എനിക്കൊരു പേര് വീണു, കോപ്പിസുന്ദർ; തനിക്ക് ആ പേര് വീഴാനുള്ള സാഹചര്യം ആദ്യമായി വെളിപ്പെടുത്തി ഗോപീസുന്ദർ

26

കോപ്പിസുന്ദർ എന്ന പേര് തനിക്ക് വീണതിനു പിന്നിലെ സാഹചര്യം വെളിപ്പെടുത്തി സംഗീത സംവിധായകൻ ഗോപീസുന്ദർ. ഇന്നത്തെ കാലത്ത് സംഗീത സംവിധായകർക്ക് ആവിഷ്‌കാര സ്വാതന്ത്ര്യം ഇല്ലെന്നും ‘അതുപോലൊരു പാട്ട്’ വേണമെന്ന ആവശ്യമാണു തങ്ങൾക്കു മുന്നിൽ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സീ കേരളം ചാനലിലെ സരിഗമപ എന്ന റിയാലിറ്റി ഷോയിലെ ജഡ്ജിങ് പാനലിലിരിക്കെയാണ് ഗോപീസുന്ദർ ഇക്കാര്യം പറഞ്ഞത്. യേശുദാസ് പാടിയ ‘ഏഴു സ്വരങ്ങളും തഴുകിവരും’ എന്ന ഗാനം പോലൊരൊണ്ണം ഇക്കാലത്തു വരാത്തത് എന്തുകൊണ്ടാണെന്ന അവതാരകൻ ജീവയുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം. തനിക്ക് തന്റേതായ രീതിയിലേ ചെയ്യാൻ പറ്റൂവെന്ന് ശാഠ്യം പിടിച്ചാൽ ഈച്ചയെ ആട്ടി വീട്ടിലിരിക്കേണ്ടി വരുമെന്നും ജനങ്ങൾക്കു പുറത്തിരുന്നു പറയാൻ എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisements

ഗോപീസുന്ദറിന്റെ വാക്കുകൾ ഇങ്ങനെ

‘ഇന്നത്തെ കാലഘട്ടത്തിൽ ഒരു സംഗീത സംവിധായകന് അത്രയും ആവിഷ്‌കാര സ്വാതന്ത്ര്യം കിട്ടുന്നുണ്ടോ എന്നു ചോദിച്ചാൽ ഇല്ലെന്നു പറയേണ്ടിവരും. ഇപ്പോളൊരുപാട് പേർക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ട്. അവരുടെയെല്ലാം അഭിപ്രായം കേൾക്കേണ്ട അവസ്ഥയിൽ ഇരിക്കുകയാണ് ഓരോ ക്രിയേറ്റേഴ്സും.
മ്യൂസിക് ഡയറക്ടർ എന്ന വാക്കിൽ മ്യൂസിക്കും ഉണ്ട് ഡയറക്ഷനുമുണ്ട്. ഡയറക്ഷൻ എന്ന ജോലി ഒരുപാട് പ്രധാനപ്പെട്ടതാണ്. നമുക്ക് അറിയുന്ന സംഗീതത്തെ ഒരു സ്‌ക്രിപ്റ്റിന്റെ ചട്ടക്കൂടിലേക്ക് ദിശ ചലിപ്പിച്ചുവിടുന്ന കപ്പിത്താനാണ് മ്യൂസിക് ഡയറക്ടർ.

ദിശയില്ലാതെ ഇങ്ങനെ വെറുതെ കമ്പോസിഷൻ ചെയ്തുകൊണ്ടിരുന്നാൽ അതിനെ ഡയറക്ഷൻ എന്നല്ല പറയുക. അതിനെ മ്യൂസിഷന്റെ പെർഫോമൻസ് എന്നാണു പറയുക. ഇപ്പോഴത്തെ കാലത്ത് എല്ലാവരും കപ്പിത്താന്മാരാണ്.
നിർമാതാവുണ്ടാകും. നിർമാതാവിന്റെ വീട്ടുകാരുണ്ടാകും. അടുത്ത വീട്ടിലെ ചേട്ടനുണ്ടാകും. എല്ലാവരും കേൾക്കും പാട്ട്. ഒരു പാട്ടുണ്ടാക്കുമ്പോൾ അന്നത്തെ കാലത്ത് ഒരു നിർമാതാവിന് സ്റ്റുഡിയോയ്ക്കകത്ത് പ്രവേശനത്തിനു പോലും നിയന്ത്രണമുണ്ടായിരുന്നു.കാരണം, മ്യൂസിക്, മ്യൂസിഷൻ, മ്യൂസിക് ഡയറക്ടർ. അതുമാത്രമായിരുന്നു സ്റ്റുഡിയോയ്ക്കുള്ളിൽ ഉണ്ടായിരുന്നത്. അതിനു ശേഷമേയുള്ളൂ ബാക്കിയെല്ലാവരും. ആ ഒരു അതോറിറ്റി സംഗീത സംവിധായകർക്കേ ഉള്ളൂ.

