ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഏറെ ആരാധകരുള്ള താരമാണ് നടി സാധിക വേണുഗോപാൽ. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് നടി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.
ചെറുതും വലുതുമായ വേഷങ്ങളിൽ എത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരം മോഡൽ രംഗത്തും അവതാരിക എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് അത്ര പരിചിത അല്ലാതിരുന്ന സാധിക പട്ടുസാരി എന്ന ഒറ്റ പരമ്പര കൊണ്ട് പ്രേക്ഷരുടെ ഹൃദയം കീഴടക്കുകയായിരുന്നു.
സീരിയലിൽ മാത്രമല്ല സിനിമയിലും സാധിക അഭിനയിച്ചിട്ടുണ്ട്. ഓർക്കുട്ട് ഒരു ഓർമക്കൂട്ട്, കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയവയാണ് സാധിക അഭിനയിച്ച ചിത്രങ്ങൾ. ഹ്രസ്വചിത്രങ്ങളിലും സജീവമാണ് നടി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചായാകുന്ന മിനിസ്ക്രീൻ താരം കൂടിയാണ് സാധിക.
സ്റ്റാർ മാജിക് എന്ന പരിപാടിയിലെ സ്ഥിരം അംഗങ്ങളിൽ ഒരാളുമാണ് താരം. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. പലപ്പോഴും ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സാധിക സോഷ്യൽ മീഡിയകളിൽ ചർച്ചയാകുറുണ്ട്. ഗ്ലാമറസ് വേഷം ധരിക്കുന്നതിന്റെ പേരിൽ ഏറെ വിമർശനങ്ങൾ സാധിക വേണുഗോപാൽ നേരിടാറുണ്ട്.
പലപ്പോഴും തനിക്കെതിരെ മോശം കമന്റിടുന്നവർക്ക് ചുട്ടമറുപടി കൊടുത്ത് സാധിക വാർത്തകളിൽ നിറയാറുണ്ട്. ആഴ്ചകൾക്ക് മുൻപാണ് തന്റെ വിവാഹബന്ധം വേർപിരിയാനുള്ള കാരണത്തെ കുറിച്ച് നടി തുറന്ന് പറഞ്ഞത്. ഒത്തുപോകാൻ കഴിയാത്ത ഒരു ബന്ധം.
അത് എന്ത് തന്നെയായാലും എറ്റവും ഭംഗിയിൽ നിൽക്കുമ്പോൾ കട്ട് ചെയ്യുകയാണ് വേണ്ടത്. അല്ലാതെ വീണ്ടും വഷളാക്കി കൊണ്ടു പോയാൽ പരസ്പരം ശത്രുക്കളായി മാറും. അങ്ങനെ ചെയ്യുന്നതിനോട് താൽപര്യം ഇല്ലാത്തതിനാൽ വിവാഹ മോചനം ആവശ്യപ്പെട്ടു എന്നായിരുന്നു അന്ന് സാധിക പറഞ്ഞത്. ഇപ്പോഴിതാ കല്യാണം കഴിക്കുന്ന ആളിന്റെ മാനസിക അവസ്ഥ നോക്കി വേണം വിവാഹം കഴിക്കാനെന്ന് പറയുകയാണ് നടി.
സ്ത്രീധനത്തിന്റെ പേരിൽ വിസ്മയ എന്ന പെൺകുട്ടി ജീവിതം അവസാനിപ്പിച്ച വിഷയത്തിൽ പ്രതികരിക്കുക ആയിരുന്നു. കല്യാണം ഒരു തെറ്റല്ല പക്ഷെ ആ കല്യാണം തെറ്റാണെന്നു തിരിച്ചറിയുമ്പോൾ അതിൽ നിന്നും പിന്മാറുന്നതിനു സമൂഹത്തെ പേടിക്കേണ്ട അവസ്ഥ ആണ് പരിതാപകരം.
ആണിനായാലും പെണ്ണിനായാലും ഒന്നിച്ചു പോകാൻ കഴിയുന്നില്ലെങ്കിൽ പിരിയുന്നത് തന്നെ ആണ് പരിഹാരം. കല്യാണം കഴിക്കാഞ്ഞാൽ കുറ്റം, കഴിച്ചിട്ട് കുട്ടികൾ ഇല്ലാഞ്ഞാൽ തെറ്റ്, വിവാഹ മോചനം അവിവേകം, മരണം അനിവാര്യം. വിവാഹപ്രായം ആയി എന്താണ് കെട്ടാത്തത് എന്ന് ചോദിക്കാൻ നിൽക്കുന്നവരെ ഒന്നും ജീവിക്കുമ്പോൾ കാണാൻ കിട്ടാറില്ല.
