മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് അച്ചായൻ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഒരു പ്രത്യേക മിടുക്കാണ്. മലയാളത്തിൽ അച്ചായൻ കഥാപാത്രമായി ഏറ്റവും യോജിച്ച നടൻ മമ്മൂട്ടിയാണെന്നും ഏവർക്കും അറിയാം.
കോട്ടയം കുഞ്ഞച്ചൻ, സംഘം, നസ്രാണി, പ്രെയ്സ് ദി ലോർഡ്, ഒരു മറവത്തൂർ കനവ്, തോപ്പിൽ ജോപ്പൻ തുടങ്ങി എത്ര സിനിമകളിലാണ് അച്ചായൻ കഥാപാത്രങ്ങളെ മമ്മൂട്ടി മികച്ചതാക്കിയത്. അക്കൂട്ടത്തിൽ പ്രധാനപ്പെട്ട ഒരു സിനിമയാണ് സൂപ്പർഹിറ്റായ കിഴക്കൻ പത്രോസ്.
ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ടിഎസ് സുരേഷ്ബാബു സംവിധാനം ചെയ്ത ഈ സിനിമ 1992ലാണ് റിലീസായത്. പടം വൻ ഹിറ്റായിരുന്നു. ഈ സിനിമയിൽ ‘ചാളമേരി’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സംവിധായകൻ ആദ്യം സമീപിച്ചത് തെന്നിന്ത്യൻ താരസുന്ദരി വിജയശാന്തിയെ ആയിരുന്നു.
മമ്മൂട്ടിക്കും വിജയശാന്തി ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനോട് യോജിപ്പായിരുന്നു. എന്നാൽ ആദ്യം സമ്മതമറിയിച്ച അവർ അവസാന നിമിഷം പിൻമാറി. വിവാഹം തീരുമാനിച്ചതിനാൽ പിൻമാറുന്നതായും എന്നാൽ മമ്മുക്കയോട് ഡേറ്റ് ക്ലാഷ് എന്ന കാരണം പറഞ്ഞാൽ മതിയെന്നും വിജയശാന്തി സംവിധായകനെ അറിയിച്ചു.
വിജയശാന്തി പിൻമാറിയപ്പോൾ തമിഴ്നടി രാധികയെ സമീപിച്ചു. എന്നാൽ ആ സമയത്ത് ഗർഭിണി ആയിരുന്ന രാധികയും ബുദ്ധിമുട്ട് പറഞ്ഞു. ഒടുവിൽ ചാളമേരി എന്ന കഥാപാത്രമായി ഉർവശിയെ തീരുമാനിക്കുകയായിരുന്നു.
ഉർവ്വശി ആ കഥാപാത്രത്തെ തകർത്ത് അവതരിപ്പിച്ചു. ഉർവശിയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായി ചാളമേരി മാറുകയും ചെയ്തു