മാമാങ്കത്തെ തകർക്കാൻ ശ്രമിക്കുന്നു: മുൻ സംവിധായകന് എതിരെ ഡിഐജിക്ക് പരാതി

38

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തെ തകർക്കാൻ മുൻ സംവിധായകൻ സജീവ് പിള്ള ശ്രമിക്കുന്നുവെന്ന് പരാതി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആന്റണി ജോസഫാണ് തിരുവനന്തപുരം റേഞ്ച് ഡിഐജി കെ സഞ്ജയ് കുമാർ ഗുരുദീന് പരാതി നൽകിയത്.

Advertisements

ഡിസംബറിൽ റിലീസ് നിശ്ചയിച്ച മമ്മൂട്ടി ചിത്രമായ മാമാങ്കം തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്നാണ് ആരോപണം. മാമാങ്കത്തിന്റെ മുൻ സംവിധായകൻ സജീവ് പിള്ളയുടെ പേരെടുത്ത് പറഞ്ഞാണ് പരാതി.

സജീവ് പിള്ളയുടെ മോശം സംവിധാനത്തെ തുടർന്ന് പതിമൂന്ന് കോടിയിൽപരം രൂപയുടെ നഷ്ടം ഉണ്ടായാതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിന്നീട് 21.75ലക്ഷം രൂപ നൽകി സജീവിനെ ചിത്രത്തിൽനിന്ന് ഒഴിവാക്കുകയായിരുന്നു. ഇതിനുശേഷം സിനിമയെ തകർക്കാൻ നവമാധ്യമങ്ങളിൽ അടക്കം സജീവും മറ്റു ചിലരും ബോധപൂർവം ശ്രമിക്കുന്നുവെന്നാണ് പരാതി.

ഇതിന് ആധാരമായ തെളിവുകളും പരാതിക്കാരൻ ഡിഐജിക്ക് കൈമാറി. മമ്മൂട്ടി നായകനായി അണിയറയിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. എം പത്മകുമാർ ആണ് സംവിധാനം. തിരുനാവായ മണപ്പുറത്ത് സാമൂതിരിയുടെ പടയാളികളും വള്ളുവക്കോനാതിരിയുടെ ചാവേറുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിന്റെ കഥ പറയുന്ന ചിത്രമാണ് മാമാങ്കം. കേരളത്തിൽ നാന്നൂറ് തീയേറ്ററുകളിലാണ് പടം റിലീസ് ചെയ്യുന്നത്.

Advertisement