മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആറാട്ടിന്റെ കലക്ഷൻ റിപ്പോർട്ട് പുറത്ത്. മൂന്ന് ദിവസം കൊണ്ട് ചിത്രം വാരിയത് 17.80 കോടിയാണ്. ചിത്രത്തിന്റെ ആഗോള ഗ്രോസ് കലക്ഷനാണിത്.
ഫെബ്രുവരി 18ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് വമ്പൻ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. മാസ് എന്റർടെയ്‌നർ വിഭാഗത്തിൽപെട്ട ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്നു.
വില്ലൻ എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണൻ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്. പുലിമുരുകൻ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്.
വിജയരാഘവൻ, സായികുമാർ, സിദ്ദിഖ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേഷ്, ഇന്ദ്രൻസ്, ശ്രദ്ധ ശ്രീനാഥ്, രചന നാരായണൻകുട്ടി, സ്വാസ്വിക, മാളവിക മേനോൻ തുടങ്ങിയ വലിയ ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്.
ആരാധകർ കാണാൻ ആഗ്രഹിച്ച മോഹൻലാലാണ് ചിത്രത്തിലേത് എന്നാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിന്റെ ആദ്യ പകുതിക്ക് തിയേറ്ററുകളിൽ ആവേശം തീർക്കാൻ സാധിച്ചു. മാസിന്റെ ആറാട്ടുമായി ആണ് നെയ്യാറ്റിൻകര ഗോപൻ എന്ന മോഹൻലാൽ കഥാപാത്രം സ്‌ക്രീനിൽ നിറയുന്നത്.
എന്നാൽ ആക്ഷൻ മാത്രമല്ല, ചിത്രത്തിലെ ഹാസ്യ നിമിഷങ്ങളും വലിയ പ്രേക്ഷക പിന്തുണ നേടുന്നുണ്ട്. ആക്ഷൻ രംഗങ്ങൾ പ്രേക്ഷകരെ ത്രസിപ്പിക്കുമ്പോൾ മോഹൻലാലിന് ഒപ്പം തന്നെ സിദ്ദിഖ്, ജോണി ആന്റണി എന്നിവരും കയ്യടി നേടുന്നുണ്ട്.
രാഹുൽ രാജ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മാസ്സ് ഫീൽ വീണ്ടും ഉയർത്തുന്നത് ആരാധകർക്ക് വലിയ ആവേശമാണ് ആദ്യ പകുതിയിൽ തന്നെ സമ്മാനിച്ചത്. അതേ സമയം
ആറാട്ട് സിനിമയ്ക്കെതിരെ നടക്കുന്ന ഡീഗ്രേഡിംഗ് പ്രചാരണങ്ങളോട് പ്രതികരിച്ച് നടനും നിർമ്മാതാവുമായ ബൈജു ഏഴുപുന്ന രംഗത്തെത്തി .
സിനിമ കാണാത്ത ആൾക്കാരാണ് പടം മോശമാണെന്ന് പറഞ്ഞു നടക്കുന്നത് എന്നാണ് ബൈജു ഏഴുപുന്ന പറയുന്നത്. മനോരമയോടാണ് താരം പ്രതികരിച്ചത്. മനപൂർവ്വം പടത്തെ താഴ്ത്തിക്കെട്ടാൻ ശ്രമങ്ങൾ നടക്കുന്നു എന്നുള്ളതാണ്. പടം കാണുക പോലും ചെയ്യാത്ത ആൾക്കാരാണ് മോശം പടം എന്ന് പറഞ്ഞു നടക്കുന്നത്.
ഒരാൾ തന്നോട് പറഞ്ഞു ‘പടം അത്ര പോരാ അല്ലെ’ എന്ന്. അപ്പോൾ താൻ ചോദിച്ചു ഏതു സീനിൽ ആണ താൻ വരുന്നതെന്ന്. അപ്പോൾ ആള് ബബ്ബബ്ബ അടിച്ചു, അതോടെ മനസിലായി പടം കാണാതെയാണ് മോശം പറയുന്നത് എന്ന്. അതു പോലെ തന്നെ പൈറസിയും ഒരു ഞരമ്പ് രോഗമാണ്. സ്വന്തം നാട്ടിലിരുന്നു നമ്മുടെ നാടിനെ തന്നെ ആറ്റം ബോംബിട്ട് തകർക്കുന്ന സ്വഭാവമാണ്.
സിനിമയെ സ്നേഹിക്കുന്ന സഹൃദയരായ മലയാളികൾ ഇതിനു കൂട്ടുനിൽക്കരുത്. താൻ ഒരു തിയേറ്റർ ഉടമയും ഒരു നിർമ്മാതാവുമാണ് ഇവരുടെ രണ്ടുകൂട്ടരുടെയും വേദന എന്തെന്ന് നേരിട്ട് അറിയാവുന്നവനാണ്. ആഘോഷ ചിത്രങ്ങൾ വന്ന് തിയേറ്ററുകൾ നിറഞ്ഞു തുടങ്ങുന്നുണ്ട്.
കുടുംബ പ്രേക്ഷകർ തിയേറ്ററിൽ വന്നു തുടങ്ങി. എല്ലാവരും നല്ല സിനിമയെ സ്നേഹിക്കുന്നവരാകണം.
രാഷ്ട്രീയക്കാരെ പോലെ താരങ്ങളുടെ ആരാധകർ തമ്മിലടിക്കുന്ന അവസ്ഥ ഉണ്ടാകരുത് എന്നാണ് ബൈജു പറയുന്നത്.