മലയാളത്തിന്റെ താരവിസ്മയം മോഹൻലാൽ ഇന്ന് അറുപതിന്റെ നിറവിലാണ്. സൂപ്പർതാരത്തിന് 60 ാം പിറന്നാൾ ആശംസകൾ നേരുകയാണ് സിനിമാലോകവും ആരാധകരും അടക്കം കേരളസമൂഹം. കേരളീയ ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ച താരത്തിന്റെ പിറന്നാൾ, മഹാമാരിക്കാലത്തും ഓരോ മലയാളിവീട്ടകങ്ങളിലെ ആഘോഷംകൂടിയാണ്.
പത്തനംതിട്ടയിലെ ഇലന്തൂർ ഗ്രാമത്തിൽ 1960 മെയ് 21ന് ജനിച്ച മോഹൻലാൽ പഠിച്ചതും വളർന്നതും തിരുവനന്തപുരത്താണ്. ആദ്യസിനിമ തിരനോട്ടം പിറന്നത് പതിനെട്ടാം വയസ്സിൽ. 1980ൽ നവോദയ്ക്ക് വേണ്ി ഫാസിൽ ഒരുക്കിയ മഞ്ഞിൽവിരിഞ്ഞപൂക്കൾ എന്ന ചിത്രത്തി ലെ വില്ലൻ ക്രമേണ നായകനായി.
പിന്നീടങ്ങോട്ട് നാലുദശാബ്ദമായി മലയാള സിനിമാലോകത്തെ അവിഭാജ്യഘടകമാണ് മോഹൻലാൽ. നിരവധി പ്രമുഖർക്ക് ഒപ്പം സംവിധായകൻ ഷാജി കൈലാസും ലാലേട്ടന് പിറന്നാൾ ആസംശയുമായി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷാജി കൈലാസിന്റെ ആശംസ.
ഷാജി കൈലാസിന്റെ കുറിപ്പ് പൂർണരുപം:
ഒറ്റ ഫ്രെയിമിൽ ഒതുക്കാനാവില്ല ഈ മൂർത്തിയെ
അതൊരു കടലാണ് ചിലപ്പോൾ ഹിമാലയം പോലൊരു പർവതം ചിലപ്പോൾ തോന്നും അതൊരു ആകാശമാണെന്ന്. നോക്കിയാൽ നക്ഷത്രങ്ങളെ കാണാം. മറ്റു ചിലപ്പോൾ ഘോരവനം, ചിലപ്പോൾ തടാകം, ചിലപ്പോൾ ഋതുക്കൾ, സംഗീതം സ്വപ്‌നം ജീവിതം.
ചിലരെ വിശേഷിപ്പിക്കേണ്ടി വരുമ്പോൾ മാത്രമാണ് ഭാഷയിലെ വാക്കുകൾ പോരാ എന്ന് തോന്നാറ്.
എത്ര പറഞ്ഞാലും മതിവരാത്തത്. ക്ഷീരപഥങ്ങൾക്കുമപ്പുറം വെണ്മ നിറഞ്ഞൊരു പാലാഴി. അതിൽ സമസ്ത ഭാവങ്ങളുടെയും മൂർത്തി.
അഭിനയത്തിന്റെ ആ മൂർത്തിയെയാണ് ഞാൻ സെല്ലുലോയ്ഡിലേക്കു ആവാഹിക്കാൻ ശ്രമിച്ചത്. അർജുനനെ പോലെയാണ് അദ്ദേഹം. എടുക്കുമ്പോൾ ഒന്ന്. കുലക്കുമ്പോൾ പത്ത്. തൊടുക്കുമ്പോൾ നൂറ്. കൊള്ളുമ്പോൾ ആയിരം.
ആ മുഖത്ത് വിരിയുന്ന ഭാവങ്ങളുടെ വ്യാകരണങ്ങൾ കണ്ട് വിസ്മയിച്ച് നിന്നുപോയിട്ടുണ്ട്. ലൊക്കേഷനിലേക്ക് വരുമ്പോൾ പ്രസരിപ്പിച്ച ഊർജം അതല്ല ക്യാമറക്ക് മുമ്പിൽ വന്നു നിൽക്കുമ്പോൾ. അതൊന്നുമല്ല അഭിനയിച്ചു തുടങ്ങുമ്പോൾ വെള്ളിത്തിരയിൽ നിറഞ്ഞാടലിന്റെ വിരാടദർശനം.
