വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സൂപ്പർഹിറ്റായ പാരിജാതം എന്ന സീരിയലിൽ അരുണ, സീമ എന്നീ ഇരട്ടകഥാപാത്രമായി തിളങ്ങിയ നടിയാണ് രസ്ന. ആറാം ക്ലാസ് മുതൽ അഭിനയ രംഗത്തെത്തിയ രസ്‌ന നിരവധി കഥാപാത്രങ്ങളെയാണ് മിനി സ്‌ക്രീനിൽ അവതരിപ്പിച്ചത്.
ഒരേ സമയം വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളുമായി മലയാളികളെ വിസ്മയിപ്പിച്ച രസ്‌ന ഇന്ന് അഭിനയ രംഗത്തുമില്ല, നടിക്ക് രസ്‌ന എന്ന പേരുമില്ല. പകരം സാക്ഷിയാണ്. പുതിയ പേരും സ്വീകരിച്ച് പുതിയ ജീവിതവുമായി സംതൃപ്തിയോടെ കഴിയുകയാണ് പഴയ രസ്‌ന ഇപ്പോൾ.
അഭിനയത്തിൽ നിന്നും ഇടവേള എടുത്ത രസ്‌ന അഭിനയം നിർത്തി എന്ന് പറയാനാകില്ല എന്ന് വ്യക്തമാക്കുകയാണ്. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് രസ്‌ന ഇക്കാര്യം വ്യക്തമാക്കിയത്. ഒരുകാലത്ത് മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു രസ്‌ന.
ചോക്ലേറ്റ്, കാര്യസ്ഥൻ, വെള്ളരിപ്രാവിന്റെ ചങ്ങാതി തുടങ്ങിയ സിനിമകളിലും ചെറിയ വേഷങ്ങളിൽ രസ്‌ന അഭിനയിച്ചിട്ടുണ്ട്. 6ാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി രസ്‌ന ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ഷാജു ശ്രീധറിന്റെ സംഗീത ആൽബങ്ങളായിരുന്നു തുടക്കം.
അമ്മക്കായ് എന്ന സീരിയലിൽ അഭിനയിച്ചതോടെയാണ് രസ്‌ന മലയാളം ടിവി പരമ്പരകളിലെ മുൻ നിര നായികമാർക്കൊപ്പം വളരുന്നത്. തുടർന്ന് പ്രശസ്ത സംവിധായകനും താരത്തിന്റെ ജീവിത നായകനുമായ ബൈജു ദേവരാജന്റെ സൂപ്പർ ഹിറ്റ് മെഗാ പരമ്പര പാരിജാതത്തിലേക്കുള്ള എൻട്രി. ശേഷം സിന്ദൂരച്ചെപ്പ്, വൃന്ദാവനം, വധു, നന്ദനം തുടങ്ങിയ സീരിയലുകളിലും താരം മിന്നിത്തിളങ്ങി.
എന്നാൽ പിന്നെ രസ്ന അഭിനയത്തിൽ നിന്നും ഇടവേളയെടുത്തു. ഇപ്പോൾ രണ്ടു കുട്ടികളുടെ അമ്മയാണ് രസ്ന. എൽകെജി കാരിയായ ദേവനന്ദയുടെയും, ഒന്നര വയസ്സുകാരനായ വിഘ്നേഷിന്റെയും. അവരുടെ കൂടെയാണ് ഇപ്പോൾ രസ്ന എന്ന സാക്ഷി മുഴുവൻ സമയവും ചെലവഴിക്കുന്നത്.
ഇപ്പോൾ അഭിനയത്തിനെപ്പറ്റി ചിന്തിക്കാൻ പോലും സമയം ഇല്ല. കുട്ടികൾക്കും ഭർത്താവിനുമൊപ്പം അത്രയും തിരക്കാണ് എന്ന് രസ്ന പറയുന്നു. ഏട്ടൻ ജോലി തിരക്കുകളിൽ ആണ്. അപ്പോൾ അദ്ദേഹത്തിനും ഒരു പിന്തുണയുടെ ആവശ്യം ഉണ്ട്. മാത്രമല്ല അവർ മൂന്നാളുടെയും കാര്യം ഞാൻ തന്നെ നോക്കണം എന്ന നിർബന്ധം എനിക്കുണ്ടെന്ന് സാക്ഷി പറയുന്നു. ഇപ്പോൾ എത്ര വലിയ റോളുകൾ വന്നാലും ഞാൻ സ്വീകരിക്കില്ല.
അതിപ്പോൾ സിനിമ ആണെങ്കിലും സീരിയൽ ആണെങ്കിലും ശരി കുടുംബം കഴിഞ്ഞേ മറ്റെന്തും എനിക്കൊള്ളൂവെന്ന് പഴയ കുസൃതി ചിരിയോടെ രസ്‌ന പറയുന്നു. താൻ സീരിയലുകളിൽ അഭിനയിക്കുമ്പോൾ ഇന്നത്തെപോലെ സിനിമയും സീരിയലും ഒരേ പോലെ കൊണ്ട് പോകാൻ സാധിക്കില്ലായിരുന്നു എന്നും താരം ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല സീരിയൽ താരങ്ങളോട് എല്ലാവർക്കും ഒരു തരം പുച്ഛ ഭാവവും ആയിരുന്നു എന്നും സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാതിരുന്നതിനെ കുറിച്ച് താരം പറയുന്നു.
അതേ സമയം നേരത്തെ രസ്‌ന തടവിലാണെന്നും, സീരിയൽ നിർമ്മാതാവ് ഒളിച്ച് താമസിപ്പിക്കുക ആണെന്നും പറഞ്ഞ്കഴിഞ്ഞ ഗോസിപ്പുകൾ പരന്നിരുന്നു. എന്നാൽ എല്ലാ കാര്യങ്ങൾക്കും മറുപടി നൽകി രസ്‌ന തന്നെ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു.
താൻ വിവാഹം കഴിഞ്ഞ് സുഖമായി ജീവിക്കുകയാണെന്ന് വെളിപ്പെടുത്തിയാണ് രസ്‌ന അന്ന് രംഗത്തെത്തിയത്. വിവാഹ ശേഷം അഭിനയത്തോട് വിട പറഞ്ഞ തന്നെ കുറിച്ച് ഗോസിപ്പുകൾ പരന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഇത്തരം ഒരു വീഡിയോയുമായി എത്തിയത് എന്ന മുഖവുരയോടെയായിരുന്നു രസ്‌ന അന്ന് ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
വ്യത്യസ്ത ജാതിയിലുള്ള ആളെയാണ് താൻ വിവാഹം കഴിച്ചത്. തന്നെ ഒരും പൂട്ടിയിട്ടിട്ടില്ല, ഒളിവിലുമല്ല എനിക്കിഷ്ടപ്പെട്ട വ്യക്തിയുമായി സന്തോഷ പൂർവ്വം ജീവിക്കുകയാണ് താൻ. എന്റെ കുടുംബത്തിന് ഈ ബന്ധത്തിൽ വലിയ താത്പര്യം ഇല്ലാഞ്ഞത് കൊണ്ടാണ് അതിന് പബ്ലിസിറ്റി നൽകാഞ്ഞതെന്നും രസ്‌ന പറഞ്ഞിരുന്നു.