നാട്ടുകാരെ പേടിച്ച് സ്വന്തം മക്കളുടെ ആരാച്ചാർ ആകുന്ന അവസ്ഥ എത്ര ശോചനീയം ആണ്? ഒരു പരിചയവും ഇല്ലാത്ത രണ്ടുപേരെ തമ്മിൽ കൂട്ടി ചേർക്കാൻ 30 മിനിറ്റ് മതി. വർഷങ്ങളായി പരിചയമുള്ള ആ ജീവിതം മതിയെന്ന് തീരുമാനിച്ചവർക്ക് പിരിയാൻ വർഷങ്ങളും മറ്റു നൂലാമാലകളും. കണക്ക് പറഞ്ഞു എണ്ണി വാങ്ങുന്ന കാശും സ്വർണ്ണവും, കണക്കിൽ വ്യത്യാസം വന്നാൽ ജീവിതം ദുസ്സഹം തീരാ വ്യഥകളും ഗാർഹിക പീഡനവും വേറെ.
വിഷമം പറയാൻ സ്വന്തം വീട്ടിലെത്തിയാൽ ബാലേഭേഷ്, പെണ്ണ് സഹിക്കാൻ ആയി ജനിച്ചവളാണ്. ഇതൊക്കെ ജീവിതത്തിന്റെ ഭാഗം ആണ്. ഇതൊക്കെ പുറത്തറിഞ്ഞാൽ നമുക്ക് നാണക്കേടല്ലേ സമൂഹം എന്ത് കരുതും കുടുംബക്കാർ എന്ത് വിചാരിക്കും അച്ഛനെ ഓർത്തു ഇതൊക്കെ മറന്നേക്കൂ അമ്മ അനുഭവിച്ചത് ഇതിനേക്കാൾ അപ്പുറം ആണ് ഇതൊക്കെ ചെറുത് നിസാരം എന്നൊക്കെ പറഞ്ഞു സ്വന്തം ആയി ഈ ലോകത്തു ആരും ഇല്ല എന്ന തിരിച്ചറിവും കിട്ടി ബോധിച്ചു സന്തോഷിച്ചു തിരിച്ചു വന്ന വഴിക്കു പോകാം.
എന്നിട്ട് അവസാനം സഹികെട്ടു ജീവൻ അവസാനിക്കുമ്പോൾ ഒരായിരം ആളുകൾ ഉണ്ടാകും സഹതാപ തരംഗവുമായി. ഇത്രയ്ക്കു വേദനിച്ചുന്നു ഞങ്ങൾ അറിഞ്ഞില്ല, ഞങ്ങളോടൊന്നും പറഞ്ഞില്ല, എന്തിനു ഇങ്ങനൊക്കെ ചെയ്തു. പ്രഹസനത്തിന്റെ മൂർഥനയാവസ്ഥ കല്യാണത്തിന് പ്രായം അല്ല നോക്കേണ്ടത് കല്യാണം കഴിക്കുന്ന ആളിന്റെ മാനസിക അവസ്ഥ ആണ്.
ഇവിടെ പലരും കല്യാണം കഴിക്കുന്നത് മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും സമൂഹത്തിനും വേണ്ടി ആണ്. പഠിക്കുന്നവർ പഠിച്ചോട്ടെ, ജോലി ചെയ്യുന്നവർ അത് ചെയ്തോട്ടെ. കല്യാണം അല്ല ജീവിതത്തിലെ മഹത്തായ കാര്യം ജീവനോടെ അഭിമാനത്തോടെ ജീവിക്കുന്നത് തന്നെ ആണ്. അവർക്കു കല്യാണം കഴിക്കാൻ തോന്നുമ്പോൾ അവരായിട്ട് പറഞ്ഞോട്ടെ, ജീവിതം ജീവിച്ചു കഴിഞ്ഞ ആളുകളെന്തിനു ജീവിതം തുടങ്ങുന്നവരുടെ ജീവിക്കാൻ ഉള്ള അവകാശം തട്ടിയെടുക്കണം? ഇതൊക്കെ എന്നാണാവോ ആളുകൾ തിരിച്ചറിയുന്നത്. ആദരാഞ്ജലികൾ എന്നായിരുന്നു സാധിക കുറിട്ടത്.