പനാജി: അമ്പതാമത് ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് വർണാഭമായ തുടക്കം. ശ്യാമപ്രസാദ് സ്റ്റേഡിയത്തിൽ നടൻ അമിതാഭ് ബച്ചൻ ഉദ്ഘാടനംചെയ്തു. സുവർണ ജൂബിലി ഐക്കൺ അവാർഡ് രജനികാന്തിന് സമ്മാനിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഫ്രഞ്ച് നടി ഇസബെല്ല ഹൂപ്പർട്ട് ഏറ്റുവാങ്ങി.
ബോളിവുഡ് സംവിധായകൻ കരൺ ജോഹറായിരുന്നു ഉദ്ഘാടനച്ചടങ്ങിൽ അവതാരകൻ. സംവിധായകരായ മധുർ ഭണ്ഡാർക്കർ, പ്രിയദർശൻ, നിർമാതാവ് സിദ്ധാർഥ് റോയ് കപൂർ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രിയും ഗായകനുമായ ബാബുൾ സുപ്രിയോ, കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ എന്നിവരും പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനുശേഷം ശങ്കർ മഹാദേവൻ നയിച്ച സംഗീതവിരുന്നുമുണ്ടായി.
ഇറ്റാലിയൻ സംവിധായകൻ ഗോരൻ പാസ്‌കൽജെവികിന്റെ ഡെസ്‌പൈറ്റ് ദി ഫോഗായിരുന്നു ഉദ്ഘാടനചിത്രം.ഗുജറാത്തി സംവിധായകൻ അഭിഷേക് ഷായുടെ ഹെല്ലാരോയാണ് ഇന്ത്യൻ പനോരമയിൽ ഉദ്ഘാടനചിത്രം. ഇത് വ്യാഴാഴ്ച പ്രദർശിപ്പിക്കും.
മലയാളത്തിൽനിന്ന് മനു അശോകന്റെ ഉയരെ, ടി കെ രാജീവ് കുമാറിന്റെ കോളാമ്പി എന്നീ ചിത്രങ്ങളടക്കം ആകെ 41 ചിത്രമാണ് ഇന്ത്യൻ പനോരമ വിഭാഗത്തിലുള്ളത്. നോൺ ഫീച്ചർ വിഭാഗത്തിലെ ഉദ്ഘാടനചിത്രം കശ്മീരിചിത്രമായ നൂറയാണ്. ആഷിഷ് പാണ്ഡയാണ് സംവിധായകൻ. 15 ചിത്രമാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുക. ഫീച്ചർവിഭാഗത്തിൽ 26 ചിത്രമാണുള്ളത്.
76 രാജ്യത്തിൽനിന്നായി 200 ചിത്രമാണ് എട്ടുദിവസം നീണ്ടുനിൽക്കുന്ന മേളയിൽ പ്രദർശിപ്പിക്കുക. സംവിധായകൻ പ്രിയദർശൻ ഫീച്ചർ വിഭാഗം ജൂറി ചെയർമാനും രാജേന്ദ്ര ജംഗ്ലി നോൺ ഫീച്ചർ വിഭാഗം ജൂറി ചെയർമാനുമാണ്. ഒമ്പതിനായിരം പേരാണ് മേള കാണാനെത്തുന്നത്. മേള 28ന് സമാപിക്കും. ഇറ്റാലിയൻ സംവിധായകൻ മൊഹസിൻ മഖ്മൽബഫിന്റെ മാഗെ ആൻഡ് ഹെർ മദർ ആണ് സമാപന ചിത്രം.