ആ മ്യൂസിക് ഡയറക്ടർ എന്ന വാക്കിന് ഒരുപാട് പ്രാധാന്യമുണ്ട്. നമുക്ക് ശബ്ദമില്ല, നമുക്ക് മാർക്കറ്റില്ല, അങ്ങനൊരു അവസ്ഥയിലിരിക്കുകയാണ്. അവിടെയിരുന്ന് നമ്മളോരോ കമ്പോസിഷൻസ് കൊണ്ടുവന്നാൽ ഇതൊന്ന് റിലീസ് ആയിരുന്നാൽ മതിയായിരുന്നു ഈശ്വരാ, ഈ ട്യൂണൊന്ന് അംഗീകരിച്ചാൽ മതിയായിരുന്നു ഈശ്വരാ, അങ്ങനെയൊരു അവസ്ഥയിലാണു നമ്മളെല്ലാം കമ്പോസ് ചെയ്തുകൊണ്ടിരിക്കുന്നത്. ഒരാൾ അംഗീകരിച്ചതുകൊണ്ടുമാത്രം എനിക്കൊരു ന്യായമുണ്ട്, എന്നിൽക്കൂടി വരുന്ന മ്യൂസിക്കാണ്, അതിനെ ഞാൻ ഡയറക്ട് ചെയ്യണം, ആ സ്‌ക്രിപ്റ്റിനോട് ഞാൻ നീതി പുലർത്തുന്ന രീതിയിൽ എനിക്കെന്റെ മനസ്സാക്ഷിയോട് നീതി പുലർത്തണം എന്ന് എന്നോടുതന്നെ ചോദ്യം ചോദിച്ച് ഞാൻ തന്നെ ഉത്തരം കണ്ടെത്തുന്നിടത്താണ് ഒരു യഥാർഥ കലാകാരൻ ജനിക്കുന്നതും ജീവിക്കുന്നതും.

ഇതെല്ലാം കഴിഞ്ഞാണ്, ഒരുപാട് കടമ്പകൾ കഴിഞ്ഞിട്ടാണ് മാന്യമഹാജനങ്ങളേ ഈ സംഗീതം നിങ്ങൾ കേൾക്കുന്ന ഒരവസ്ഥയിലേക്കെത്തുന്നത്. അന്നത്തെ കാലത്ത് കമ്പോസേഴ്സിന് അവരുടേതായ വിലയുണ്ടായിരുന്നു.
കാരണം, അന്ന് വിരലിലെണ്ണിപ്പറയാവുന്ന കമ്പോസേഴ്സേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ പേരു പറയുമ്പോൾ മാറിപ്പോവും. അന്ന് നാല് പേരെ ഉള്ളൂവെങ്കിൽ ആ നാല് പേർക്കേ സിനിമയുള്ളൂ. ഇന്ന് നാൽപ്പതിനായിരം-അമ്പതിനായിരം കമ്പോസേഴ്സുണ്ട് കേരളത്തിൽ. കേരളം പോലൊരു കൊച്ചുസ്ഥലത്ത് അത്രയും പേരെഴുതാൻ പറഞ്ഞാൽ എഴുതാൻ പറ്റും. അത്രയും പേരുടെ ഇടയിൽ നിന്നുകൊണ്ട് ഒരു അവിഞ്ഞ പരുവത്തിൽ പോയിക്കൊണ്ടിരിക്കുകയാണ്.

