യുവതാരങ്ങളുമായി എത്തി അപ്രതീക്ഷിത തരംഗം സൃഷ്ടിച്ച് തണ്ണീർമത്തൻ ദിനങ്ങൾ കേരളത്തിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. വലിയ താരനിര ഇല്ലാതിരുന്നിട്ടും വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഏരീസ് പ്ലക്‌സിൽ ലൂസിഫറിനെ വരെ കടത്തിവെട്ടിയ തണ്ണീർമത്തന്റെ മുന്നേറ്റം മലയാള സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
രണ്ട് കോടി രൂപ ചിലവിൽ ഒരുങ്ങിയ ചിത്രം ഇതുവരെ വാരിയത് 45 കോടിയാണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഫേസ്ബുക്ക് പേജിലൂടെയാണ് കളക്ഷൻ വിവരം ആരാധകരുമായി പങ്കുവെച്ചത്. വലിയ താരനിര ഇല്ലാതിരുന്നിട്ടും മികച്ച കളക്ഷൻ നേടിയ ചിത്രം ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
വമ്പൻ ബജറ്റോ മുൻനിര താരങ്ങളും മാത്രമല്ല ചിത്രത്തിന്റെ വിജയം നിർണയിക്കുന്നത് എന്നതിന് തെളിവാണ് തണ്ണീർമത്തൻ ദിനങ്ങൾ. പുതുമുഖങ്ങളെ അണിനിരത്തി ഗിരീഷ് എഡി സംവിധാനം ചെയ്ത സിനിമയാണ് തണ്ണീർമത്തൻ ദിനങ്ങൾ. ജോമോൻ ടി ജോൺ ആണ് തണ്ണീർമത്തൻ ദിനങ്ങൾക്ക് ക്യാമറ കൈകാര്യം ചെയ്തത്.
കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയനായ മാത്യൂ തോമസ് നായകനും, ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അനശ്വര രാജനാണ് കേന്ദ്രകഥാപാത്രം ചെയ്തിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്ലസ്ടു കാലഘട്ടത്തിൽ ഉണ്ടാവുന്ന പ്രണയവും സൗഹൃദവും സംഘർഷങ്ങളുമെല്ലാമാണ് സിനിമയുടെ പ്രമേയം.