മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് ജയറാം. ഓർത്തിരിക്കാൻ ഒത്തിരി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച അദ്ദേഹം മലയാളത്തിൽ മാത്രമല്ല മറ്റ് സൗത്ത് ഇന്ത്യൻ ഭാഷകളിലെ സിനിമകളിലെല്ലാം ഭാഗമായിട്ടുണ്ട്. തന്റെ അഭിനയ ശൈലിയാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും ഏറെ വ്യത്യസ്തനാക്കുന്നത്. ഒരു കാലത്ത് മലയാള പ്രേക്ഷകരുടെ ജനപ്രിയ നടൻ കൂടിയായിരുന്നു ജയറാം.
കൊച്ചിൻ കലാഭവന്റെ മിമിക്‌സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയാണ് ജയറാം സിനിമാ ലോകത്തിലേയ്ക്ക് എത്തിയത്. 1988ൽ പി പത്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയിൽ നായകനായി തന്നെയാണ് ജയറാം എത്തിയത്. പിന്നീട് ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും കണ്ണുനിറയ്ക്കുന്നതുമായ ഒരുപാട് നല്ല കഥാപാത്രങ്ങൾ നടൻ പ്രേക്ഷകർക്ക് സമ്മാനിച്ചു.
Also read; ഗുരു നിർദ്ദേശിച്ചു, വീണ്ടും വിവാഹത്തിന് ഒരുങ്ങി സാമന്ത; സന്തോഷത്തിൽ ആരാധകർ
എന്നാൽ കഴിഞ്ഞ കുറേകാലമായി മലയാള സിനിമാ ലോകത്ത് ഒരു ഓളം സൃഷ്ടിക്കാൻ കഴിയാതെ പോയ നടൻ കൂടിയാണ് ജയറാം. ജയറാമിന്റെ മിക്ക ഹിറ്റ് സിനിമകളുടേയും സംവിധായകൻ രാജസേനൻ ആയിരുന്നു. ഈ കൂട്ടുകെട്ട് പിരിഞ്ഞതോടെ ജയറാമിന് തിളങ്ങാൻ സാധിക്കാത്ത കഥാപാത്രങ്ങളും ലഭിക്കാതെയായി. എന്നാൽ വർഷങ്ങൾക്കിപ്പുറം ആരാധകരെ ഞെട്ടിക്കുന്ന മേക്കോവറും ജയറാം നടത്തിയിരുന്നു.
ബോഡി ഫിറ്റാക്കി ആരാധകർക്ക് മുൻപിലെത്തിയ ജയറാമിന്റെ ചിത്രം ഞൊടിയിടയിലാണ് വൈറലായത്. പിന്നാലെ തെലുങ്കിലും തമിഴിലുമായി നടന് ഒരുപാട് അവസരങ്ങളും തേടിയെത്തിയിരുന്നു. ഇപ്പോൾ അടുത്തിടെ നടന് മികച്ച കർഷകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിരുന്നു. ജയറാം കൃഷിയും ചെയ്യുന്നുണ്ടോ എന്നായിരുന്നു ആരാധകർ അതിശയപ്പെട്ടത്. കാരണം, ജയറാമിന് കൃഷിയും മറ്റുമുള്ളത് സിനിമാ ഇൻഡസ്ട്രിയിൽ പോലും അധികം ആർക്കും അറിവുള്ള കാര്യമായിരുന്നില്ല.
നടൻ മമ്മൂട്ടിക്ക് മാത്രമായിരുന്നു ജയറാമിന്റെ ഈ പ്രിയം അറിയുമായിരുന്നൊള്ളൂ. ആനക്കമ്പവും ചെണ്ടമേളവും എല്ലാം നെഞ്ചോട് ചേർത്ത് വെച്ച് നടക്കുന്ന താരത്തിന് ഇങ്ങനെ ഒരു ഭ്രമം കൂടി ഉണ്ടെന്ന് അറിഞ്ഞതിന്റെ അമ്പരപ്പിലും സന്തോഷത്തിലുമാണ് ആരാധകർ. ഇപ്പോൾ നടനും മെഗാസ്റ്റാർ മമ്മൂട്ടിയുമായുള്ള ആത്മബന്ധവും അതിനിടയിൽ ഉണ്ടായ രസകരമായ സംഭവുമാണ് ഇപ്പോൾ വൈറലാകുന്നത്.
