ടോളിവുഡിലും ബോളിവുഡിലും മാത്രമല്ല തെന്നിന്ത്യയിൽ ആകെ ഹിറ്റുസിനിമകൾ ഒരിക്കിയിട്ടുള്ള മണിരത്‌നം ഇന്ത്യൻ സിനിമയിലെ പകരം വെയ്ക്കാനില്ലാത്ത സംവിധായകരിൽ ഒരാളാണ്. സൂപ്പർതാരങ്ങളേയും പുതുമുഖങ്ങളേയും ഒക്കെ നായകൻമാരാക്കി മണിരത്‌നം ഒരുക്കിയ സിനിമകൾ എല്ലം സൂപ്പർ ഹിറ്റുകളായിരുന്നു.
മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും, പൃഥ്വിരാജും എല്ലാം അദ്ദേഹത്തിന്റെ ഹിറ്റുസിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിലും മണിരത്‌നത്തിന് ഒപ്പം ഒന്നിക്കുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്.
മണിരത്‌നം ഉടൻ ഒരു വെബ് സീരീസ് ഒരുക്കാൻ പോകുന്നു എന്ന വാർത്തകൾ പുറത്തുവന്നിട്ട് കുറച്ചു ദിവസങ്ങളായി. വലിയ താരനിരയെ അണിനിരത്തിയാണ് മണിരത്‌നം സീരീസ് ഒരുക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഫഹദ് ഫാസിലിന് ഒപ്പം തമിഴ് നടൻ സൂര്യയും സീരീസിന്റെ ഭാഗമാകുന്നുണ്ടെന്നാണ് വിവരം.
നവരസ എന്ന് പേരുനൽകിയിരിക്കുന്ന വെബ് സീരീസ് മലയാളം, തമിഴ്, കന്നഡ, തെലുഗു എന്നിങ്ങനെ 4 ഭാഷകളിലായി പുറത്തിറങ്ങും. 9 എപ്പിസോഡുകളാണ് സീരീസിനുള്ളത്. മറ്റു പ്രശസ്ത സംവിധായകരായ ബിജോയ് നമ്പ്യാർ, കാർത്തിക് നരേൻ, ഗൗതം മേനോൻ എന്നിവരും ഇതിന്റെ ഭാഗമാണ്.
നടൻ അരവിന്ദ് സ്വാമിയും സിദ്ധാർഥും സീരീസിൽ ചേരുമെന്നും റിപ്പോർട്ടുകളുണ്ട്. തമിഴ് നടൻ സൂര്യയും വെബ് സീരീസിൽ എത്തുന്നുണ്ട്. ഇതോടെ നടൻ ഫഹദ് ഫാസിലും വെബ് സീരീസിലേക്ക് ചുവടുവെയ്ക്കുകയാണ്. 180 ഫെയിം ജയേന്ദ്ര പഞ്ചപകേശനാണ് ഈ ഭാഗം സംവിധാനം ചെയ്യുന്നത്.
ലോക്ഡൗണിനു ശേഷമാകും സീരീസിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. നവരസങ്ങളെ അടിസ്ഥാനമാക്കിയാണ് വെബ് സീരീസ് ഒരുക്കുന്നത്. അതേ സമയം മണിരത്‌നത്തിന്റെ ഡ്രീം പ്രൊജക്റ്റായ പൊന്നിയൻ ശെൽവൻ ലോക്ഡൗൺ മൂലം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. തെന്നിന്ത്യയിലെ ഒട്ടുമിക്ക യുവ സൂപ്പർ താരങ്ങളും പൊന്നിയൻ ശെൽവനിൽ വേഷമിടുന്നുണ്ട്.