ധനുഷും സംവിധായകനായ സഹോദരൻ സെൽവ രാഘവനും വർഷങ്ങൾക്കു ശേഷം ഒന്നിക്കുന്നു. ചിത്രത്തിന്റെ തിരക്കഥാരചന പുരോഗമിക്കുന്ന വിവരം സെൽവ രാഘവൻ സാമൂഹ്യ മാധ്യങ്ങളിലൂടെ പങ്കുവച്ചു. ധനുഷിന്റെ എല്ലാ സിനിമാ വിജയത്തിലും നന്ദി പറയുന്നപേരാണ് സഹോദരൻ സെൽവ രാഘവൻ.
2003ൽ ഇറങ്ങിയ ‘കാതൽ കൊണ്ടൈ’നാണ് ധനുഷിനെ തമിഴ് സിനിമയിൽ ശ്രദ്ധേയനാക്കിയത്. സെൽവയാണ് സിനിമ ഒരുക്കിയത്. ധനുഷിന്റെ കരിയറിലെ ആദ്യ ഘട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ ചിത്രം ‘പുതുപ്പേട്ട’, വലിയ നിരൂപക പ്രശംസ നേടിയ ‘മയക്കം എന്ന’ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തതും സെൽവയായിരുന്നു.
കാർത്തിക് സുബരാജിനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയ ധനുഷ് ഇപ്പോൾ കുടുംബത്തിനൊപ്പം അവധിയാഘോഷിക്കുകയാണ്. ‘സുരുളി’യെന്ന് പേരിട്ട സിനിമയുടെ ചിത്രീകരണം ലണ്ടനിലായിരുന്നു. മലയാളി താരങ്ങളായ ഐശ്വര്യ ലക്ഷ്മിയും ജോജുവും സിനിമയിലുണ്ട്. ഗെയിം ഓഫ് ത്രോൺസിന്റെ ഭാ?ഗമായ ഹോളിവുഡ് നടൻ ജെയിംസ് കോസ്‌മോയും പ്രധാന വേഷത്തിലുണ്ട്.
ഏറെനാളത്തെ കാത്തിരിപ്പിനുശേഷം ധനുഷ് ഗൗതം മേനോൻ ചിത്രം എന്നെ നോക്കി പായും തോട്ട ഈ മാസം തിയറ്ററിലെത്തും. രജനികാന്തിന്റെ എ ആർ മുരുകദോസ് ചിത്രം ദർബാറിനൊപ്പം ധനുഷിന്റെ ‘പട്ടാസും’ പൊങ്കലിന് തിയറ്ററിലെത്തും.
സ്‌നേഹ നായികയായി എത്തുന്ന ചിത്രം ഒരുക്കുന്നത് ദുരൈ സെന്തിലാണ്. പരിയേറും പെരുമാൾ സംവിധാനംചെയ്ത് ശ്രദ്ധേയനായ മാരി സെൽവരാജിന്റെ ‘കർണ’നിൽ നായകൻ ധനുഷാണ്. ത്രില്ലർ ചിത്രം രാക്ഷസൻ ഒരുക്കിയ റാം കുമാറിനൊപ്പമുള്ള ധനുഷ് ചിത്രത്തിന് ശേഷമായിരിക്കും സെൽവരാഘവനൊപ്പം ചേരുക.
സൂര്യക്കൊപ്പമുള്ള പൊളിറ്റിക്കൽ ത്രില്ലർ എൻജികെയാണ് അവസാനം തിയറ്ററിലെത്തിയത്. 7ജി റെയിൻബോ കോളനി, ആയിരത്തിൽ ഒരുവൻ തുടങ്ങിയ തമിഴിലെ ശ്രദ്ധേയ സിനിമകൾ ഒരുക്കിയ സംവിധായകനാണ് സെൽവ രാഘവൻ.