രജീഷ വിജയൻ നായികയായി എത്തിയ ജൂൺ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ പ്ലസ്ടു വിദ്യാർത്ഥിനിയായ കുഞ്ഞിയായും മണിയറയിലെ അശോകനിലെ റാണി ടിച്ചർ ആയും മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് നയന എൽസ. ജൂണിന് പിന്നാലെ മണിയറയിലെ അശോകൻ എന്ന ചിത്രത്തിലെ റാണി ടീച്ചറും നടിയുടെതായി പ്രേക്ഷകർ സ്വീകരിച്ചിരുന്നു.
അഭിനയത്തിന് പുറമെ ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിരുന്നു നയന. ഇപ്പോൾ മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഉണ്ടായ ഒരു അനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ അനുഭവങ്ങൾ തുറന്ന് പറഞ്ഞത്.
ആദ്യമായി സഹ സംവിധായികയായ അനുഭവമാണ് നയന അഭിമുഖത്തിൽ പങ്കുവെച്ചത്. മണിയറയിലെ അശോകനിൽ അനുപമ പരമേശ്വരൻ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്യുന്നുണ്ടായിരുന്നു. ഷൂട്ടിങ് തുടങ്ങി നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ സംവിധായകൻ ഒരു ചോദ്യം, നീയും അസിസ്റ്റന്റ് ആകുന്നോ? കേട്ടപാടേ സമ്മതിച്ചെങ്കിലും പിന്നെയാണ് അതു കട്ടിപ്പണി ആണെന്ന് മനസ്സിലായത്.
ക്ലാപ്പ് അടിക്കുന്നത് മുതൽ അഭിനയിക്കുന്നവരുടെ കോസ്റ്റ്യൂം ശരിയാക്കുന്നതു വരെയുള്ള ജോലിയുണ്ട്. എന്റെ സീൻ വരുമ്ബോൾ അഭിനയിക്കുകയും വേണം. ഇതിനിടെ ഒരു രസമുണ്ടായി. പാലക്കാട്ടെ ഒരു കവലയിലായിരുന്നു ഉണ്ണിമായേ സോങ് എടുത്തത്.
രാവിലെ ഷൂട്ടിങ് തുടങ്ങി ഏതാണ്ട് ഉച്ചയ്ക്ക് 12 ആയപ്പോഴേക്കും ഞാനതാ കിടക്കുന്നു ബോധം കെട്ട്. വെയിലു കൊണ്ടപ്പോൾ ചെറുതായൊന്ന് തല കറങ്ങിയതാ. ദുൽഖർ സൽമാൻ നിർമ്മിച്ച മണിയറയിലെ അശോകനിൽ ജേക്കബ് ഗ്രിഗറിയായിരുന്നു നായക വേഷത്തിൽ അഭിനയിച്ചത്.
ചിത്രത്തിൽ കൃഷ്ണശങ്കറിന്റെ ജോഡിയായിട്ടാണ് നയന എത്തിയത്. നയനയ്ക്ക് പുറമെ അനുപമ പരമേശ്വരൻ, അനു സിത്താര, നസ്രിയ തുടങ്ങിയവരും ചിത്രത്തിലെ നായികമാരായിരുന്നു. ഇവർക്കൊപ്പം ദുൽഖറും ചിത്രത്തിൽ അതിഥി വേഷത്തിൽ അഭിനയിച്ചു.