നൽപ്പത് വർഷത്തിലേറെയാി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഇന്ത്യൻ സിനിമാ ലോകത്തെയാകെ അഭിനയത്തികവ് കൊണ്ട് അദ്ദേഹം അമ്പരപ്പിച്ചിട്ടുണ്ട്.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഒരു പ്രധാന ചിത്രമായിരുന്നു 1989ൽ പുറത്തിറങ്ങിയ ‘ചരിത്രം’. വലിയ വിജയം നേടിയതിന്റെ പേരിലല്ല, വ്യത്യസ്തമായ ഒരു കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചതിൻറെ പേരിലാണ് ആ സിനിമ ശ്രദ്ധിക്കപ്പെടുന്നത്.
ചരിത്രം സംവിധാനം ചെയ്തത് ജിഎസ് വിജയനായിരുന്നു. ഫിലിപ്പ് മണവാളൻ എന്ന ഫിനാൻസിംഗ് കമ്പനി ഉടമയായാണ് മമ്മൂട്ടി അഭിനയിച്ചത്. ഫിലിപ്പിന്റെ അനുജൻ രാജു(റഹ്മാൻ)വിന്റെ മരണവും തുടർന്നുള്ള സംഭവവികാസങ്ങളുമായിരുന്നു ആ സിനിമയുടെ പ്രമേയം.
ശോഭനയായിരുന്നു നായിക. റഹ്മാന്റെ കഥാപാത്രം ഉണർത്തുന്ന ക്യൂരിയോസിറ്റിയായിരുന്നു ചിത്രത്തിന്റെ ആകർഷണഘടകം. മമ്മൂട്ടി ഒരേസമയം നായകനും വില്ലനുമായി എന്നത് വലിയ പ്രത്യേകതയും. 1958ൽ പുറത്തിറങ്ങിയ ഹോളിവുഡ് ത്രില്ലർ ‘ചെയ്‌സ് എ ക്രൂക്കഡ് ഷാഡോ’യിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് എസ് എൻ സ്വാമി ചരിത്രം രചിച്ചത്.
എം ജി രാധാകൃഷ്ണനും രാജാമണിയും ചേർന്നാണ് ചരിത്രത്തിന് സംഗീതം നിർവഹിച്ചത്. ജി എസ് വിജയൻറെ ആദ്യ സംവിധാന സംരംഭമായിരുന്നു ചരിത്രം.