കൊച്ചി: ബിജു മേനോൻ, മഞ്ജു വാര്യർ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലളിതം സുന്ദരം. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. മഞ്ജു വാര്യർ പ്രൊഡക്ഷൻസും സെഞ്ചുറിയും ഒന്നിച്ചാണ് ലളിതം സുന്ദരം നിർമ്മിക്കുന്നത്.
മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടത്.മഞ്ജു വാര്യരും ബിജു മേനോനും ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിച്ചഭിനയിക്കുന്ന ചിത്രം മധു വാര്യരുടെ ആദ്യ സംവിധാന സംരംഭമാണ്.
ഇന്നലെകൾ ഇല്ലാതെ, കുടമാറ്റം, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, പ്രണയവർണങ്ങൾ, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷമാണ് ലളിതം സുന്ദരത്തിലൂടെ മഞ്ജു വാര്യരും ബിജു മേനോനും ഒന്നിക്കുന്നത്.
ദി ക്യാംപസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ മധു വാര്യർ പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായിരുന്നു. നേരറിയാൻ സിബി ഐ, ഭരത്ചന്ദ്രൻ ഐപിഎസ്, ഇമ്മിണി നല്ലൊരാൾ, ഇരുവട്ടം മണവാട്ടി, പൊന്മുടിപ്പുഴയോരത്ത്, പറയാം തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ മധു വാര്യർ അഭിനയിച്ചിട്ടുമുണ്ട്. നിർമ്മാണത്തിലും സാന്നിധ്യം അറിയിച്ചിട്ടുള്ള മധു വാര്യർ സ്വലേ, മായാമോഹിനി എന്നീ ദിലീപ് ചിത്രങ്ങളുടെ നിർമ്മാണം നിർവ്വഹിച്ചിരുന്നു.