കൈ പിറകിൽ കെട്ടി, സിന്ദൂര കുറി തൊട്ട് നടന്നുവരുന്ന സേതുരാമയ്യർ, പശ്ചാത്തലത്തിൽ മുഴങ്ങുന്ന വിഖ്യാതമായ ബിജിഎം. സിബിഐ എന്ന് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ ഉള്ളിൽ പൊതുവെ വരുന്ന ചിത്രമാണിത്.
32 വർഷങ്ങൾക്ക് മുമ്പാണ് സിബിഐ സീരിസിലെ ആദ്യ ചിത്രം റിലീസ് ആവുന്നത്.
ചിത്രത്തിന്റെ അഞ്ചാം ഭാഗം തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ അണിയറയിൽ നടന്നുകൊണ്ടിരിക്കുകയാണ്.
ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറിയ കൈ പിറകിൽ കെട്ടി നടക്കുന്നതും മറ്റും മമ്മൂട്ടിയുടെ നിർദ്ദേശ പ്രകാരം വരുത്തിയതാണെന്നാണ് സംവിധായകൻ കൂടിയായ കെ.മധു പറഞ്ഞത്.
കഥാപാത്രം അയ്യരാവണമെന്ന നിർദ്ദേശവും മമ്മൂട്ടിയാണ് മുന്നോട്ട് വെച്ചതെന്ന് കെ മധു പറഞ്ഞു. മമ്മൂട്ടിയാണ് കൈ പിറകിൽ കെട്ടുന്ന രീതിയും നടപ്പും മുറുക്കും എല്ലാം കൊണ്ടുവന്നത്. കഥാപാത്രം അയ്യരായാൽ നന്നായിരിക്കുമെന്ന് നിർദേശിച്ചതും മമ്മൂട്ടിയാണ്. അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതായിരുന്നു. കെ മധു പറഞ്ഞു.
ചിത്രത്തിനായി ആദ്യം അലി ഇമ്രാൻ എന്ന പേരിലുള്ള കഥാപാത്രത്തിനെയായിരുന്നു ഉണ്ടാക്കിയതെന്ന് പഴയ ഒരു അഭിമുഖത്തിൽ ചിത്രത്തിന്റെ തിരക്കഥാകൃത്തായ എസ്എൻ സ്വാമി പറഞ്ഞിരുന്നു. പിന്നീട് ഈ കഥാപാത്രത്തിന്റെ പേര് മൂന്നാംമുറയിലെ മോഹൻലാലിന്റെ കഥാപാത്രത്തിന് ഇടുകയായിരുന്നു.