത്തിൽ രാഷ്ട്രീയത്തിന്റെ വക്താക്കൾ ആയി കാണിക്കുന്ന ശ്രീനിവാസന്റെയും ജയറാമിന്റെയും കഥാപാത്രങ്ങൾ നല്ല രാഷ്ട്രീയക്കാരല്ല.
ഒരു എംഎൽഎ പോലുമില്ല ആ സിനിമയിൽ, പാർട്ടിയുടെ മണ്ഡലം പ്രസിഡന്റായ മാമുക്കോയ മാത്രമാണ് അതിലുള്ളത്, അതിലും താഴെയുള്ളവരുടെ കഥയാണ് സിനിമ പറയുന്നത്. രാഷ്ട്രീയം ബോധ്യപ്പെടുത്തി കൊടുക്കുകയാണ് സിനിമയിലൂടെ ചെയ്യുന്നത്. യഥാർത്ഥ രാഷ്ട്രീയം സേവനമാണ്. ആദ്യം സ്വയം നന്നായി സ്വന്തം വീട് നന്നാക്കണമെന്നാണ് സിനിമ പറയുന്നത്.
ഇത് രണ്ടുമില്ലാതെ രാഷ്ട്രീയത്തിലിറങ്ങിയിട്ട് കാര്യമില്ല. എന്നാൽ അതിനെ നല്ല രീതിയിൽ സമീപിക്കുകയാണ് വേണ്ടത്.
നമ്മൾ കണ്ടിട്ടുണ്ടല്ലോ സമരങ്ങളില്ലാത്ത സ്‌കൂളുകളിൽ കുട്ടികളെ ചേർത്താൽ അവർ പത്താം ക്ലാസ് കഴിഞ്ഞ് യൂണിഫോമിട്ട് ഒരു പ്രത്യേക തരം കമ്മ്യൂണിറ്റിയായി വളർന്ന് വന്ന് ഡിഗ്രിയെടുത്ത്, ഐഎഎസുകാരാവുന്നു അല്ലെങ്കിൽ ഡോക്ടർമാരാവുന്നു.
രാഷ്ട്രീയമുള്ളൊരു സാധാരണ സ്‌കൂളിൽ കുട്ടികളെ ചേർത്താൽ അവർ ബസിന് കല്ലെറിഞ്ഞും, സമരം ചെയ്തും, അവസാനം മന്ത്രിമാരായിട്ട് ഇവരെ ഭരിക്കുന്ന കാലത്തിലേക്കാണ് വരുന്നത്. അതുകൊണ്ട് നല്ല കുടുംബത്തിൽ പിറന്ന, നല്ല ബുദ്ധിയുള്ള ചെറുപ്പക്കാർ രാഷ്ട്രീയത്തിലേക്ക് കടന്ന് വരണം. എന്നാലേ രാഷ്ട്രീയത്തിനെ ശുദ്ധീകരിക്കാൻ സാധിക്കുകയുള്ളു എന്നും സത്യൻ അന്തിക്കാട് പറയുന്നു.