ഫാസിൽ സംവിധാനം ചെയ്ത അനിയത്തി പ്രാവ് എന്ന സിനിമയിലൂടെ മലയാള സിനിമയുടെ വെള്ളിത്തിരയിൽ എത്തിയ നടനാണ് കുഞ്ചാക്കോ ബോബൻ. ആദ്യ കാലത്ത് റൊമാന്റിക് വേഷങ്ങൾ ചെയ്ത് പൈങ്കിളി നായകൻ മാത്രമായി മാറിയ ചാക്കോച്ചന് സിനിമയിൽ തിരിച്ചടികളും നേരിട്ടിരുന്നു.
ചോക്ലേറ്റ് ഹീറോ എന്ന ലേബലിൽ തളച്ചിടപ്പെട്ട ചാക്കോച്ചൻ സിനിമയിൽ നിന്നും ചെറിയ ഇടവേളയും എടുത്തു. 2 വർഷത്തെ ചെറിയ ഇടവേളയ്ക്ക് ശേഷം ശക്തമായി തിരിച്ചുവന്ന ചാക്കോച്ചൻ വ്യത്യസ്തമായ വേഷങ്ങളിലൂടെ ഇപ്പോൾ സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്.
അതേ സമയം കുഞ്ചാക്കോ ബോബൻ നായകനായി അടുത്തിടെ പുറത്തിറങ്ങിയ നായാട്ട് എന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഒട്ടാകെ ചർച്ചയാകുന്നത്. അതിൽ കൂറു മാറാത്ത പ്രവീൺ എന്ന് പോലീസ് കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ചത്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിലെ ചില ഭാഗങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഒട്ടാകെ വൈറലാകുന്നത്.
താൻ ഒരു കൂറു മാറാത്തവനാണ് എന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. നായാട്ട് സിനിമയിലെ പ്രവീൺ മൈക്കിൾ എന്ന കഥാപാത്രത്തെ പോലെ തന്നെ ജീവിതത്തിലും താങ്കൾ കൂറു മാറാത്ത ആളല്ലേ എന്നായിരുന്നു അവതാരകൻ ചോദിച്ചത്.
അതിന് കുഞ്ചാക്കോ ബോബൻ നൽകിയ മറുപടി ഇങ്ങനെ; എപ്പോഴും കൂറു മാറാത്ത ഒരാളായിട്ടാണ് എനിക്ക് എന്നെതന്നെ തോന്നിയിട്ടുള്ളത്. കൂറു മാറാതെ ഇരുന്നാൽ പ്രതികൂലമായി എന്തൊക്കെ സംഭവിക്കും എന്നതിനെപ്പറ്റി ഞാൻ കൂടുതലൊന്നും ആലോചിക്കാറില്ല.
ആ സമയത്ത് എന്റെ മനസാക്ഷിയോട് ആണ് ഞാൻ കൂറു പുലർത്താറുഉള്ളത്. മനസ്സാക്ഷിയുടെ കോടതിയിൽ നമുക്ക് എന്താണ് ബോധിപ്പിക്കാനുള്ളത്. മനസ്സാക്ഷിയുടെ കോടതിയിൽ അത് ശരിയാണെങ്കിൽ എന്തൊക്കെ സംഭവിച്ചാലും ഞാൻ അത് തന്നെ ചെയ്യും.
അവിടെ എന്തൊക്കെ തടസ്സങ്ങൾ ഉണ്ടായാലും ആത്യന്തികമായി സത്യം തന്നെ ജയിക്കും. മനസ്സാക്ഷിയുടെ കോടതിയിൽ നമുക്ക് തലയുയർത്തി നടക്കാൻ സാധിക്കണം. കുഞ്ചാക്കോ ബോബൻ പറഞ്ഞു. അതേ സമയം കുറച്ചുനാളുകൾക്കു മുമ്പ് തെന്നിന്തിയിലെ മലയാളി നടിയുമായി ബന്ധപ്പെട്ട കേസിലും കുഞ്ചാക്കോ ബോബൻ സാക്ഷിയായിട്ടുണ്ട്.
അന്ന് പോലീസിനു നൽകിയ അതെ സാക്ഷിമൊഴി തന്നെയായിരുന്നു അദ്ദേഹം കോടതിയിലും പറഞ്ഞത്. അന്ന് അദ്ദേഹം പറഞ്ഞത് ഇങ്ങനെ ആയിരുന്നു കഴിഞ്ഞ ഇരുപത് വർഷത്തോളമായി ഞാൻ സിനിമയിലുണ്ട് സിനിമാ നിർമ്മാണവും ചെയ്യുന്നുണ്ട്. നടൻ ദിലീപ് എന്റെ സുഹൃത്താണ് ദിലീപ് സിനിമയുടെ എല്ലാ മേഖലയുമായി സ്വാധീനം ഉള്ള ഒരാളാണ്.
സിനിമ സംഘടനകളുടെ തലപ്പത്തുള്ള ആളുമാണ്. ദിലീപിന്റെ ഭാര്യ കൂടി ആയിരുന്ന മഞ്ജു വാര്യർ കുറെ ഇടവേളയ്ക്കു ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയപ്പോൾ ആ സിനിമയിലെ നായകൻ ഞാനായിരുന്നു. തന്റെ സിനിമയിലെ നായികയെ തീരുമാനിക്കുന്നത് സംവിധായകനാണ്. ആ സിനിമ കമ്മിറ്റ് ചെയ്തതിനു ശേഷം ഒരു ദിവസം രാത്രി ദിലീപ് എന്നെ വിളിച്ചിരുന്നു.
അന്ന് ഹൌ ഓൾഡ് ആർ യൂ എന്ന സിനിമയെ പറ്റിയുള്ള കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു. ആ സിനിമയിൽ താൻ അഭിനയിക്കരുതെന്നു ധ്വനി വരാവുന്ന രീതിയിൽ സംസാരിച്ചു. പക്ഷേ നേരിട്ട് ആ കാര്യം ആവശ്യപ്പെട്ടില്ല. അതിനുള്ള മറുപടിയായി ഞാൻ ദിലീപിനോട് പറഞ്ഞത്, ഞാൻ ഡേറ്റ് കൊടുത്തത് റോഷൻ ആൻഡ്രൂസിനാണ് എന്നാണ്.
അല്ലാതെ മഞ്ജു വര്യരുടെ പടം ആണെന്ന് ഉദ്ദേശിച്ചല്ല എന്നും പറഞ്ഞു. പുള്ളിയുടെ സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലായത്, ഞാൻ അതിൽ നിന്നും സ്വയം പിൻമാറണമെന്നാണ്. അതേ സമയം കസിൻസ് എന്ന സിനിമയിൽ നിന്നും നായികയെ മാറ്റണമെന്ന് അദ്ദേഹം പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ടെന്നും ചാക്കോച്ചൻ വെളിപ്പെടുത്തിയിരുന്നു.