വ്യത്യസ്തമായ അഭിനയത്തിലൂടെ സിനിമാ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ തെന്നിന്ത്യയിലെ ചുരുക്കം ചില നടിമാരിലൊരാളാണ് ഉർവശി. നന്നേ ചെറിയ പ്രായത്തിൽ തന്നെ സിനിമയിലെത്തിയ ഉർവശി നിരവധി മികച്ച കഥാപാത്രങ്ങളെയാണ് തെന്നിന്ത്യൻ സിനിമയിക്ക് സമ്മാനിച്ചിട്ടുള്ളത്.
റൊമാന്റിക് നായകയായും, തമാശക്കാരിയായും അമ്മയായും സഹനടിയായും എല്ലാം താരം ആരാധകർക്ക് മുന്നിൽ എത്തിക്കഴിഞ്ഞു. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം അഭിനയിച്ചിട്ടുള്ള ഉർവ്വശി ഇപ്പോൾ കൂടുതലും യുവ സൂപ്പർതാരങ്ങളുടെ അമ്മവേഷം ഒക്കെയാണ് ചെയ്യുന്നത്.
1983ൽ തന്റെ പതിമൂന്നാം വയസിലാണ് ഉർവശി ആദ്യമായി നായികയായി അഭിനയിക്കുന്നത്. നായികയായി റിലീസായ ആദ്യ ചിത്രം 1983-ൽ പുറത്തിറങ്ങിയ മുന്താണെ മുടിച്ച് ആയിരുന്നു. ഈ സിനിമ വൻ വിജയം നേടിയത് ഉർവശിയുടെ സിനിമാ ജീവിതത്തിൽ വഴിത്തിരിവാകുകയായിരുന്നു.
അതേ സമയം തന്റെ പ്രായത്തിന് അനുയോജ്യമായ കഥാപാത്രങ്ങളല്ല സിനിമയിൽ താൻ ചെയ്തതെന്ന് തുറന്നു പറയുകയാണ് ഉർവശി. എന്റെ പ്രായത്തിനൊത്തെ വേഷങ്ങൾ വളരെ കുറച്ച് മാത്രമെ ഞാൻ ചെയ്തിട്ടുള്ളു. 13 വയസ്സിലും ഞാൻ അമ്മ വേഷം ചെയ്തു. ജീവിതത്തിൽ എവിടെയെങ്കിലുമൊക്കെ കണ്ട കാര്യങ്ങൾ വെച്ചാണ് ഞാൻ അഭിനയിച്ചത്.
ഞാൻ പ്രസവിച്ചതിന് ശേഷമാണ് പ്രസവ വേദന എന്താണെന്ന് മനസ്സിലായത്. നമ്മൾ ഇത്രയും നാളും സിനിമയിൽ അഭിനയിച്ചത് വെറും പൊട്ടത്തരമാണല്ലോ എന്ന് തോന്നിയത് അപ്പോഴാണ്. സിനിമയിൽ നിന്ന് വ്യത്യസ്തമായിട്ടാണ് യഥാർത്ഥ ജീവിതത്തിൽ നമ്മൾ ഓരോ കാര്യങ്ങളോടും പ്രതികരിക്കുന്നതെന്ന് പിന്നീട് എനിക്ക് മനസ്സിലായി.
അതിന് ഉദാഹരണമാണ് എന്റെ അനിയന്റെ മരണം. അവൻ ആത്മഹത്യ ചെയ്തുവെന്ന വാർത്ത കേട്ടിട്ട് ഞാൻ നിശ്ചലമായി നിൽക്കുകയാണ്. എനിക്ക് കരച്ചിൽ വന്നതേയില്ല. എന്താണ് പ്രതികരിക്കേണ്ടത് എന്നെനിക്കറിയില്ലായിരുന്നു.
ഒരു ഭാവവും എന്റെ മുഖത്തുണ്ടായിരുന്നില്ല. ഞാൻ കുറേ നേരം വെറുതെ ഇങ്ങനെ ഇരുന്നു. പല ചിന്തകളായിരുന്നു എന്റെ ഉള്ളിൽ.
Also Read
നടിയോ ആർജെയോ ആയിരുന്നില്ലെങ്കിൽ ആരാകുമായിരുന്നു, നൈല ഉഷ പറഞ്ഞ മറുപടി കേട്ടോ
യഥാർത്ഥ ജീവിതത്തിലെ എക്സ്പ്രഷൻ ഒരിക്കലും നമുക്ക് സിനിമയിൽ കൊടുക്കാൻ പറ്റില്ലെന്ന് പിന്നീട് എനിക്ക് മനസ്സിലായി എന്നും ഉർവശി പറയുന്നു.