നിരവധി സിനിമകളിൽ നായികമാരായി അഭിനയിച്ച് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരായ രണ്ട് നായികാ നടിമാരാണ് നവ്യ നായരും കാവ്യാ മാധവനും. ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രമായ ബനാറസ് പ്രമേയം കൊണ്ടും അവതരണം കൊണ്ടും വ്യത്യസ്തമായ ചിത്രമായിരുന്നു.
വിനീത് നായകനായി എത്തിയ ചിത്രത്തിൽ കാവ്യ മാധവനും നവ്യാ നായരുമായിരുന്നു നായികമാർ. നേമം പുഷ്പരാജ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഇരു നായികമാർക്കും തുല്യ പ്രാധാന്യം നൽകിയായിരുന്നു ചിത്രം ഒരുക്കിയത്. പക്ഷേ ഈ സിനിമ പ്രതീക്ഷിച്ച സാമ്പത്തിക വിജയം നേടാതെ പോയിരുന്നു.
ഒരു വൻ താരനിര തന്നെ അണിനിരന്ന ഈ ചിത്രത്തിലെ പാട്ടുകളും ദൃശ്യ ഭംഗിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ചിത്രത്തെ പറ്റി അടുത്തിടെ സംവിധായകൻ നേമം പുഷ്പരാജ് ചില വെളിപ്പെടുത്തൽ നടത്തിയിരുന്നു. അഭിനേതാക്കൾ തമ്മിലുളള സ്വരച്ചേർച്ച ചിത്രത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
ചിത്രത്തിൽ കാവ്യയ്ക്കും നവ്യയ്ക്കും തുല്യ പ്രധാന്യം തന്നെയായിരുന്നു. എന്നാൽ ഒരു അൽപം കൂടുതൽ കാവ്യയ്ക്ക് ആയിരുന്നു. ചിത്രത്തിൽ നമ്മൾ കൊടുത്ത റോൾ അവർ സ്വീകരിക്കുക ആയിരുന്നു. അല്ലാതെ അവർക്കൊരു മുൻഗണനയൊ സെലക്ട് ചെയ്യാനുള്ള അവസരമോ കൊടുത്തിരുന്നില്ല.
എന്നാൽ നവ്യയ്ക്ക് അതിലൊരു തെറ്റിദ്ധാരണ ഉണ്ടാവുകയായിരുന്നു. കുറച്ചു സമയത്തേയ്ക്ക് മാത്രമായിരുന്നു അത്. ചിത്രത്തിൽ തന്റെ വേഷം അപ്രധാനമായിപ്പോയോ എന്നായിരുന്നു സംശയം. കാരണം ബനാറസിന്റെ ഷൂട്ട് തുടങ്ങയപ്പോഴേയ്ക്കും മാസികയിലും മറ്റും കാവ്യയുടേയും വിനീതിന്റേയും ചിത്രങ്ങൾ വാരൻ തുടങ്ങി.
കാവ്യയ്ക്ക് അമിതമായി പ്രാധാന്യം കിട്ടുന്നുണ്ടെന്നും തന്റെ ക്യാരക്ടറിലേയ്ക്ക് മറ്റാരെയെങ്കിലും നോക്കണമെന്ന് നവ്യ മറ്റു ചിലർ വഴി അറിയിക്കുകയായിരുന്നു. എന്നാൽ പിന്നീട് തെറ്റിദ്ധാരണകൾ എല്ലാം മാറുകയായിരുന്നു. ചെറിയ കഥാപാത്രം ആണെങ്കിലും കാവ്യയ്ക്ക് പരാതിയില്ല. അതാണ് കാവ്യയുടെ സ്വഭാവം.
കാവ്യയുടെ ആ സ്വഭാവത്തെ കുറിച്ചും സംവിധായകൻ പറയുന്നുണ്ട്. ലൊക്കേഷനിൽ നടന്ന ഒരു സംഭവമാണ് ഇതിനായി പറഞ്ഞത്. ചിത്രത്തിലെ സോംഗ് കോസ്റ്റ്യൂം ഒരു ദിവസം അത്ര ശരിയായി വന്നില്ല. ക്യാമറയെല്ലാ റെഡിയായിട്ടും കാവ്യ എത്തിയില്ല. വസ്ത്രം പ്രശ്നമായതു കൊണ്ട് കാവ്യ വരുന്നില്ല എന്ന് അസോസിയേറ്റാണ് വന്ന് പറയുന്നത്.
ഞാൻ ഉടൻ തന്നെ കാവ്യയെ ചെന്ന് കണ്ടു. നല്ല ഡ്രസ് ആണല്ലോ. ഇതിനെന്താ പ്രശ്നം എന്ന് ചോദിച്ചപ്പോൾ, കുഴപ്പമില്ലേ എന്ന് ചോദിച്ച് അവൾ എന്റെ കൂടെ വന്ന് അഭിനയിക്കുക ആയിരുന്നു. എന്നാൽ ആ സ്ഥാനത്ത് നവ്യ ആയിരുന്നെങ്കിൽ ഒരുപക്ഷെ അതൊരു പ്രശ്നമായേക്കാം എന്നും നേമം പുഷ്പരാജ് പറഞ്ഞിരുന്നു.