തമിഴ് സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടിയ താരമാണ് വിജയ് സേതുപതി. തന്റെ കഥാപാത്രങ്ങളോട് നൂറ് ശതമാനം നീതി പുലർത്തുന്ന താരം കൂടിയാണ് മക്കൾ സെൽവം വിജയ് സേതുപതി.
അതുകൊണ്ടുതന്നെ താരം എപ്പോഴും പ്രേക്ഷകർക്ക് പ്രിയനകരനാണ്. വിജയ് സേതുപതിയും നിത്യ മേനോനും ജോഡികളാകുന്ന പുതിയ മലയാള ചിത്രം ഒരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. തെന്നിന്ത്യൻ സിനിമയിലെ മികച്ച നായികനടിമാരിൽ ഒരാളാണ് നിത്യ മേനോൻ.
നവാഗതയായ ഇന്ദു വിഎസ് ആണ് പുതിയ ചിത്രം അണിയിച്ചൊരുക്കുന്നത്. മാർക്കോണി മത്തായി എന്ന ജയറാം നായകനായ ചിത്രത്തിൽ അതിഥി വേഷത്തിൽ വിജയ് സേതുപതി എത്തിയിരുന്നു. ഒക്ടോബർ അവസാനം ചിത്രീകരണം ആരംഭിക്കുന്ന സിനിമ പൂർണമായും കേരളത്തിലായിരിക്കും ചിത്രീകരിക്കുന്നത്.
ആന്റോ ജോസഫ് ആണ് ചിത്രം നിർമിക്കുന്നത്. പ്രേക്ഷകർക്ക് വളരെയേറെ ഇഷ്ടപ്പെട്ട താരങ്ങൾ ഒരുമിക്കുന്ന ചിത്രമായതിനാൽ ആരാധകർ വളരെ പ്രതീക്ഷയിലാണ്. അതേ സമയം വിജയ് സേതുപതി വില്ലനായി അഭിനയിക്കുന്ന ദളപതി വിജയ് ചിത്രം മാസ്റ്റർ റിലീസ് ആകുന്നതും കാത്തിരിക്കുകയാണ് ആരാധകർ.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റർ ഇക്കഴിഞ്ഞ ഏപ്രിലിൽ റിലീസ് ചെയ്യേണ്ടിയിരുന്നതാണ്. എന്നാൽ ലോക്ഡൗൺ മൂലം റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു.