ഏഷ്യാനെറ്റിലെ ഏറ്റവു വലിയ റിയാലിറ്റി ഷോയായ ബിഗ്‌ബോസ് മലയാളം പതിപ്പിന്റെ അഞ്ചാം സീസൺ സംഭവ ബഹുലമായി മുന്നേറി കൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് നാലിലൂടെ ശ്രദ്ധേയനായ താരമായിരുന്നു ഡോ. റോബിൻ രാധാകൃഷ്ണൻ.
ഏറെ വിവാദങ്ങളിലും പെട്ടിട്ടുള്ള റോബിൻ ബിഗ് ബോസ് 4 ൽ നിന്നും അന്ന് പുറത്താക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ
ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലേക്കും അതിഥിയായി റോബിൻ രാധാകൃഷ്ണൻ എത്തിയിരുന്നു. അഞ്ചാം സീസൺ 50 എപ്പിസോഡുകൾ പിന്നിട്ടതിനു പിന്നാലെയാണ് മുൻ സീസണിലെ മത്സരാർത്ഥികളായ ഡോ. റോബിൻ രാധാകൃഷ്ണനെയും ഡോ. രജത് കുമാറിനെയും ഷോയിലേക്ക് അതിഥികളായി പ്രവേശിപ്പിച്ചത്.
ഒരാഴ്ചത്തേക്കായിരുന്നു ഇരുവരും ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. എന്നാൽ, വീട്ടിൽ നടന്ന അപ്രതീക്ഷിത സംഭവങ്ങളുടെ പുറത്ത് ഇപ്പോൾ റോബിനെ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താക്കിയിരിക്കുകയാണ് ബിഗ് ബോസ്. അതേ സമയം ബിഗ് ബോസ് സീസൺ 5ൽ അതിഥായി എത്തിയ റോബിനെ പുറത്താക്കിയ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കു വഴിവച്ചിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിക്കുന്ന മോഹൻലാലിന്റെ പ്രമൊ വിഡിയോയാണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത്. ബിഗ് ബോസിലെ വെല്ലുവിളിച്ചതിന് റോബിൻ പുറത്തുപോകേണ്ടി വന്ന സാഹചര്യത്തിൽ മോഹൻലാൽ ഇന്ന് വിശദീകരണം നൽകുമെന്ന് സൂചിപ്പിച്ചാണ് ബിഗ് ബോസിന്റെ പുതിയ പ്രമൊ റിലീസ് ചെയ്തിരിക്കുന്നത്.
അതിഥി ദേവോ ഭവ. പക്ഷേ ഇവിടെ എങ്ങനെയെന്ന് കണ്ടറിയണമെന്ന് കഴിഞ്ഞ വീക്ക്ലി ടാസ്‌ക്കിനു മുമ്പേ ഞാൻ പറഞ്ഞിരുന്നു. അത് അങ്ങനെ തന്നെ സംഭവിച്ചു. ആദ്യം ആതിഥേയർ തമ്മിൽ ഏറ്റുമുട്ടി. പിന്നെ അതിഥികളുമായി സ്വരചേർച്ച നഷ്ടപ്പെട്ടു. പക്ഷേ അതിഥികൾക്കുമുണ്ട് ചില അതിർവരമ്പുകൾ. അത് ലംഘിക്കപ്പെട്ടാലോ, അതിന്റെ പരിസമാപ്തി നമ്മൾ കണ്ടു എന്ന് മോഹൻലാൽ പ്രമൊ വിഡിയോയിൽ പറയുന്നു.
ബിഗ് ബോസ് മലയാളം സീസൺ 5 ൽ അതിഥിയായി എത്തിയ സീസൺ 4 മത്സരാർഥി റോബിൻ രാധാകൃഷ്ണൻ ഷോയുടെ നിയമങ്ങൾ ലംഘിച്ചതിനും സംയമനം വിട്ട് പെരുമാറിയതിനുമാണ് ബിഗ് ബോസ് പുറത്താക്കിയത്. പുതിയ വീക്കിലി ടാസ്‌ക് ആയ ബിബി ഹോട്ടൽ ടാസ്‌കിൽ ഓരോ മത്സരാർഥിയും തങ്ങൾക്ക് ലഭിച്ച പോയിൻറുകൾ എത്രയെന്ന് ഹാളിൽവച്ച് പറയുന്നതിനിടെ അഖിൽ മാരാർക്കും ജുനൈസിനുമിടയിൽ തർക്കം നടന്നിരുന്നു.
ഇതിനിടെ അഖിൽ തോൾ ഉപയോഗിച്ച് ജുനൈസിനെ തള്ളുകയും ചെയ്തു. ഈ സംഭവത്തിൽ അഖിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബോസിനോട് തന്നെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചതാണ് റോബിന് വിനയായി മാറിയത്. ബിഗ് ബോസ് മലയാളം പതിപ്പിൽ ബിഗ് ബോസ് വീട്ടിൽ നിന്നും രണ്ട് തവണ പുറത്താക്കപ്പെട്ട വ്യക്തി എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും റോബിനെതിരെ ട്രോളുകൾ നിറയുകയാണ്.