മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സജീവ് പാഴൂരിന്റെ പുതിയ തിരക്കഥ ജോഷിക്ക്. മമ്മൂട്ടി നായകനാകുന്ന ഈ സിനിമ 2020ൽ സംഭവിക്കും. ദിലീപിനെ നായകനാക്കി ഒരു സിനിമ എഴുതിക്കൊണ്ടിരിക്കുകയാണ് സജീവ് പാഴൂർ. ജോഷിയും ഒരു ദിലീപ് ചിത്രത്തിന്റെ തിരക്കിലാണ്. ദിലീപ് ചിത്രം കഴിഞ്ഞാൽ മമ്മൂട്ടി നായകനാകുന്ന സിനിമയിലേക്ക് ജോഷി കടക്കും.
പൊറിഞ്ചു മറിയം ജോസിലൂടെ ശക്തമായ ഒരു തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് ജോഷി. മോഹൻലാൽ, മമ്മൂട്ടി, ദിലീപ് എന്നീ താരങ്ങളുടെ ഓപ്പൺ ഡേറ്റുള്ള ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് ജോഷി. ജോഷിയുടെ അടുത്ത ചിത്രത്തിൽ മമ്മൂട്ടി ആണ് നായകൻ.
ഒട്ടേറെ ഹിറ്റുകൾ മലയാള സിനിമാ പ്രേമികൾക്ക് മുന്നിൽ എത്തിച്ച ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സജീവ് പാഴൂർ ആണെന്ന് റിപ്പോർട്ട്. ഔദ്യോഗികമായി സ്ഥിതീകരണം ഒന്നും വന്നിട്ടില്ല എങ്കിലും മമ്മൂട്ടി ജോഷി സജീവ് പാഴൂർ ചിത്രം ഉണ്ടാകും എന്ന് തന്നെയാണ് ഏകദേശ സൂചനകൾ.
ആറ് മാസം മുൻപാണ് സജീവ് പാഴൂർ ജോഷിയോട് കഥ പറയുന്നത്. കഥ ജോഷിക്കിഷ്ടമാവുകയും ചെയ്തു. എന്നാൽ, അടുത്തതായി ജോഷി ചെയ്യുന്നത് ദിലീപിന്റെ ചിത്രമാണ്. മാത്രമല്ല മമ്മൂട്ടിക്ക് മറ്റ് പ്രൊജക്ടുകളുടെ തിരക്കുമുണ്ട്. അതിനാൽ, ദിലീപ് ചിത്രത്തിനു ശേഷമായിരിക്കും ജോഷി മമ്മൂട്ടി പ്രൊജക്ട് തുടങ്ങുക.
നസ്രാണി, ട്വൻറി 20 എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും മമ്മൂട്ടിയും ജോഷിയും ഒരുമിക്കുമ്‌ബോൾ ഒരു ഇൻഡസ്ട്രി ഹിറ്റാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. തങ്ങളുടെ പഴയകാല ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ആവേശം ഒരിക്കൽ കൂടി നല്കാൻ ആയിരിക്കും ഇനി വരാൻ പോകുന്ന പുതിയ ചിത്രത്തിലൂടെ ഈ കൂട്ടുകെട്ട് ശ്രമിക്കുക. മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് സന്തോഷ് വിശ്വനാഥിന്റെ വണിലാണ്.