ഉലകനായകൻ കമൽഹാസനും സൂപ്പർ ഡയറക്ടർ ഷങ്കറും പ്രേക്ഷകരെ വീണ്ടും വിസ്മയിപ്പിക്കാൻ എത്തുകയാണ് ഇന്ത്യന്റെ രണ്ടാം ഭാഗമായ ‘ഇന്ത്യൻ 2’വിലൂടെ. ഈ ചിത്രത്തിന് വേണ്ടി ഭോപ്പാലിൽ നടന്ന ഒരു ഫൈറ്റ് സീൻ ചിത്രീകരണം ആണ് ഇപ്പോൾ സിനിമാ വാർത്തകളിൽ നിറയുന്നത്.
ഈ ഫൈറ്റിന് മാത്രം 40 കോടി രൂപയാണ് ചിലവ് വന്നിരിക്കുന്നത്. പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ ഒരുക്കിയ രംഗത്ത് 2000ത്തോളം ജൂനിയർ ആർട്ടിസ്റ്റുകളും അഭിനയിച്ചു. 90 വയസുള്ള സ്വാതന്ത്ര സമരസേനാനിയായാണ് കമൽഹാസൻ ഇന്ത്യൻ 2വിൽ എത്തുന്നത്.
90 വയസുള്ള ഒരാൾക്ക് സ്റ്റണ്ട് ഒരുക്കുന്നത് വെല്ലുവിളിയായിരുന്നെന്ന് പീറ്റർ ഹെയ്ൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 90 വയസുള്ള കഥാപാത്രമാവാൻ കമൽഹാസനും കഠിന പ്രയത്നമാണ് നടത്തുന്നത്.
ബോളിവുഡ് താരം അനിൽ കപൂർ, കാജൽ അഗർവാൾ, രാകുൽ പ്രീത്, സിദ്ധാർഥ്, പ്രിയ ഭവാനി ശങ്കർ, നെടുമുടി വേണു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. 200 കോടി ബഡ്ജറ്റിൽ ലൈക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.