രണ്ട് ഘട്ടങ്ങളായി ഏതാണ്ട് 25 വർഷകത്തോളമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മഞ്ജു വാര്യർ. മലയാളി പ്രേക്ഷകർക്ക് മികച്ച സ്ത്രീ കഥാപാത്രങ്ങൾ സമ്മാനിച്ച മഞ്ജു വാര്യർ ലേഡി സൂപ്പർതാരം എന്നാണ് അറിയപ്പെടുന്നത്.
ആദ്യ ചിത്രമായ സല്ലാപം മുതൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പ്രതി പൂവൻകോഴി എടുത്തു നോക്കിയാൽ ഇത് വ്യക്തമാണ്. നടിയുടെ സിനിമ കഥാപാത്രങ്ങളെ പോലെ തന്നെയാണ് വ്യക്തി ജീവിതത്തിലും കൃത്യമായ നിലപാടും കാഴ്ചപ്പാടും മഞ്ജുവിന് ഉണ്ട്. ധൈര്യപൂർവ്വം അത് നടി തുറന്ന് പറയാറുമുണ്ട്.
ഇപ്പോഴിതാ തന്റെ വിശ്വാസത്തെകുറിച്ച് വെളിപ്പെടുത്തുകയാണ് മഞ്ജു വാര്യർ. കന്യക മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ വിശ്വാസത്തെ കുറിച്ചും ജാതിമതത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുന്നത്.
ഒരു ജാതിയിലും മതത്തിലും തനിക്ക് വിശ്വസമില്ലെന്നാണ് മഞ്ജു വാര്യർ പറയുന്നത്. മഞ്ജു വാര്യരുടെ വാക്കുകൾ ഇങ്ങനെ:
ഏതെങ്കിലും ഒരു ജാതിയിലോ മതത്തിലോ വിശ്വസിക്കുന്ന ആളല്ല ഞാൻ. അമ്പലത്തിലും പള്ളിയിലൊമൊക്കെ പോകാറുണ്ട്. എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്. പ്രപഞ്ചമെന്ന വലിയ ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു. അതിനെ ഒരു മതത്തിന്റെ പേരിട്ടു വിളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ലെന്നും മഞ്ജു വാര്യർ പറയുന്നു.
വിശ്വാസത്തെ കുറിച്ചുള്ള നടിയുടെ നിലപാട് പ്രേക്ഷകരുടെ ഇടിൽ ചർച്ചയായിട്ടുണ്ട്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതേ സമയം നിരവധി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. മരക്കാർ: അറബിക്കടലിന്റെ സിംഹം ആണ് മഞ്ജുവിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.
ജാക്ക് ആൻഡ് ജിൽ, കയറ്റം, ചതുർമുഖം, ദ പ്രീസ്റ്റ്, ലളിതം സുന്ദരം, പടവെട്ട്, വെള്ളിരിക്ക പട്ടണം തുടങ്ങിയവയാണ് തിയേറ്ററുകളിൽ എത്താനുള്ള മഞ്ജുവിന്റെ ചിത്രങ്ങൾ. അതേസമയം, മഞ്ജു സഹോദരൻ മധു വാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് കടക്കുകയാണ്.
ബിജു മേനോനാണ് ചിത്രത്തിലെ നായകൻ. മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മഞ്ജു തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.