മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ സൂപ്പർഹിറ്റ് സിനിമയായിരുന്നു ആഗ്സ്റ്റ് 1. ബ്രിട്ടീഷ് ഫ്രഞ്ച് പൊളിറ്റിക്കൽ ത്രില്ലറായി 1973ൽ പുറത്തിറങ്ങിയ ‘ദി ഡേ ഓഫ് ദി ജക്കാൾ’ എന്ന ചിത്രമാണ് മലയാളത്തിൽ ‘ആഗസ്റ്റ് 1’ എന്ന സിനിമയ്ക്ക് പ്രചോദനമായത്.
എസ്എൻ സ്വാമി തിരക്കഥയെഴുതി സിബി മലയിൽ സംവിധാനം ചെയ്ത ആഗസ്റ്റ് 1 വൻ ഹിറ്റായിമാറിയിരുന്നു. സിബി മലയിലിന്റെ സാധാരണ ശൈലിയിൽ നിന്ന് വ്യതിചലിച്ചുകൊണ്ടാണ് ആ സിനിമയൊരുക്കിയത്. പെരുമാൾ എന്ന പൊലീസ് ഓഫീസറായി മമ്മൂട്ടി കസറിയ സിനിമ ഇന്ന് ഒരു ക്ലാസിക് ത്രില്ലറായാണ് വിലയിരുത്തപ്പെടുന്നത്.
ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാൻ സംഗീത് ശിവൻ തീരുമാനിച്ചപ്പോൾ അതിൽ മമ്മൂട്ടിയെ നായകനാക്കാനാണ് ആഗ്രഹിച്ചത്. 1987ൽ പുറത്തിറങ്ങിയ അമേരിക്കൻ ആക്ഷൻ സിനിമയായ ‘ലേതൽ വേപ്പൺ’ മലയാളത്തിൽ കൊണ്ടുവരാമെന്നാണ് സംഗീത് ശിവൻ ചിന്തിച്ചത്.
അതിനെ അടിസ്ഥാനമാക്കി സാബ് ജോണിനൊപ്പം ചേർന്ന് സംഗീത് ശിവൻ തിരക്കഥയെഴുതി. സന്തോഷ് ശിവനെ ക്യാമറാമാനായി നിശ്ചയിച്ചു. എന്നാൽ ഈ തിരക്കഥയുമായി മമ്മൂട്ടിയെ സമീപിച്ചപ്പോൾ അദ്ദേഹം വലിയ താൽപ്പര്യം പ്രകടിപ്പിച്ചില്ല. അതിന് കാരണമായത് ‘ആഗസ്റ്റ് 1’ എന്ന സിനിമയായിരുന്നു.
വിദേശ ചിത്രങ്ങളുടെ കഥകൾ കടമെടുത്ത് തുടർച്ചയായി സിനിമകൾ ചെയ്യേണ്ടതില്ലെന്ന് മമ്മൂട്ടി തീരുമാനിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ വ്യൂഹത്തിൽ നിന്ന് മമ്മൂട്ടി പിൻമാറി.
മമ്മൂട്ടി അവതരിപ്പിക്കേണ്ടിയിരുന്ന ടോണി ലൂയിസ് എന്ന നായക കഥാപാത്രത്തെ ‘വ്യൂഹ’ത്തിൽ പിന്നീട് അവതരിപ്പിച്ചത് രഘുവരനാണ്. വ്യൂഹം 1990ലെ ഹിറ്റ് ചിത്രമായി മാറുകയും ചെയ്തു.