ദൃശ്യത്തിന്റെ മൂന്നാംഭാഗം: മോഹൻലാലും ജീത്തുവുമായി ചർച്ചയിലാണെന്ന് ആന്റണി പെരുമ്പാവൂർ

60

മലയാള സിനിമയിൽ ആദ്യമായി 50 കോടി നേടിയ ചിത്രമായ ദൃശ്യത്തിന്റെ തുടർച്ചയായ ദൃശ്യം 2 കഴിഞ്ഞ ദിവസമാണ് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. മലയാളത്തിന്റെ താരരരാജാവ് മോഹൻലാലും സൂപ്പർ ഡയറക്ടർ ജീത്തു ജോസഫും ഒന്നിച്ച ദൃശ്യം 2ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മലയാളത്തിലെ യുവസൂപ്പർതാരവും സംവിധായകനും നിർമ്മാതാവുമായ പൃഥ്വിരാജ് ഉൾപ്പടെ സിനിമാ ലോകത്തെ പ്രമുഖരും ചിത്രത്തെ പ്രകീർത്തിച്ച് രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം ദൃശ്യം സിനിമയ്ക്ക് മൂന്നാം ഭാഗമുണ്ടാകുമെന്ന് വ്യക്തമാക്കി നിർമാതാവ് ആന്റണി പെരുമ്പാവൂർ രംഗത്ത് എത്തിയിരിക്കുയാണ്.

Advertisements

സംവിധായകനായ ജീത്തു ജോസഫിന്റെ വാക്കുകളിൽ നിന്ന് തനിക്ക് അത് മനസിലായിട്ടുണ്ടെന്നും മൂന്നാം ഭാഗം വേണമെന്ന് മോഹൻലാലിന് ആഗ്രഹമുണ്ടെന്നും ആന്റണി പറഞ്ഞു. മൂന്നാം ഭാഗത്തെക്കുറിച്ച് മോഹൻലാൽ എപ്പോഴും ജീത്തുവുമായി ചർച്ച ചെയ്യാറുണ്ടെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കുന്നു.

ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ ഇങ്ങനെ:

ദൃശ്യം 3 എന്നത് ജീത്തുവിന്റെ മനസിലാണ്. ജീത്തുവിന്റെ സംസാരത്തിൽ നിന്ന് ദൃശ്യം 3 ഉണ്ടാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. മോഹൻലാൽ എപ്പോഴും ജീത്തുവുമായി ഇക്കാര്യം ചർച്ച ചെയ്യാറുണ്ട്. ഞങ്ങൾക്ക് ദൃശ്യം 3 ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഹിറ്റായ ദൃശ്യം 2 മറ്റു ഭാഷകളിലേക്കും പോകും.

ദൃശ്യം 2 ജനം തീയേറ്ററിൽ കാണണമെന്ന് അതിയായി ആഗ്രഹിച്ചയാളാണ് ഞാൻ. പക്ഷെ പ്രത്യേക സാഹചര്യത്തിൽ അതിന് സാധിച്ചില്ല. ഹിറ്റായ സിനിമയുടെ രണ്ടാംഭാഗം വിജയിപ്പിക്കുക എന്നത് വെല്ലുവിളിയാണ്. ജനം സ്വീകരിച്ചതിൽ സന്തോഷമുണ്ട്.

ഏറ്റവും സന്തോഷം തരുന്ന ഒന്നാണ്. ജീത്തുവിന്റെയും മോഹൻലാലിന്റെയും സന്തോഷം പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നു. അതേസമയം, ദൃശ്യം 2ന്റെ വ്യാജ പതിപ്പുകൾ പുറത്തിറങ്ങിയ സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ ജീത്തു ജോസഫും രംഗത്തെത്തി. ആമസോൺ പ്രൈമിനാണ് ചിത്രത്തിന്റെ പൂർണ്ണാവകാശങ്ങളെന്നും ആമസോൺ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആരും തന്നെ ദൃശ്യത്തിന്റെ വ്യാജപതിപ്പുകൾ ഡൗൺലോഡ് ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂഇയർ ദിനത്തിലായിരുന്നു പ്രേക്ഷകരെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് ദൃശ്യം 2ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചത്. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപനമുണ്ടായത്.

ഏഴ് വർഷം മുൻപ് സിനിമയുടെ ആദ്യഭാഗം പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയ സ്വാധീനമാണ് കാത്തിരിപ്പിന് പിന്നിലെ കാരണം. ആദ്യ ഭാഗത്തിലെ അഭിനേതാക്കളെ കൂടാതെ, മറ്റ് താരങ്ങളും രണ്ടാം ഭാഗത്തിലുണ്ട്. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിൽ മുരളി ഗോപി, സായികുമാർ, ഗണേഷ് കുമാർ തുടങ്ങിയവരും പ്രധാന വേഷം ചെയ്യുന്നുണ്ട്.

Advertisement