മെഗാസ്റ്റാറിന്റെയും കുടുംബത്തേയും മലയാള സിനിമാ ആരാധകരേയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ് മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിലിന്റെ മരണം. 93 വയസ്സ് ആയിരുന്ന ഉമ്മ വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്നാണ് അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് വെള്ളിയാഴ്ച്ച പുലർച്ചെയായിരുന്നു അന്ത്യം.
പരേതനായ പാണപറമ്പിൽ ഇസ്മയിലിന്റെ ഭാര്യയാണ്. ഇസ്മയിൽ ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. പ്രശസ്ത ചലച്ചിത്ര സീരിയൽ നടൻ ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് മറ്റുമക്കൾ അതേ സമയം എന്നും ഉമ്മയ്ക്ക് പ്രിയപ്പെട്ട മകൻ ആയിരുന്നു മമ്മൂട്ടി. എനിക്കെന്നും അവൻ മമ്മൂഞ്ഞാണ് എന്നായിരുന്നു മകനെക്കുറിച്ച് ഉമ്മ പറയാറുള്ളത്.
ഒരിക്കൽ മാതൃഭൂമിയിൽ എഴുതിയ ഒരു കുറിപ്പിൽ മമ്മൂട്ടിയ കുറിച്ച് ഉമ്മ ഫാത്തിമ ഏരെ വാചാല ആയിരുന്നു. വല്യുപ്പയുടെ പേരായിരുന്നു അവനിട്ടത് മുഹമ്മദ് കുട്ടി. അത് പിന്നെ മമ്മൂട്ടിയായി. ഇന്ന് മലയാള സിനിമയുടെ അടയാളമാണ് ആ പേര്. എന്നാൽ മമ്മൂട്ടി എന്നു പേരുമാറ്റിയപ്പോൾ ഒരുപാട് അവനെ വഴക്കുപറഞ്ഞിട്ടുണ്ട്.
ഇന്ന് ആ പേരിൽ ഈ ഉമ്മയും ഏറെ സന്തോഷിക്കുന്നുണ്ടെങ്കിലും തനിക്ക് മാത്രം അന്നും ഇന്നും എന്നും അവൻ മമ്മൂഞ്ഞ് ആണ് വിവാഹം കഴിഞ്ഞ് അഞ്ച് കൊല്ലമാണ് ഒരു കുഞ്ഞിനു വേണ്ടി തങ്ങൾ കാത്തിരുന്നത്. അത്രയ്ക്ക് കൊതിച്ചുണ്ടായ കുട്ടിയായതിനാൽ എല്ലാവരും ഏറെ പുന്നാരിച്ചിരുന്നു.
Also Read
മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിൽ അന്തരിച്ചു, സങ്കടത്തിൽ ആരാധകർ
വല്യുപ്പയും വല്യുമ്മയുമാണ് അവനെ വളർത്തിയത്. ജനിച്ച് എട്ടാം മാസത്തിൽ തന്നെ മകൻ മുലകുടി നിർത്തിയിരുന്നു. പാലൊക്കെ അന്നേ കുടിച്ച് തീർത്തതു കാരണമാകാം ഇന്ന് അവന് പാൽച്ചായ വേണ്ട കട്ടൻ മാത്രമാണ് കുടിക്കുന്നതെന്നും തമാശയായി ഉമ്മ പറയുന്നു.
ചെറുപ്പത്തിലെ തന്നെ ഓട്ടവും ചാട്ടവും തന്നെയായിരുന്നു. ഒരു സമയം അടങ്ങിയിരിക്കാത്ത പ്രകൃതമായിരുന്നു. പതിനാല് വയസ്സുള്ളപ്പോഴേ ചെമ്പിൽ നിന്ന് ഒറ്റയ്ക്ക് കെട്ടുവള്ളവുമായി അക്കരെ പൂച്ചാക്കൽ വരെ പോയിട്ടുണ്ട്. തുഴയാനൊക്കെ അന്നേ നല്ല മരുങ്ങായിരുന്നുവെന്ന് പറയുന്ന ഉമ്മ തിരിച്ചു വന്നപ്പോൾ ഞാൻ നല്ലത് കൊടുത്തുവെന്നും പറയുന്നുണ്ട്. അടികൊണ്ട് അവൻ വള്ളത്തിലേക്ക് തന്നെ വീണുവെന്നും ഉമ്മ പറയുന്നു.
ചെറുപ്പത്തിൽ തന്നെ മമ്മൂട്ടിയുടെ മനസിൽ സിനിമയായിരുന്നു എന്നാണ് ഉമ്മ പറയുന്നത്. ആദ്യമായി സിനിമ കാണിക്കുന്നത് ബാപ്പയാണ്. ചെമ്പിലെ കൊട്ടകയിൽ കൊണ്ടു പോയാണ് സിനിമ കാണിക്കുന്നത്. പിന്നെ അനിയന്മാരുടെ കൂടെയായി പോക്ക്. ഒരു സിനിമ പോലും വിടുമായിരുന്നില്ലെന്നും ഉമ്മ ഓർക്കുന്നുണ്ട്. കോളേജിൽ എത്തിയപ്പോഴേക്കും അഭിനയിച്ചു തുടങ്ങിയിരുന്നു മമ്മൂട്ടി എന്ന അന്നത്തെ മുഹമ്മദ് കുട്ടി.
