ആറാട്ടിൽ മോഹൻലാലും എആർ റഹ്മാനും ഒന്നിച്ചുള്ള രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയായി, ഒരുങ്ങിയത് മലയാളത്തിലെ ഏറ്റവും ചിലവേറിയ രംഗം

113

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ ഏറ്റവും പുതിയ ചിത്രമാണ് ആറാട്ട്. സൂപ്പർ സംവിധായകനായ ബി ഉണ്ണി കൃഷ്ണനാണ് ആറാട്ട് ഒരുക്കുന്നത്. കോമഡിക്ക് പ്രാധാന്യം നൽകുന്ന ഒരു ആക്ഷൻ ഡ്രാമയാണ് ആറാട്ട്. ഒരു തികഞ്ഞ മാസ് മസാല പടമായിരിക്കും ‘ആറാട്ടെന്ന്’ ബി ഉണ്ണികൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു.

മോഹൻലാൽ ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്. ചിത്രത്തിലെ മോഹൻലാലിന്റെ ലുക്കും പോസ്റ്ററുകളുമെല്ലാം ഇതിനോടകം വൈറലായിരുന്നു. ചിത്രത്തിന്റെ ഒരു സ്‌പെഷ്യൽ ഷൂട്ടിനെക്കുറിച്ച് മോഹൻലാൽ പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

Advertisements

സംഗീത മാന്ത്രികൻ ഓസ്‌കാർ ജേതാവ് എആർ റഹ്മാനൊപ്പമായിരുന്നു ആ ഷൂട്ട്. ആറാട്ടിൽ എആർ റഹ്മാനൊപ്പമുള്ള ചിത്രീകരണം പൂർത്തിയാക്കിയ വിവരം തന്റെ ഫേസ്ബുക്ക് പേജിലാണ് മോഹൻലാൽ റഹ്മാനൊപ്പമുള്ള ചിത്രത്തോടെ പങ്കുവെച്ചത്.

ചിത്രത്തിന്റെ ഒരു പാട്ടിലാണ് ഇരുവരും ഒന്നിച്ചത്. എ ആർ റഹ്മാനും സംവിധായകൻ ബി ഉണ്ണികൃഷ്ണനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് അനുഭവം മോഹൻലാൽ പങ്കുവെച്ചത്. ആറാട്ടിനുവേണ്ടി സംഗീത സാമ്രാട്ട് എ ആർ റഹ്മാനൊപ്പമുള്ള അസാധാരണവും സവിശേഷവുമായ ഒരു ഷൂട്ട് എന്ന് താരം കുറിച്ചു.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ഗാന ചിത്രീകരണമാണ് ഇതെന്നാണ് പുറത്തുവരുന്നത്. വമ്പൻ സെറ്റിട്ട് മികച്ച സാങ്കേതിക പിന്തുണയോടെയായിരുന്നു പാട്ട് ഒരുക്കിയത്. ചെന്നൈയിലായിരുന്നു ഷൂട്ട്.
അതേ സമയം 24 വർഷങ്ങൾക്കു ശേഷമാണ് മോഹൻലാലും എ ആർ റഹ്മാനും ഒരു സിനിമയ്ക്കുവേണ്ടി ഒന്നിക്കുന്നത്.

1997ൽ പുറത്തിറങ്ങിയ ഇരുവർ എന്ന സിനിമയ്ക്കു വേണ്ടിയാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. 1992ൽ സംഗീതം ശിവന്റെ സംവിധാനത്തിൽ പുറത്തെത്തിയ യോദ്ധായുടെ സംഗീതവും റഹ്മാൻ ആയിരുന്നു. സംഗീത സംവിധായകൻ എന്നതിലുപരി റഹ്മാൻ ബിഗ് സ്‌ക്രീനിലെത്തുന്നത് അപൂർവ്വമാണ്.

നേരത്തെ വിജയ് നായകനായ ബിഗിലിലെ ഒരു ഗാനരംഗത്തിലും റഹ്മാൻ എത്തിയിരുന്നു. അതേസമയം നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ആറാട്ടിൽ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തിൽ നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ തുടങ്ങി വമ്പൻ താരനിരയും ആറാട്ടിൽ എത്തുന്നുണ്ട്. പാലക്കാടിന് പുറമെ ഹൈദ്രബാദാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷൻ.

Advertisement