2003 ൽ ഒരു തെലുങ്ക് ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തി പിന്നീട് തെന്നിന്ത്യൻ ഭാഷകളിലെ സൂപ്പർനടിയായി മാറിയ താരമാണ് പ്രിയാ മണി. സിനിമയിലെത്തുന്നത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച് തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് പ്രിയാമണി.
തെന്നിന്ത്യയിലെ നാല് ഭാഷകളിലും തിളങ്ങിയ നടിക്ക് ആരാധകരും ഏറെയാണ്. അഭിനയപ്രാധാന്യമുളള വേഷങ്ങൾക്ക് ഒപ്പം ഗ്ലാമർ റോളുകളിലും നടി തിളങ്ങി. സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി എത്തിയ പ്രിയ ഇപ്പോഴും അഭിന യരംഗത്ത് സജീവമാണ്.
2003ൽ എവരെ അടഗാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പ്രിയാമണി സിനിമയിൽ എത്തുന്നത്. അരങ്ങേറ്റ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീടുളള അഞ്ച് വർഷങ്ങളിൽ ആറ് സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയായി നടി മാറി. പരുത്തിവീരൻ എന്ന ചിത്രത്തിലെ മുത്തഴഗി എന്ന കഥാപാത്രമാണ് പ്രിയാമണിയുടെ കരിയറിൽ വലിയ വഴിത്തിരിവായത്. പരുത്തീവീരനിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം നടിക്ക് ലഭിച്ചു.
വിനയൻ സംവിധാനം ചെയ്ത സത്യം ആയിരുന്നു പ്രിയാമണിയുടെആദ്യ മലയാള ചിത്രം. പിന്നീട് താരരാജാക്കൻമാരായ മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരുടെയെല്ലാം നായികയായി പ്രിയാമണി അഭിനയിച്ചു. റിയാലിറ്റ ഷോകളിലെ സജീവ സാന്നിധ്യമായ പ്രിയാണി ഇപ്പോൾ വെബ് സിരിസുകളിലും തിളങ്ങുകയാണ്. അതേ സമയം 2017ലാണ് കാമുകൻ മുസ്തഫ രാജുമായുളള നടിയുടെ വിവാഹം കഴിഞ്ഞത്. 2016ലാണ് ഇവരുടെ എൻഗേജ്മെന്റ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു അത്.
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇവരുടെ വിവാഹം. പ്രിയാ മണിക്കൊപ്പം ഒരുമിച്ച് ഷോകളിൽ പങ്കെടുത്ത ശേഷമാണ് മുസ്തഫയെ കുറിച്ച് എല്ലാവരും അറിയുന്നത്. ഇരുവരും ഒരുമിച്ചുളള ചിത്രങ്ങളും വീഡിയോസുമെല്ലാം മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നിരവധി ഷോകളിലും അഭിമുഖങ്ങളിലുമെല്ലാം പ്രിയാമണിക്കൊപ്പം മുസ്തഫ എത്തി.
നടിയുടെ കരിയറിന് വലിയ പിന്തുണയാണ് മുസ്തഫ ഇപ്പോഴും നൽകുന്നത്. ഹൈദരാബാദിലെ ഒരു ടെലിവിഷൻ പരിപാടിക്കിടെ ആണ് മുസ്തഫ രാജ് എന്ന ഇവന്റ് മാനേജർ പ്രിയാമണിയെ ആദ്യമായി നേരിൽ കാണുന്നത്. അമ്മയ്ക്കൊപ്പമുളള ആ പെൺകുട്ടി ആരാണെന്ന് അന്ന് മുസ്തഫ തിരക്കി. വലിയ നടിയാണെന്ന് അറിഞ്ഞതോടെ വിട്ടു.
എന്നാൽ പിന്നീട് സിസിഎൽ ടൂർണമെന്റിനിടെ പ്രിയാമണി മുസ്തഫയെ പരിചയപ്പെട്ടു. സിസിഎല്ലിന്റെ ഇവന്റ് മാനേജറായിരുന്നു മുസ്തഫ. പാർട്ടികളിൽ സ്ഥിരമായി കണ്ട് ഇരുവരും സൗഹൃദത്തിലായി. എന്നാൽ അന്നൊന്നും പ്രണയത്തിലാവുമെന്ന് രണ്ടുപേരും കരുതിയില്ല. പിന്നീട് മുസ്തഫയോട് കടുത്ത പ്രണയം തോന്നിയ പ്രിയാമണി തന്റെ അച്ഛനോട് ആണ് ആദ്യം ഇക്കാര്യം പറഞ്ഞത്.
മുസ്തഫയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പിതാവിനോട് പറഞ്ഞു. എന്നാൽ അപ്പോഴും സൗഹൃദം പ്രണയമായി കാണതെ മുന്നോട്ടുപോയ മുസ്തഫയെ പ്രിയ തന്നെയാണ് ആദ്യം പ്രൊപ്പോസ് ചെയ്യുന്നത്. മുംബൈയിലെ ഒരു ഹോട്ടലിൽ ഡിന്നറിനായി മുസ്തഫയെ ക്ഷണിച്ചു. അന്നത്തെ കാൻഡിൽ ലൈറ്റ് ഡിന്നറിനിടെ തന്റെ പ്രണയം സത്യമാണെന്നും അത്രയേറെ താൻ മുസ്തഫയെ സ്നേഹിക്കുന്നുണ്ടെന്നും പ്രിയ പറഞ്ഞു.
മുസ്തഫയ്ക്ക് ഇനി എന്തു വേണമെങ്കിലും തീരുമാനിക്കാം എന്നും പറഞ്ഞ് പ്രിയാമണി അന്ന് ഇമോഷണലായി. അതോടെ മുസ്തഫയ്ക്ക് പ്രിയയുടെ പ്രണയം സത്യമാണെന്ന് വിശ്വാസമായി. പിന്നാലെ വിഷയം മതമായിരുന്നു. ബ്രാഹ്‌മിൺ മുസ്ലീം വിവാഹം എന്ന വലിയ വിവാദങ്ങൾക്ക് ഇടയാകാതെ 2017 ഓഗസ്റ്റിൽ ഇരുവരും രജിസ്റ്റർ മാര്യേജ് ചെയ്തു. ഒരു മതവിഭാഗത്തെയും വ്രണപ്പെടുത്താതെയുളള ലളിതമായ ചടങ്ങാണ് നടന്നത്.
നമ്മളെ മനസിലാക്കുന്ന ഒരാൾ ഉളളപ്പോൾ അനാവശ്യമായ ഡ്രാമയൊന്നുമില്ലാതെ നമ്മൾക്ക് നമ്മളായി തന്നെ ഇരിക്കാൻ കഴിയും. അങ്ങനെ ഒരാളെ ജീവിത പങ്കാളി ആക്കണമെന്നാണ് താൻ ആഗ്രഹിച്ചതെന്ന് പ്രിയാമണി മുൻപ് പറഞ്ഞിട്ടുണ്ട്. പിന്നീട് ഡിഫോർ ഡാൻസ് ഗ്രാൻഡ് ഫിനാലെയിൽ ഇവരുടെ പ്രണയ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായിരുന്നു. അന്ന് പ്രിയാമണിക്ക് സർപ്രൈസ് നൽകിയാണ് മുസ്തഫ എത്തിയത്.