അഭിനയിക്കാൻ പോയി വരുമ്പോൾ അവിടുത്തെ ഓരോ വിശേഷവും വീട്ടിൽ പറയും. ചിലതൊക്കെ അഭിനയിച്ച് കാണിക്കു മായിരുന്നു എന്നും ഉമ്മ പറയുന്നു.ചെറുപ്പത്തിലെ അവൻ സ്വന്തം വഴി തിരിച്ചറിഞ്ഞു. അതിലെ പോയി. പടച്ചോന്റ കൃപ കൊണ്ട് അത് നല്ലതിലേക്കായിരുന്നു എന്നാണ് തന്റെ മകന്റെ നേട്ടങ്ങളെക്കുറിച്ച് ഉമ്മയ്ക്ക് പറയാനുള്ളത്.
അവന്റെ ആദ്യ കാലത്തെ ഒന്നു രണ്ട് സിനിമകളൊക്കെ അവനോടൊപ്പം ഞാൻ തീയേറ്ററിൽ പോയി കണ്ടിട്ടുണ്ട് എന്നും ആ ഉമ്മ അഭിമാനത്തോടെ പറയുന്നു. മകൻ അഭിനയിച്ച എല്ലാ സിനിമകളും ഇഷ്ടമാണ്. അതങ്ങനെയല്ലേ വരൂ. കാണാ മറയത്തും തനിയാവർത്തനവുമാണ് ഇഷ്ട സിനിമകൾ.
തനിയാവർത്തനത്തിൽ സ്വന്തം അമ്മ തന്നെ അവനെ വിഷം കൊടുത്ത് കൊല്ലുന്നത് കണ്ടപ്പോ നെഞ്ചിൽ എന്തോ ഒന്നു കുത്തിക്കൊണ്ടതു പോലെ തോന്നിയെന്നും ഞാൻ അവന്റെ ഉമ്മയല്ലേ എന്നുമാണ് ഉമ്മ പറയുന്നത്. സിനിമയ്ക്ക് വേണ്ടി മകൻ പല താഗ്യങ്ങളും സഹിച്ചിട്ടുണ്ടെന്നാണ് ഫാത്തിമ ഉമ്മ പറയുന്നത്.
കൊഴുവയും ചെമ്മീൻ പൊരിച്ചതുമൊക്കെ അവന് വളരെ ഇഷ്ടമായിരുന്നുവെന്നും ഉമ്മ പറയുന്നു. ഇന്നും ചിലപ്പോഴൊക്കെ അവൻ എന്നോട് ചോദിക്കാറുണ്ട്, ഉമ്മ അടുക്കളയിൽ കയറി പണ്ടത്തെ ആ രുചിയുള്ള മീൻ കറിയൊക്കെ ഉണ്ടാക്കി തരുമോയെന്ന് എന്നും അവർ പറയുന്നു. ബാപ്പയ്ക്ക് മകനെ ഡോക്ടർ ആക്കണം എന്നായിരുന്നു ആഗ്രഹം, പക്ഷെ അവൻ നടനായി.
ഇപ്പോൾ മക്കളും പേരക്കുട്ടികളുമൊക്കെ സിനിമാക്കാരാണെന്നും ഉമ്മ പറയുന്നു. അതേസമയം, മകൻ വലിയ ആളായി എന്ന് ഞാൻ ഒരിക്കലും അഹങ്കരിച്ചിട്ടില്ല. അങ്ങനെയൊരുക്കലും തോന്നാൻ പാടില്ല. എല്ലാം ദൈവനിശ്ചയം. അങ്ങനെ നടക്കുന്നു. നമ്മൾക്ക് അതിലെന്ത് പങ്ക് എന്നാണ് ഉമ്മ ചോദിക്കുന്നത്. ഇപ്പോ അവനെ കാണാൻ സാധിക്കുന്നില്ലല്ലോ എന്നൊരു സങ്കടം മാത്രമേയുള്ളൂവെന്നും ഉമ്മ പറയുന്നു.
എപ്പോഴും കാണണമെന്ന് തോന്നും. പക്ഷേ അവന്റെ തിരക്കുകൾ മറ്റാരെക്കാളും നന്നായി എനിക്കറിയാം. പിന്നെ വിരലുകൊണ്ട് ഒന്നമർത്തിയാൽ അവനെ കാണാലോ. ടിവിയിൽ ദിവസം എത്ര പ്രാവശ്യം അവൻ വന്നുപോകുന്നു എന്നാണ് ഉമ്മ പറയുന്നത്.
സ്‌ക്രീനിൽ മകനെ കാണുമ്പോൾ ചെമ്പിലെ അവന്റെ കുട്ടിക്കാലം ഓർക്കും എന്നാണ് ഉമ്മ പറയുന്നത്. ഞങ്ങൾക്ക് മുമ്പിൽ അഭിനയിച്ച, പാട്ടുപാടിയ, ഞാൻ ചോറുരുട്ടി കൊടുത്ത കുട്ടിയല്ലേ ഇത്, എന്റെ സ്വന്തം മമ്മൂഞ്ഞ് എന്നാകും തന്റെ ചിന്തയെന്നാണ് ഉമ്മ ആ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.