ജയറാം തന്നെയാണ് മമ്മൂട്ടിയുടെ സ്വഭാവത്തെ കുറിച്ചും ഫാമും ആയി ബന്ധപ്പെട്ട കാര്യങ്ങൾ 24 ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ ആരാധകരുമായി പങ്കുവെച്ചത്. വളരെ പെട്ടെന്ന് ഇമോഷണൽ ആവുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്ന് ജയറാം പറയുന്നു. റഫ് ആൻഡ് ടഫൊക്കെ വെറുതെയാണ്. എന്നേക്കാളൊക്കെ ആയിരം മടങ്ങ് സെൻസിറ്റീവാണെന്ന് ജയറാം പറയുന്നു.
ഇത്തവണ കേരള സർക്കാരിന്റെ നല്ല കർഷകനുള്ള അവാർഡ് കിട്ടിയതിൽ താൻ ഒരുപാട് സന്തോഷവാനാണെന്ന് ജയറാം പറയുന്നു. ആ പുരസ്‌കാരം കിട്ടിയത് ഞാനായിട്ട് ക്രിയേറ്റ് ചെയ്ത് ഉണ്ടാക്കി തലയിലൊരു കെട്ടൊക്കെ കെട്ടി കർഷകനായൊരു ഫോട്ടോയെടുക്കാമെന്ന് കരുതി ചെയ്തിട്ടല്ലെന്നും വർഷങ്ങളുടെ കഠിനാധ്വാനവും ഇതിന് പിന്നിലുണ്ടെന്നും ജയറാം പറയുന്നു.
കുട്ടിക്കാലം തൊട്ട് എന്റെ മുതിർന്നവരെല്ലാം കൃഷി ചെയ്തിരുന്നു. ഇതൊക്കെ അവരുടെ സ്ഥലം തന്നെയാണ്. അത് അന്യം നിന്ന് പോകാതിരിക്കാൻ ഞാൻ അവിടെ കൃഷിയും കാര്യങ്ങളും നടത്തുകയാണ്. കഴിഞ്ഞ 25 വർഷമായിട്ട് എനിക്ക് അവിടെ ഫാമുണ്ട്. മമ്മൂക്കയൊഴിച്ച് സിനിമയിലുള്ള ആർക്കും അത് അറിയില്ലെന്നും ജയറാം അഭിമുഖത്തിൽ വെളിപ്പെടുത്തി.
ഫാമിലേയ്ക്ക് സഹപ്രവർത്തകരെ ആരെയും കൊണ്ടുപോയിട്ടില്ലെന്നും പറഞ്ഞ ജയറാം തന്നെ ഗോപാലക, പശുപാലക എന്നൊക്കെയാണ് മമ്മൂക്ക വിളിക്കുന്നതെന്നും തുറന്ന് പറഞ്ഞു. അങ്ങനെയിരിക്കെ 2018 ൽ തെലുങ്ക് സിനിമയിൽ അഭിനിക്കാൻ വേണ്ടി മമ്മൂക്ക പോകുകയാണ്. കൊച്ചി എയർപോർട്ടിൽ ഇരിക്കുമ്പോൾ എന്നെ ഫോണിൽ വിളിച്ചു.
നീ എവിടാ എന്ന് ചോദിച്ചപ്പോൾ ഫാമിലാണെന്നും പറഞ്ഞു, എന്നാൽ ഫാം ഒന്ന് കാണണമെന്ന് മമ്മൂട്ടിയും പറഞ്ഞു. അപ്പോൾ തന്നെ ഞാൻ വീഡിയോ കോൾ ചെയ്ത് ഫാം കാണിച്ചു കൊടുത്തു. ഓഹോ നിന്റെ ഫാമാണോ ഇങ്ങോട്ട് തിരിക്ക്, അങ്ങോട്ട് തിരിക്ക് എന്നൊക്കെ ആള് പറഞ്ഞ് എല്ലാം നോക്കി കാണുന്നുണ്ട്.
എന്തൊരു ഭംഗിയാടാ കാണാൻ, ഞാൻ പോയി വന്നിട്ട് ഉടൻ തന്നെ വരുന്നുണ്ട് അങ്ങോട്ട് എന്ന് പറഞ്ഞ് അന്ന് സംസാരിച്ച് കോളൊക്കെ കട്ട് ചെയ്ത് പോയി. ഒരു 10 ദിവസം കഴിഞ്ഞില്ല. മഹാപ്രളയവും എത്തി ഫാമും ഇല്ല, ഒന്നുമില്ല. എല്ലാം ഒറ്റയടിക്ക് അങ്ങ് കൊണ്ടുപോയി, പിന്നെ ഞാനൊരു വിളിയായിരുന്നു, അങ്ങനെ രസകരമായ ഒരുപാട് കഥകൾ തങ്ങൾക്കിടയിൽ ഉണ്ടെന്ന് ജയറാം പറയുന്നു.