മലയാളത്തിലെ എവർഗ്രീൻ സൂപ്പർഹിറ്റായ ദേവാസുരം പോലെ തന്നെ പ്രേക്ഷകർ ആഘോഷമാക്കിയ ചിത്രമാണ് രഞ്ജിത്ത് സംവിധാനം ചെയ്ത രാവണപ്രഭു. മംഗലശ്ശേരി നീലകണ്ഠന്റെ മകൻ കാർത്തികേയൻ നിറഞ്ഞാടിയ ചിത്രമായിരുന്നു രഞ്ജിത്തിന്റെ തൂലികയിൽ പിറന്ന ഈ ഹിറ്റ് ചിത്രം.
ദേവാസുരത്തിലെ നീലകണ്ഠനേക്കാൾ തന്റെ മനസ്സിനോട് കൂടുതൽ ചേർന്ന് നിൽക്കുന്ന കഥാപാത്രമാണ് രാവണപ്രഭുവിലെ നീലകണ്ഠനെന്നു തുറന്നു സമ്മതിക്കുകയാണ് രഞ്ജിത്ത്, എന്നാൽ രാവണപ്രഭുവിലെ കാർത്തികേയൻ തന്റെ ഇഷ്ട കഥാപാത്രങ്ങളുടെ ലിസ്റ്റിൽ ഇല്ലെന്നും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ രഞ്ജിത്ത് വ്യക്തമാക്കുന്നു.
ദേവാസുരത്തിലെ നീലകണ്ഠനേക്കാൾ എനിക്ക് പ്രിയപ്പെട്ടത് രാവണപ്രഭുവിലെ നീലകണ്ഠനെയാണ്. അയാൾ പറയുന്നൊരു ഡയലോഗ് ഉണ്ട്. ഈ ആയിരത്തിന്റെ ഒറ്റ നോട്ടൊക്കെ ഇറങ്ങിയിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. ഞാനിതുവരെ കണ്ടിട്ടില്ല. അതേ സമയം കാർത്തികേയൻ എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ ലിസ്റ്റിൽ ഇല്ല.
നീലകണ്ഠൻ മരിച്ചതിൽ ഭയങ്കരമായി വിഷമിച്ച ആളുകളുണ്ട്. രാവണപ്രഭു റിലീസായി കുറച്ചു കാലം കഴിഞ്ഞു ഞാൻ തൃശൂർ പൂരത്തിന് ചില സുഹൃത്തുക്കൾക്കൊപ്പം പോയി. അവിടെ വച്ച് കണ്ട ഒരു ചങ്ങാതി ആകെ വിഷമിച്ചു പറഞ്ഞു.
രഞ്ജിയേട്ടൻ ഇങ്ങനെയൊരു ചതി ചെയ്യരുതായിരുന്നു. നീലകണ്ഠന്റെ മരണം ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്നില്ല. നീലകണ്ഠനെ ആളുകൾ അത്രയേറെ സ്‌നേഹിച്ചിരുന്നു എന്ന് കേട്ടപ്പോൾ സന്തോഷം തോന്നി.