തമിഴകത്തിന്റെ മക്കൾ ശെൽവം വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളാക്കി സി പ്രേംകുമാർ സംവിധാനം ചെയ്ത ചിത്രമായിരുന്നു 96. 2018ലെ ട്രെൻഡ് സെറ്റർ തമിഴ് ചിത്രം മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും വമ്പൻ തരംഗമാണ് സൃഷ്ടിച്ചത്. റാമായി വിജയ് സേതുപതിയും ജാനുവായി തൃഷയും വെള്ളിത്തിരയിൽ എത്തിയപ്പോൾ പ്രേക്ഷകർക്ക് അത് ഭൂതകാലങ്ങളിലേക്കുള്ള മടങ്ങി പോക്കായിരുന്നു.
എന്നാൽ ചിത്രത്തിൽ ജാനു എന്ന കഥാപാത്രത്തിനായി സംവിധായകൻ ആദ്യം ആലോചിച്ചിരുന്നത് മഞ്ജു വാര്യരെ ആയിരുന്നുവെന്ന് വെളിപ്പെടുത്തിരിക്കുകയാണ് താരം ഇപ്പോൾ. മഞ്ജു വാര്യറുടെ വാക്കുകൾ ഇങ്ങനെ:
ഈ അടുത്താണ് ഇക്കാര്യം അറിയാൻ ഇടയായത്. ഒരു അവാർഡ് ഷോയിൽ പങ്കെടുക്കാൻ ഈയിടെ ദുബായിൽ പോയിരുന്നു. വിജയ് സേതുപതിയും ഉണ്ടായിരുന്നു അവിടെ. അവാർഡ് വാങ്ങി പോരുമ്ബോൾ വിജയ് പിന്നാലെ വന്നു, ഒരാൾക്ക് നിങ്ങളെ കാണണമെന്ന് പറഞ്ഞു. ആരാണെന്ന് ചോദിച്ചപ്പോൾ 96ന്റെ സംവിധായകൻ പ്രേം ആണെന്ന് പറഞ്ഞു. ഞാൻ നിങ്ങളുടെ വലിയ ഫാനാണെന്നും 96ലേക്ക് നിങ്ങളെ അന്വേഷിച്ചിരുന്നുവെന്നും പ്രേം പറഞ്ഞു.
എനിക്ക് അത് ഷോക്ക് ആയി. അക്കാര്യം ഞാൻ അറിഞ്ഞിരുന്നേയില്ല. ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ വന്നേനെ എന്ന് ഞാൻ പറഞ്ഞു. വിജയ്യുടെ ഡേറ്റിന്റെ ചില പ്രശ്നങ്ങൾ കാരണം ഷൂട്ടിംഗ് ഷെഡ്യൂളിൽ പല ആശയക്കുഴപ്പങ്ങളും ഉണ്ടായിരുന്നെന്ന് പറഞ്ഞു. സാഹചര്യം അത്തരത്തിൽ ആയിരുന്നതിനാൽ അതിലേക്ക് എന്നെക്കൂടി കൊണ്ടുവരേണ്ടെന്ന് കരുതിയെന്നും പ്രേം പറഞ്ഞതായി മഞ്ജു പറയുന്നു.
പ്രേം പറഞ്ഞത് കേട്ടപ്പോൾ 96ൽ ഉണ്ടായിരുന്നെങ്കിലെന്ന് തോന്നിയെങ്കിലും എല്ലാ സിനിമകൾക്കും ഒരു നിയോഗമുണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്നും മഞ്ജു പറഞ്ഞു. ‘തൃഷയെക്കാൾ നന്നായി ആ കഥാപാത്രത്തെ ആർക്കും ചെയ്യാൻ കഴിയില്ലെന്ന് ഞാൻ കരുതുന്നു.
വളരെ വിശ്വസനീയമായിരുന്നു തൃഷയുടെ പ്രകടനം. മനോഹരമായാണ് ആ കഥാപാത്രത്തെ അവർ അവതരിപ്പിച്ചത്. അടുത്ത പടത്തിൽ എന്തെങ്കിലും കൺഫ്യൂഷൻ ഉണ്ടെങ്കിൽക്കൂടി വിളിച്ചോളൂ എന്നാണ് പ്രേമിനോട് പറഞ്ഞിരിക്കുന്നതെന്നും മഞ്ജു പറഞ്ഞു.