മലയാളത്തിന്റെ പ്രിയഗായകനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവർ നായികമാരായി എത്തുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്.
മികച്ച അഭിപ്രായം നേടി വൻവിജത്തിലേക്ക് കുതിക്കുകയാണ് ചിത്രം ഇപ്പോൾ. പ്രണയവും കോളേജ് കാലഘട്ടവും സൗഹൃദവുമെല്ലാം മനോഹരമായി അവതരിപ്പിക്കുന്നുണ്ട് ചിത്രം എന്നാണ് കണ്ടവരുടെ എല്ലാം അഭിപ്രായം. നിരവധി യുവതാരങ്ങളേയും പുതുമുഖങ്ങളേയും വിനീത് ഈചിത്രത്തിൽ അണിനിരത്തിയിരുന്നു. ചിത്രത്തിൽ പ്രണവ് അവതരിപ്പിച്ച അരുണിന്റെ ആത്മാർത്ഥ സുഹൃത്തായ ആന്റണി താടിക്കാരനെ അവതരിപ്പിച്ചത് അശ്വത്ത് ലാൽ ആയിരുന്നു.
തീയേറ്ററിൽ ചിരി പടർത്തിയ ഒരുപാട് രംഗങ്ങളാണ് ആന്റണി താടിക്കാരനിലൂടെ അശ്വത്ത് നൽകിയത്. ഇപ്പോഴിതാ പ്രണവ് മോഹൻലാലിന്റെ വീട്ടിൽ പോയപ്പോഴുണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് അശ്വത്ത്. ബിഹൈൻഡ് വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
പ്രണവിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു അശ്വത്തും മറ്റും അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയത്. വിനീത് ശ്രീനിവാസൻ അടക്കമുള്ളവർ ഒപ്പമുണ്ടായിരുന്നു. ഇതിനിടെയായിരുന്നു രസകരമായ സംഭവമുണ്ടാകുന്നത് അശ്വത് ലാലിന്റെ വാക്കുകൾ ഇങ്ങനെ:
ഞങ്ങളെല്ലാവരും അപ്പുവിന്റെ വീട്ടിൽ അവൻ ക്ഷണിച്ചിട്ട് പോയിരുന്നു. വിനീതേട്ടനൊക്കെ കൂടെയുണ്ടായിരുന്നു. അവിടെ വെച്ച് ലാലേട്ടനെ കണ്ട മൊമെന്റ് ഭയങ്കര രസമായിരുന്നു. അപ്പുവിന്റെ വീടിന്റെ ഹാളിൽ പാട്ട് വച്ച് ഡാൻസ് ചെയ്തു കൊണ്ടിരിക്കുകയാണ്. ഞങ്ങൾക്കറിയാം, ഞങ്ങൾ മോഹൻലാലിന്റെ വീട്ടിലാണെന്ന്.
പക്ഷെ എല്ലാരും ഡാൻസ് കളിക്കുവാ. ആരും മറ്റൊന്നും ശ്രദ്ധിക്കുന്നില്ല. അപ്പോൾ ഒരാൾ ഡോറിന്റെ അടുത്ത് വന്ന് എല്ലാവരുടേയും ഡാൻസ് ഒക്കെ കണ്ട് ചാരി നിക്കുവാണെന്നും അശ്വത്ത് പറയുന്നു. സാക്ഷാൽ മോഹൻലാൽ തന്നെയായിരുന്നു ആ വന്ന് നിന്നത്. എന്നാൽ താനിതൊന്നും അറിഞ്ഞിരുന്നില്ലെന്നും താരം പറയുന്നു. പതുക്കെയാണ് പലരും കണ്ടത്.