അന്നത്തെ കാലത്തെ സംഗീതസംവിധായകർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. അവർ പറയുന്ന വാക്കുകൾക്ക് വിലയുണ്ടായിരുന്നു. അപ്പോൾ അവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ ആരും തലയിടാൻ വരില്ലായിരുന്നു. അതുകൊണ്ടാണ് അതുപോലുള്ള മഹത്തരമായ കമ്പോസിങ് വരുന്നത്. ഇന്ന് ഞങ്ങളെപ്പോലുള്ളവർ അതിനു ശ്രമിക്കുമ്പോൾ അടിച്ചുതള്ളപ്പെടുകയാണ്. ഇത് ശരിയാവില്ല, മറ്റൊരു പാട്ട് കേട്ടില്ലേ, അതുപോലൊരു പാട്ട് ചെയ്യ്. അതുപോലൊരു പാട്ട്, ഇതുപോലൊരു പാട്ട്, ഏതെങ്കിലും പോലൊരു പാട്ട് ഉണ്ടാക്കാനേ പറയുകയുള്ളൂ.

അന്നത്തെ കാലത്ത് രവീന്ദ്രൻ മാഷിന്റെയൊക്കെ അടുത്ത് പറഞ്ഞതുമാത്രമേ ഓർമ കാണൂ. അതുപോലൊരു പാട്ട് വേണമെന്നു പറഞ്ഞാൽ അതേ വഴിക്കു പൊയ്ക്കോളാൻ പറയും. ഇന്നു ഞങ്ങളെപ്പോലുള്ളവർക്ക് അതുപറയാൻ കഴിയില്ല. കാരണം, പെരുപ്പം കൂടി. അതുകൊണ്ട് നമുക്കത് പറയാൻ പറ്റില്ല അപ്പോൾ അതുപോലൊരു പാട്ട് വേണമെന്നു പറയും, ഇതുപോലൊരു പാട്ട് വേണമെന്നു പറയും. അപ്പോ നമ്മൾ ഓകെ സാർ അതു ഞാൻ ചെയ്തുതരാം. അപ്പോൾ അതുപോലൊരു പാട്ട് ചെയ്തുകൊടുക്കുമ്പോൾ അത് അതുപോലെ വന്നില്ല എന്നുപറയും. ഒരു സന്ദർഭത്തിനു വേണ്ടി 40 ട്യൂൺ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. പക്ഷേ ആ സമയത്ത് അതുപോലെ വന്നില്ല എന്ന കാരണം കൊണ്ട് അതു മാറ്റപ്പെടുകയാണ്.

അങ്ങനെ അതുപോലെ വരാതെ വരാതെ അതുതന്നെ ചെയ്ത സമയത്ത് എല്ലാവരും കൈയ്യടിച്ചു. സൂപ്പർ, അടിപൊളി പാട്ട്, എനിക്കൊരു പേര് വീണു, കോപ്പിസുന്ദർ. This is what is happening right now. ഞങ്ങളുടെ ആരുടെയും തെറ്റല്ല. അതുകൊണ്ടാണ് ഇങ്ങനെയുള്ള പാട്ടുകൾ ജനിക്കാതെ പോകുന്നത്.പിന്നെ ശാഠ്യം പിടിക്കാം, ഒരു കലാകാരനെന്ന പേരിൽ, ആർക്കും വ്യക്തിസ്വാതന്ത്ര്യമുണ്ടല്ലോ. ഇല്ല, ഞാൻ ചെയ്യുന്നില്ല, എനിക്ക് എന്റേതായ രീതിയിലേ ചെയ്യാൻ പറ്റുകയുള്ളൂ. ഈച്ചയെ ആട്ടി വീട്ടിലിരിക്കേണ്ടി വരും.

ജനങ്ങൾക്ക് ഇതു കേൾക്കുമ്പോൾ പുറത്തിരുന്നു പറയാൻ എളുപ്പമാണ്. അന്നത്തെ കാലത്ത് എന്തൊക്കെ സംഭവിച്ചു, വാഹ് വാഹ്, ഓൾഡ് ഈസ് ഗോൾഡ്. ശരിയാണ് ഓൾഡ് ഈസ് ഗോൾഡ്. പക്ഷേ എല്ലാം പഴയതാകുമല്ലോ, അങ്ങനെ വരുമ്പോൾ ഈ പഴയതൊക്കെ നന്നാവുമോ എന്ന ചോദ്യം എനിക്കുണ്ട്.’- ഗോപീസുന്ദർ പറഞ്ഞു.

Advertisement