മലയാള സിനിമയിലെ മാതൃകാ താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. വളരെ ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ മുൻനിര നായികയായി മാറിയ സംയുക്ത വർമ്മ ബിജു മേനോനെ വിവാഹം കഴിച്ച ശേഷം അഭിനയ രംഗത്തു നിന്നും വിടവാങ്ങുകയായിരുന്നു.
നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ 2002 നവംബർ 21 നായിരുന്നു സംയുക്ത വർമ്മയും ബിജു മേനോനും വിവാഹിതരാവുന്നത്. ഇന്നിതാ ഇരുവരും തങ്ങളുടെ പതിനെട്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഇത്തവണ ചിന്നുവിനും ബിജുവിനും ആശംസകൾ അറിയിച്ച് ചെറിയമ്മ ഊർമ്മിളാ ഉണ്ണിയും എത്തിയിട്ടുണ്ടെന്നുള്ളതാണ് ശ്രദ്ധേയം.
അതേ സമയം ഭാര്യയെ ചേർത്ത് നിൽക്കുന്നൊരു ഫോട്ടോ പങ്കുവെച്ച് കൊണ്ടാണ് ബിജു മേനോൻ വിവാഹ വാർഷികത്തെ കുറിച്ച് പറഞ്ഞത്. പ്രിയതമനൊപ്പം വെള്ളിത്തിൽ നിൽക്കുന്നൊരു പെയിന്റിംഗ് ചിത്രമാണ് സംയുക്ത മേനോനും ഇൻസ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
ക്യാപ്ഷൻ ഒന്നും കൊടുത്തിട്ടില്ലെങ്കിലും ഇന്നത്തെ ദിവസത്തെ കുറിച്ചാണ് നടി സൂചിപ്പിച്ചിരിക്കുന്നത്. താരദമ്പതിമാരുടെ പോസ്റ്റുകൾക്ക് താഴെ സുഹൃത്തുക്കളും ബന്ധുക്കളും ആരാധകരുമടക്കം നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തുന്നത്. കൂട്ടത്തിൽ സംയുക്ത വർമ്മയുടെ ചെറിയമ്മയും നടിയും നർത്തകിയുമായ ഊർമ്മിള ഉണ്ണിയുമുണ്ട്.
ചിന്നുവിനും ബിജുവിനും ഹാപ്പി ആനിവേഴ്‌സറി. ഈ സ്‌നേഹം എന്നും നിലനിൽക്കട്ടെ എന്നുമാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രത്തിനൊപ്പം ഊർമ്മിള ഉണ്ണി വിഷ് ചെയ്തിരിക്കുന്നത്. അസൂയാവഹമായ ജീവിതം നയിക്കുന്നവരാണ് ബിജു മേനോനും സംയുക്ത വർമ്മയുമെന്നാണ് ആരാധകർക്ക് പറയാനുള്ളത്.
ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്നദിക്കിൽ എന്ന സിനിമയിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ ദിലീപിന്റെ ഭാര്യയായി സംയുക്തയും കാവ്യ മാധവന്റെ ഭർത്താവായി ബിജുവും അഭിനയിച്ചത്.
എന്നാൽ യഥാർഥ ജീവിതത്തിൽ നേരെ തിരിച്ച് ഭാര്യ ഭർത്താക്കന്മാരായി എന്ന രസകരമായ കാര്യം നേരത്തെ മുതൽ ട്രോളന്മാർ ചൂണ്ടി കാണിച്ചിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കിന് ശേഷം മഴ, മധുരനൊമ്പബരക്കാറ്റ്, മേഘമൽഹാർ, എന്നിങ്ങനെ നിരവധി സിനിമകയിൽ നായിക നായകന്മാരായി ഇരുവരും അഭിനയിച്ചിട്ടുണ്ട്. സിനിമകളിലൂടെയുണ്ടായ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്ക് എത്തുന്നത്.
മേഘമൽഹാറിൽ അഭിനയിച്ചതിന് ശേഷമാണ് ജീവിതത്തിലും ഒന്നിക്കാമെന്ന് തീരുമാനിച്ചതെന്ന് കഴിഞ്ഞ വർഷം ഒരു അഭിമുഖത്തിൽ സംയുക്ത പറഞ്ഞിരുന്നു. സിനിമയിലെ പോലെ പൈങ്കിളിയായിരുന്നില്ല ഞങ്ങളുടെ പ്രണയമെന്ന് സംയുക്ത വർമ്മ വെളിപ്പെടുത്തിയിരുന്നു.