മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം മോൺസ്റ്റർ തിയറ്ററുകളിൽ പ്രദർശനം തുടങ്ങിക്കഴിഞ്ഞു. പുലിമുരുകൻ എന്ന വമ്പൻ ഹിറ്റിന് ശേഷം മോഹൻലാലും വൈശാഖും ഒന്നിച്ച മോൺസ്റ്ററിനെ ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും ആണ് ആരാധകർ കാത്തിരുന്നത്.
മലയാളത്തിൽ ആദ്യമായി 100 കോടി ക്ലബിൽ ഇടം നേടിയ പുലിമുരുകന് ശേഷം മോഹൻലാലും വൈശാഖും വീണ്ടും ഒന്നിച്ച ചിത്രമാണ് മോൺസ്റ്റർ. പഞ്ചാബി പശ്ചാത്തലത്തിൽ വൈശാഖ് ഒരുക്കിയ രണ്ടാമത്തെ ചിത്രമാണ് മോൺസ്റ്റർ.ഇപ്പോഴിതാ മോൺസ്റ്റർ സിനിമയെ കുറിച്ചുള്ള ആദ്യ അഭിപ്രായങ്ങൾ പുറത്തു വന്നിരിക്കുകയാണ്.
മോൺസ്റ്ററിന്റെ ആദ്യ പ്രദർശനം കഴിയുമ്പോൾ മികച്ച അഭിപ്രായങ്ങൾ ആണ് പുറത്തു വരുന്നത്. എന്നിരുന്നാലും ചിത്രത്തിലെ ട്വിസ്റ്റുകൾ എല്ലാം തന്നെ ഉദയ് കൃഷ്ണയുടെ മുൻപത്തെ സിനിമകളുടെ സ്ഥിരം ശൈലിയിൽ ആണെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
വളരെ എനർജറ്റിക്ക് ആയ മോഹൻലാലിന്റെ പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. രണ്ടാം പകുതിയിൽ ത്രില്ലിങ്ങായ പല സംഭവങ്ങളും ട്വിസ്റ്റുകളും സിനിമ സമ്മാനിക്കുന്നുണ്ട്. ത്രില്ലിങ്ങായി പോകുന്ന രണ്ടാം പകുതിയിൽ ഇന്നത്തെ സമൂഹത്തിൽ സംസാരിക്കേണ്ട വിഷയം സിനിമ സംസാരിക്കുന്നുണ്ട്.
രണ്ടാം പകുതിയിൽ എത്തുന്നതോടെ കഥാപാത്രങ്ങൾക്ക് കൂടുതൽ അഭിനയ പ്രകടനത്തിന് സാധ്യതകൾ കൂടുന്നുണ്ട്. ഹണി റോസ്, ലെന, ഗണേഷ് കുമാർ, ലക്ഷ്മി മഞ്ചു എന്നിവരുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. ഉദയ് കൃഷ്ണയുടെ തിരക്കഥയിൽ കണ്ട് മറന്നതും മറക്കാത്തതുമായ ക്ലീഷേ ട്വിസ്റ്റുകൾ അതിപ്രസരം അണെന്നാണ് പ്രേക്ഷകർ പറയുന്നത്.
അതേ സമയം തുടങ്ങി 100 ചോദ്യങ്ങൾ ബാക്കിയാക്കി അവസാനിപ്പിക്കുന്ന ആദ്യ പകുതി പ്രേക്ഷകർക്ക് ത്രില്ലിങ്ങാണ്.
ആദ്യ പകുതി അവസാനിക്കുന്നതിന് 10 മിനുറ്റ് മുൻപാണ് ത്രില്ലിങ്ങ് സ്വഭാവത്തിലേക്ക് സിനിമ മാറുന്നത്. ലക്കി സിങ്ങായി മോഹൻലാൽ തകർത്തടിയപ്പോൾ ഹണി റോസ്, സുദേവ് നായർ, ജോണി ആന്റണി തുടങ്ങിയവർ ഗംഭീരമായി കൂടെ നിന്നു.
ഒരു പിടിയും തരാത്ത ആദ്യ പകുതി തിരകഥാക്കൃത്ത് ഉദായകൃഷ്ണയുടെ ജീവിതത്തിലെ നാഴികക്കല്ലായി മാറുമെന്ന് സംവിധായകൻ വൈശാഖ് തന്നെ പറഞ്ഞിരുന്നു. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.
ആക്ഷന് കൂടുതൽ പ്രധാന്യമുള്ള ചിത്രത്തിൽ സ്റ്റണ്ട് സിൽവയാണ് സംഘട്ടനം ഒരുക്കിയിരിക്കുന്നത്. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം നൽകിയത്.