മലയാള സിനിമയിൽ കുറ്റന്വേഷണ സിനിമകൾക്ക് പുതിയ മാനം നൽകിയ സിനിമയായിരുന്നു ഒരു സിബിഐ ഡയറിക്കുറിപ്പ്. 1988ൽ പുറത്തിറങ്ങിയ സിനിമയ മലയാള സിനിമയുടെ അന്നേവരെയുള്ള കളക്ഷൻ റെക്കോർഡുകൾ തിരുത്തി കുറിച്ചിരുന്നു.
മെഗാസ്റ്റാർ മമ്മൂട്ടി സേതുരാമയ്യർ എന്ന സിബിഐ ഓഫിസറായി തകർത്തഭിനയിച്ച സിനിമ ഒരുക്കിയത് കെ മധു എസ്എൻ സ്വാമി കൂട്ടുകെട്ടായിരുന്നു. ഇതിന്റെ തുടർച്ചായി 3 സിബിഐ ചിത്രങ്ങൾകൂടി പുറത്തിറങ്ങി. ജാഗ്രത(1989), സേുരാമയ്യർ സിബിഐ(2004), നേരറിയാൻ സിബിഐ(2005) എന്നിവയായിരുന്നു ആ ചിത്രങ്ങൾ. ഇവയെല്ലാം സൂപ്പർ വിജയം ആയിരുന്നു നേടിയെടുത്തത്.
അതേ സമയം സിബിഐ സീരിസിന്റെ അഞ്ചാം ഭാഗത്തെ കുറിച്ച് കേൾക്കാൻ തുടങ്ങിയിട്ട് ഏറെ കാലമായി. ഇപ്പോഴിതാ സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം ചിങ്ങം ഒന്നിന് ആരംഭിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ നിർമ്മാതാവ് സ്വർഗചിത്ര അപ്പച്ചൻ.
എറണാകുളം, തിരുവനന്തപുരം, ഹൈദരാബാദ്, ന്യൂഡൽഹി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കാനാണ് ഉദ്ദേശം എന്നും നിർമ്മാതാവ് പറഞ്ഞു. മലയാള മനോരമ ഓൺലൈനോടാണ് നിർമ്മാതാവിന്റെ വെളിപ്പെടുത്തൽ.
പഴയ ടീമിൽ ഉണ്ടായിരുന്ന മുകേഷ് ഉൾപ്പെടെയുള്ളവർക്ക് പുറമെ രഞ്ജി പണിക്കർ തുടങ്ങിയ താരങ്ങളും സിബിഐ അഞ്ചാം ഭാഗത്തിലുണ്ടെന്നാണ് അറിയുന്നത്. ഔരപകടത്തിൽ പെട്ട് ചികിൽസയിലായി വർഷങ്ങളായി സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറും ഈ ചിത്രത്തിൽ ഉണ്ടാകുമെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അതേ സമയം ലോക്ഡൗണിന് ശേഷം അമൽ നീരദിന്റെ ഭീഷ്മപർവ്വം എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുക. പത്ത് ദിവസത്തെ ഷൂട്ടിന് ശേഷം മമ്മൂട്ടിയുടെ മേക്കപ്പ്മാൻ ജോർജ് നിർമ്മിക്കുന്ന ചിത്രം തുടങ്ങും. അത് കഴിഞ്ഞാണ് മമ്മൂട്ടി സേതുരാമയ്യർ ആകുന്നതെന്ന് നിർമ്മാതാവ് പറഞ്ഞു.
14 വർഷത്തെ ഇടവേളക്ക് ശേഷമാണ് സ്വർഗചിത്ര അപ്പച്ചൻ സിനിമാരംഗത്തേക്ക് തിരിച്ചെത്തുന്നത്. ഭാസ്‌ക്കർ ദി റാസ്‌ക്കൽ സിനിമയുടെ സെറ്റിൽ വച്ചാണ് മമ്മൂട്ടി വിളിക്കുന്നത് എസ്എൻ സ്വാമിയും കെ മധുവും തന്റെയൊപ്പം ഉണ്ടെന്നും സിബിഐയുടെ അഞ്ചാം ഭാഗത്തിനു അവർക്ക് ഒരു ത്രെഡ് കിട്ടിയിട്ടുണ്ട്, അത് അപ്പച്ചൻ നിർമ്മിക്കൂവെന്നും മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടി പറഞ്ഞാൽ പിന്നെ മറുത്തു പറയാനാകില്ല. ഒരു സിനിമ നിർമ്മിക്കണമെന്ന ആഗ്രഹവുമായി വന്ന തന്നെ മലയാള സിനിമയിൽ ഇന്നു കാണുന്ന സ്വർഗചിത്ര അപ്പച്ചനാക്കിയതിൽ പ്രധാന കാരണക്കാരൻ മമ്മൂട്ടിയാണ്. നഷ്ടം സംഭവിച്ച തന്നെ വീണ്ടും സിനിമാ നിർമ്മാണത്തിലേക്ക് ഇറക്കിയത് മമ്മൂട്ടിയാണെന്നും നിർമ്മാതാവ് പറയുന്നു.
അതേ സമയം സിബിഐ അഞ്ചാം സീരിസിന്റെ കഥയും തിരക്കഥയും എല്ലാം പൂർത്തിയായിട്ടുണ്ടെന്ന് രചയിതാവ് എസ് എൻ സ്വാമി നേരത്തെ അറിയിച്ചിരുന്നു. സംവിധായകൻ കെ മധുവും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.