വർഷാവർഷം ഓണവും വിഷുവും പോലെ പ്രളയത്തെ പ്രതീക്ഷിക്കേണ്ട അവസ്ഥയിലേക്കാണ് കേരളം നീങ്ങുന്നതെന്ന് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. അതിജീവിച്ചു എന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് വീണ്ടും മറ്റൊരു മഹാദുരന്തം വന്നതെന്നും മമ്മൂട്ടി പറഞ്ഞു.
പരിസ്ഥിതിയോടുള്ള നമ്മുടെ സമീപനവും കാലാവസ്ഥയെയും പ്രകൃതിയെയും വിലകുറച്ചു കാണുന്നതും കൊണ്ടാകാം ദുരന്തങ്ങൾ ആവർത്തിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.
എറണാകുളം പ്രസ്ക്ലബും കേരള ലളിതകലാ അക്കാദമിയും ഇന്ത്യൻ ഓയിൽ കോർപറേഷനും ഫോട്ടോഗ്രഫി ദിനത്തിൽ സംഘടിപ്പിച്ച പ്രളയ ചിത്രങ്ങളുടെ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മമ്മൂട്ടി.
പ്രളയങ്ങളിൽ നിന്ന് മലയാളി പഠിച്ച മാനുഷിക ഗുണങ്ങൾ എന്നും നിലനിർത്തണമെന്ന് ഹൈബി ഈഡൻ എം.പി അഭിപ്രായപ്പെട്ടു.
കൊച്ചിയിലെ മാധ്യമസ്ഥാപനങ്ങളിലെ ഫോട്ടോഗ്രാഫർമാർ പകർത്തിയ നൂറോളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. പരിപാടിയിൽ വെള്ളപ്പൊക്കത്തിൽ രക്ഷകരായെത്തിയ മത്സ്യത്തൊഴിലാളികളെ ആദരിച്ചു. എക്സിബിഷൻ 21ന് സമാപിക്കും.