ഒരുകാലത്ത് ഏഷ്യാനെറ്റ് ചാനലിലെ സൂപ്പർഹിറ്റ് പരമ്പരയായിരുന്ന എന്റെ മാനസപുത്രി എന്ന സീരിയലിലൂടെ മലയാളികളുടെ പ്രീയങ്കരിയായി മാറിയ താരമാണ് ശ്രീകല ശശിധരൻ. ടെലിവിഷൻ സീരിയലുകൾക്ക് പുറമെ സിനിമയിലും താരം തിളങ്ങിയിരുന്നു.
എന്റെ മാനസപുത്രിയിൽ സോഫിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടി മലയാളികളുടെ ഇഷ്ടം നേടിയത്. പിന്നീട് നിരവധി സീരിയലുകളിലും സിനിമയിലും വേഷമിട്ട താരം വിവാഹശേഷം പതിയെ അഭിനയ രംഗത്ത് നിന്നും പിന്മാറുകയായിരുന്നു.
ഭർത്താവ് വിപിൻ അവിടെ ഐടി പ്രൊഫഷനലാണ്. ഭർത്താവിനൊപ്പം യുകെയിലേക്ക് താരം ചേക്കേറിയിരുന്നു. കണ്ണുരാണ് ശ്രീകലയുടെയും ഭർത്താവ് വിപിന്റെയും സ്വദേശം. ഇവർക്ക് സംവേദ് എന്നൊരു മകനുണ്ട്.
ഇപ്പോളിതാ അമ്മയെക്കുറിച്ച് തുറന്നുപറയുകയാണ് താരം. ശ്രീകലയുടെ വാക്കുകൾ ഇങ്ങനെ:
പണ്ടൊക്കെ എല്ലാവരും ഡിപ്രഷനെ കുറിച്ച് സംസാരിക്കുമ്പോൾ ഇതത്ര വലിയ കുഴപ്പമാണോ എന്നൊക്കെ ഞാനും വിചാരിച്ചിരുന്നു. അമ്മ പോയ ശേഷം ഞാൻ ആ അവസ്ഥയിലെത്തി. അമ്മ മരിച്ച ശേഷം ഞാനും മോനും തിരുവനന്തപുരത്ത് ഒറ്റയ്ക്കായിരുന്നു. സ്വാമി അയ്യപ്പനിൽ അഭിനയിക്കുന്ന സമയമാണ്.
മാസത്തിൽ കുറച്ചേ വർക്ക് ഉണ്ടാകു. ആ ദിവസങ്ങളിലേക്ക് മാത്രം കണ്ണൂരിൽ നിന്ന് വിപിനേട്ടന്റെ അച്ഛനെയും അമ്മയെയും വിളിച്ച് വരുത്തണം. പ്രായമുള്ള ആളുകളാണല്ലോ, ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി മോനെയും കൊണ്ട് ലൊക്കേഷനിലേക്ക് പോകാൻ തുടങ്ങി. അവന്റെ അവധി ദിവസങ്ങൾ നോക്കി ഡേറ്റ് ക്രമീകരിക്കും.
ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളിൽ മോൻ സ്‌കൂളിൽ പോയി കഴിഞ്ഞാൽ ഞാൻ വീട്ടിൽ ഒറ്റയ്ക്കാണ്. ആ സമയത്തൊക്കെ എന്താ പറയുക, വെറുതേയിരുന്ന് കരയണമെന്ന് തോന്നും. അമ്മയില്ലാതെ ജീവിക്കേണ്ട എന്ന് ചിലപ്പോൾ തോന്നും. അങ്ങനെ കുറേ തോന്നലുകളായിരുന്നു. അമ്മയോട് സംസാരിക്കും പോലെ എനിക്ക് മറ്റാരോടും മനസ് തുറക്കാനാകുമായിരുന്നില്ല.
അത്ര അടുപ്പമായിരുന്നു. അങ്ങനെ ഒരാളാണ് പെട്ടെന്ന് ഇല്ലാതെ ആയത്. എന്റെ ഭാഗം തളർന്നത് പോലെയായിരുന്നു. മോനെയും വിപിനേട്ടനെയും ഓർത്ത് മാത്രമാണ് പിടിച്ച് നിന്നത്. എനിക്കെല്ലാം ഉണ്ട്. പക്ഷേ എന്തോ ഇല്ല എന്നൊരു തോന്നൽ. അത് ആരോടും പറഞ്ഞ് ഫലിപ്പിക്കാനാകുമായിരുന്നില്ല. ഒടുവിൽ വിപിനേട്ടനോട് കാര്യം പറഞ്ഞു.
അങ്ങനെയാണ് ഏറ്റവും പ്രിയപ്പെട്ട അഭിനയം ഉപേക്ഷിച്ച് ഞാൻ ഇങ്ങോട്ട് പോന്നത്. എനിക്കിനി ഒറ്റയ്ക്ക് നിൽക്കാനാകില്ല. ഭർത്താവും മകനും ഒപ്പമുള്ളപ്പോൾ ഞാൻ സന്തോഷവതിയാണ്. അമ്മയാണ് എനിക്കൊപ്പം ലൊക്കേഷനിൽ വന്നിരുന്നത്. മോൻ ജനിച്ച ശേഷം അവന്റെ കാര്യങ്ങൾ നോക്കിയതും അമ്മയാണെന്നും ശ്രീകല പറയുന്നു.
അതേ സമയം മലയാളത്തിൽ കാര്യസ്ഥൻ, എന്നിട്ടും, രാത്രി മഴ, മകന്റെ അച്ഛൻ, ഉറുമി, നാടോടി മന്നൻ, തിങ്കൾ മുതൽ വെളളി വരെ തുടങ്ങിയ സിനിമകളിൽ ശ്രീകല അഭിനയിച്ചിരുന്നു. കൂടാതെ 25ധികം സീരിയലുകളിലും നടി തന്റെ കരിയറിൽ അഭിനയിച്ചു.