ഒരുകാലത്ത് മലയാള സിനിമയിൽ ചെറിയ വേഷങ്ങളിലും സഹനടി വേഷങ്ങളിലും തിളങ്ങി നിന്ന താരമാണ് ബിന്ദു വരാപ്പുഴ. നാടക രംഗത്ത് നിന്നും ബിഗ് സ്‌ക്രീനിലെത്തിയ താരം കൂടിയാണ് എറണാകുളം വരാപ്പുഴ സ്വദേശിനിയായ ബിന്ദു. ഈ പേര് കേൾക്കുമ്പോൾ അതാരാണെന്ന് പലരും ചിന്തിച്ചേക്കാം. എന്നാൽ ഈ താരത്തിന്റെ മുഖം സ്‌ക്രീനിൽ കണ്ടാലറിയാത്തവർ കുറവായിരിക്കും.
നാടകത്തിലൂടെ സിനിമയിലേക്കെത്തിയ ബിന്ദു 1991 ൽ പുറത്തിറങ്ങിയ അഭിമന്യു എന്ന ചിത്രത്തിലാണ് ആദ്യമായി വേഷമിട്ടത്.
ജയറാം, ശോഭന എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ തുളസീദാസ് സംവിധാനം ചെയ്ത മിന്നാമിനുങ്ങിനും മിന്നുകെട്ട് എന്ന സിനിമയിൽ വളരെ കുറച്ച് ഭാഗത്തിലേ ബിന്ദു അഭിനയിച്ചുള്ളൂവെങ്കിലും ആ കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ ഇപ്പോഴുമുണ്ട്.
ചിത്രത്തിലെ ബിന്ദു അവതരിപ്പിച്ച ജഗദീഷ് കൊണ്ടുവരുന്ന നാടക നടിയായ തമ്മനം മറിയ എന്ന കഥാപാത്രം ജയറാമിന്റേയും ശോഭനയുടേയും വിവാഹം മുടക്കാൻ എത്തുന്നതാണ്. മല യാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായെത്തിയ സ്ഫടികം എന്ന ചിത്രത്തിലും ബിന്ദു വരാപ്പുഴയുടെ കഥാപാത്രം മികച്ചതായിരുന്നു.
സിനിമയിലെ വില്ലൻ കഥാപാത്രമായ വികെ ശ്രീരാമൻ അവതരിപ്പിച്ച പൂക്കോയ എന്ന കഥാപാത്രത്തിന്റെ മകൾ മുംതാസ് ആയാണ് നടി എത്തിയത്.മോഹൻലാൽഅവതരിപ്പിച്ച ആടുതോമ എന്ന കഥാപാത്രം മുംതാസിന്റെ കല്ല്യാണം നടത്തുന്നതൊക്കെ സിനിമയിലെ പ്രധാന രംഗങ്ങളായിരുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പിൻഗാമിയിലെ താരത്തിന്റെ വേഷവും ജനശ്രദ്ധ നേടിയിരുന്നു.
ജഗതി ശ്രീകുമാറിന്റെ പ്രണയിനിയായ റുക്കിയ ആയാണ് ബിന്ദു പിൻഗാമിയിൽ എത്തിയത്. ചിത്രത്തിൽ മോഹൻലാലിനും ജഗതി ശ്രീകുമാറിനുമൊപ്പം നിരവധി കോമ്പിനേഷൻ രംഗങ്ങളിൽ നടി എത്തിയിരുന്നു. ദിലീപ് നായകനായി എത്തിയ മാനത്തെ കൊട്ടാരം എന്ന ചിത്രത്തിൽ നായകന്റെ സഹോദരിയായും നടി എത്തി.
ചന്ത എന്ന സിനിമയിലെ റംലയായും കളമശ്ശേരിയിലെ കല്ല്യാണയോഗം ചിത്രത്തിലെ മറിയാമ്മയായും വീണ്ടും ചില വീട്ടുകാര്യങ്ങളിലെ മാധവി എന്ന കഥാപാത്രത്തിന്റെ സഹോദരിയായും ബിന്ദു തിളങ്ങി. കൂടാതെ, ദൈവത്തിന്റെ വികൃതികൾ, വർണ്ണപ്പകിട്ട്, തലസ്ഥാനം, കാവടിയാട്ടം, കൗശലം, ഷെവലിയാർ മൈക്കിൾ, ഭരണകൂടം, സുകൃതം, രാജധാനി, നെപ്പോളിയൻ ദി കിംഗ്, മാനത്തെ കൊട്ടാരം, സ്വപ്ന ലോകത്തെ ബാലഭാസ്‌ക്കരൻ, ഹിറ്റലർ ബ്രദേഴ്സ്, മിമിക്സ് ആക്ഷൻ 500, വൃദ്ധൻമ്മാരെ സൂക്ഷിക്കുക,വാരഫലം, അനുഭൂതി,കിരീടമില്ലാത്ത രാജാക്കന്മാർ തുടങ്ങിയ അനവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
കൂടാതെ , സമയം, വല്ലാർപാടത്തമ്മ, പ്രിയങ്കരി തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു.സൂര്യ ടി വിയിൽ സംപ്രേഷണം ചെയ്ത ഏറെ ചർച്ച ചെയ്യപ്പെട്ട മലയാളി ഹൗസ് എന്ന പരിപാടിയിലും പങ്കെടുത്തു. പരേതനായ രാജൻ ആണ് ഭർത്താവ്, ഹിമ മകളാണ്.
1967 ഏപ്രിൽ 22നാണ് ബിന്ദു വരാപ്പുഴ ജനിച്ചത്. ഒളനാടുള്ള ലിറ്റിൽ ഫ്‌ളവർ സ്‌കൂളിലെ പ്രാഥമിക വിദ്യഭ്യാസത്തിന് ശേഷം സെന്റ് ജോർജ്ജ് ഗേൾസ് സ്‌കൂളിൽ തുടർ പഠനം നടത്തി. ആലുവ സേവ്യഴ്‌സ് കേളേജിൽ നിന്നാണ് ബിരുദം കരസ്ഥമാക്കിയത്. പഠന കാലത്ത് തന്നെ ഭരതനാട്യം അഭ്യസിച്ചിരുന്നു.