ഞാനൊന്നും അറിയുന്നു പോലുമില്ല. അവസാനം പാട്ട് നിർത്തി. അപ്പോൾ ആരാടാ പാട്ട് നിർത്തിയത് എന്ന് പറഞ്ഞ് ഞാൻ തിരിഞ്ഞ് നോക്കി. അപ്പോൾ ലാലേട്ടൻ മുന്നിൽ നിൽക്കുകയാണ് ചിരിച്ചു കൊണ്ട് സൂപ്പർ താരത്തെ കണ്ടതിനെ കുറിച്ച് അശ്വത്ത് പറയുന്നു. നേരത്തെ പ്രണവിനെ ആദ്യമായി കണ്ടതിനെക്കുറിച്ചുള്ള അശ്വത്തിന്റെ വാക്കുകളും ശ്രദ്ധ നേടിയിരുന്നു.
ഷൂട്ടിന്റെ ആദ്യ ദിവസം എന്നെ പ്രണവിന്റെ അടുത്ത് ഇരുത്തി. സംസാരിച്ച് തുടങ്ങാമെന്ന് ഞാൻ വിചാരിച്ചു. ഞാൻ ആദ്യമായിട്ടാ സിനിമ, എനിക്ക് ഇതിന്റെ പരിപാടികൾ ഒന്നും അറിയില്ല. നമ്മൾ തമ്മിൽ ഒരുപാട് സീൻസ് ഉണ്ട്. ഞാൻ ചെയ്യുന്നതിൽ എന്തെങ്കിലും അൺ കംഫർട്ടബിൾ ആയി ഫീൽ ചെയ്യുന്നുണ്ടെങ്കിൽ അപ്പു അതെന്നോട് തുറന്നു പറയണം. ഞാൻ അത് മാറ്റിക്കോളം എന്ന് അപ്പുവിനോട് പറയുകയായിരുന്നുവെന്നും അശ്വത്ത് ഓർക്കുന്നു.
ഇത് പറഞ്ഞു കഴിയുമ്പോൾ അത് കുഴപ്പമില്ലെടാ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ പറയാം എന്നൊരു മറുപടിയാണ് താൻ പ്രതീക്ഷിച്ചിരുന്നത് എന്നാണ് അശ്വത്ത് പറയുന്നത് എന്നാൽ ആ എന്ന് പറഞ്ഞിട്ട് അപ്പു നേരെയിരുന്നു എന്നാണ് അശ്വത്ത് പറയുന്നത്. ഇതോടെ താനും തിരിഞ്ഞിരുന്നുവെന്നും ആ സമയം ഈശ്വരാ എന്തിനിത് പറഞ്ഞു.
ഒന്നും പറയണ്ടായിരുന്നു. വിനീതേട്ടൻ പറയുന്നത് ചെയ്തിട്ട് അങ്ങ് പോയാൽ മതിയാരുന്നു എന്നൊക്കെ താൻ വിചാരിച്ചുവെന്നാണ് അശ്വത്ത് ഓർക്കുന്നത്.എന്നാൽ അപ്പോൾ അപ്പു തന്നെ തോണ്ടിയിട്ട് പറഞ്ഞു എനിക്കും ഈ പരിപാടി വലുതായിട്ട് അറിയത്തില്ല. ഞാൻ ചെയ്യുന്നതിൽ നിനക്കെന്തെങ്കിലും അൺകംഫർട്ട് ആയിട്ട് ഫീൽ ചെയ്യുകയാണെങ്കിൽ എന്നോട് പറയണം.
എന്ന് പറയുകയായയിരുന്നുവെന്നും അശ്വത്ത് ഓർക്കുന്നു. പ്രണവ് അവതരിപ്പിക്കുന്ന അരുൺ നീലകണ്ഠൻ എന്ന യുവാവിന്റെ 17 മുതൽ 30 വയസ് വരെയുള്ള കഥയാണ് ചിത്രം പറയുന്നത്. തുടക്കം മുതൽ തന്നെ പ്രണവിനൊപ്പം അശ്വത്തുണ്ട്. ഇരുവരുടേയും കെമിസ്ട്രിയ്ക്ക് തീയേറ്ററിൽ നിറഞ്ഞ കയ്യടിയായിരുന്നു ലഭിക്കുന്നത്.