പരിണാമത്തിന്റെ, പരകായ പ്രവേശത്തിന്റെ, അഭിനയ കലയുടെ മാന്ത്രിക അവതാര പൂർണത.
അതാണ് അയാൾ കരയുമ്പോൾ ലോകർ കരയുന്നത്. അതുകൊണ്ടാണ് അയാൾ പകവീട്ടാൻ ഇറങ്ങുമ്പോൾ ലോകർ കൈയ്യടിച്ചത്.
ഒരു ഏകമുഖ രുദ്രാക്ഷം ഇരട്ട പുലിനഖങ്ങൾക്കു നടുവിൽ അതിങ്ങനെ കിടക്കുന്നു. പലതും ഓർമിപ്പിച്ചു കൊണ്ട്. കാലം കല്പനയാണ്. മായയും അത് പോയാലും പോവാതെ നിൽക്കുന്ന പലതുമുണ്ട്. ആ പലതിൽ
പ്രധാനിയും പ്രമാണിയുമാണ് ഈ മനുഷ്യൻ.
അഭിനയത്തിന്റെ ആത്മീയത സുമനസ്സുകളിലേക്കു സന്നിവേശിപ്പിക്കാൻ ഇദ്ദേഹം കാണിച്ച വൈഭവങ്ങൾക്ക് നാം ആരോടാണ് കടപ്പെട്ടിരിക്കുന്നത്. മലയാളികൾക്ക് കിട്ടിയ ‘മഹാ നിധി’യാണ് നമ്മളുടെ സ്വകാര്യ അഹങ്കാരമായ പ്രിയപ്പെട്ട മോഹൻലാൽ. ചിലർ മഹത്വപ്പെടുന്നത് ചിലരോടൊപ്പം ജീവിക്കാൻ കഴിഞ്ഞത് കൊണ്ട് കൂടിയാണ്.
അഭിനയം ഒരു യജ്ഞമാണെന്നു പറയാതെ പറയുന്നു മോഹൻലാൽ. മോഹനം ഒരു രാഗമാണെങ്കിൽ, മോഹൻലാൽ സംഗീതമാണ്. ശ്രുതി പിഴക്കാത്ത സ്വരശുദ്ധിയുള്ള ലക്ഷണമൊത്ത ശാസ്ത്രീയ സംഗീതത്തിന്റെ സമന്വയം. അതുകൊണ്ടാണ് ഈ മഹാപ്രതിഭയെ ഒറ്റ ഫ്രെയിമിൽ ഒതുക്കാൻ കഴിയാത്തത്.
എന്നും പുതുമ മാത്രം തരുന്ന, നമ്മുടെ ഹൃദയവികാരങ്ങളെ നിർമ്മലീകരിക്കുന്ന ഗംഗ പോലെ ആ മഹാപ്രവാഹം ഒഴുകിക്കൊണ്ടിരിക്കുന്നതും അത് കൊണ്ട് തന്നെ. ജന്മദിനം എന്നത് നമ്പറുകളുടെ കളിമാത്രമാണ്. ഇത്രയും കാലത്തിനുള്ളിൽ എന്ത് ചെയ്തു എന്നത് മാത്രമാണ് പ്രധാനം.
ആ പ്രാധാന്യത്തിന്റെ പ്രാധാന്യമാണ് മോഹൻലാൽ എന്ന ആ മഹാ നടനെ പ്രധാനിയാക്കുന്നത്.
എന്നും.എപ്പോഴും.ശംഭോ മഹാദേവ. പ്രിയ സുഹൃത്തിന്, സഹോദരന്, താരത്തിന്, ഇതിഹാസത്തിന്, എല്ലാറ്റിനും ഉപരി നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമക്ക് ഒരായിരം ജന്മദിനാശംസകൾ