താരരാജാവ് മോഹൻലാൽ നായകനായി മലയാളത്തിലെ ക്ലാസിക് ചിത്രമായിരുന്നു ഭരതം. 1992 മാർച്ച് 29നായിരുന്നു ആ ചിത്രം റിലീസ് ചെയ്തത്. ഇന്നും മലയാളികൾ പറഞ്ഞ് അറിയിക്കാൻ ആവാത്ത ഹൃദയ വികാരത്തോടെ കാണുന്ന സിനിമയാണ് ഭരതം.
അന്തരിച്ച് രചനാ മാന്ത്രികൻ എകെ ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത സിനിമ.ജ്യേഷ്ഠന്റെ ചി ത യിൽ ചവിട്ടിനിന്ന് രാമകഥ പാടുന്ന കല്ലൂർ ഗോപിനാഥന്റെ വ്യഥയിൽ ഏവരും വേദനിച്ചു.
ഒന്നു പൊട്ടിക്കരയാൻ പോലുമാകാതെ, ഉമിത്തീയിലെന്നവണ്ണം നീറി നിൽക്കുന്ന ഗോപിനാഥൻ മോഹൻലാൽ ജീവൻ പകർന്ന ഏറ്റവും നല്ല കഥാപാത്രമാണ്. അയാളെപ്പോലെ ഒരു അനുജനെ ഏത് ജ്യേഷ്ഠനും ആഗ്രഹിക്കും. അയാളെപ്പോലെ ഒരു മകനെ ഏത് അമ്മയും ആഗ്രഹിക്കും. മോഹൻലാലിന് ദേശീയ പുരസ്‌കാരം വരെ നേടികൊടുത്ത ഭരതം പിറന്നത് ശരിക്കും ഒരൊറ്റ ദിവസം കൊണ്ടാണ്.
കല്ലൂർ ഗോപിനാഥന്റെയും രാമനാഥന്റെയും ജീവിതത്തിലെ സംഘർഷ ഭൂമിയിലൂടെ നടക്കുന്ന പ്രേക്ഷകർക്ക് അറിയുമോ അതു വെറും ഒരു ദിവസത്തിന്റെ ആയുസുകൊണ്ട് ലോഹിയെന്ന മാജിക്കുകാരൻ സൃഷ്ടിച്ച അത്ഭുതമാണെന്ന്. അതുകൊണ്ടുതന്നെയാണ് ഉർവശി പറഞ്ഞത് ശൂന്യതയിൽ നിന്ന് ഒരു ഭരതം സൃഷ്ടിക്കാൻ ലോഹിക്ക് മാത്രമേ കഴിയൂ എന്ന്.
ഭരതം എന്ന ക്ലാസ്സിക് ഹിറ്റ് പിറന്നതിന്റെ പിന്നിലെ കഥ ഇങ്ങനെ:
സിബി മലയിലിന് വേണ്ടി അടുത്തതായി ചെയ്യുന്ന സിനിമയ്ക്ക് ഒരു കഥ ആലോചിച്ചു വെച്ചു ലോഹിതദാസ്. എല്ലാ കാര്യങ്ങളും തീരുമാനിച്ചു ആർട്ടിസ്റ്റുകളെ നിശ്ചയിച്ചു. മോഹൻലാലും നെടുമുടിയും ഉർവശിയും ഉൾപ്പടെയുള്ള താരനിര.
ഷൂട്ടിംഗ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ കഥയ്ക്ക് പഴയ ഒരു സിനിമാക്കഥയോട് സാമ്യമുണ്ട് എന്ന് തിരിച്ചറിയുന്നു. ബാലചന്ദ്രമേനോന്റെ ഒരു സിനിമയുടെ കഥയുമായി വളരെ അടുത്ത സാമ്യം. അത് വലിയ ഞെട്ടലായിരുന്നു എല്ലാവർക്കും.
ഇനി എന്ത് ചെയ്യും? രണ്ടോ മൂന്നോ ദിവസത്തിന് ഉിൽ ഷൂട്ടിംഗ് തുടങ്ങണം. പ്രൊജക്ട് വേണ്ടെന്നുവച്ചാൽ വലിയ നഷ്ടം ഉണ്ടാകും. എന്തായാലും കൂടുതൽ ആരെയും ഇക്കാര്യം അറിയിക്കാതെ മറ്റൊരു കഥ ആലോചിക്കാൻ സിബിയും ലോഹിയും തീരുമാനിച്ചു. അടുത്തിടെ കണ്ട ഒരു പത്രവാർത്ത ലോഹിയുടെ മനസിൽ ഉടക്കിയിരുന്നു.
അടുത്ത ബന്ധുവിന്റെ മരണവിവരം മറച്ചുവച്ചുകൊണ്ട് ഒരു വീട്ടിൽ നടന്ന വിവാഹത്തിന്റെ വാർത്ത. അതിനൊപ്പം രണ്ട് സംഗീതജ്ഞരുടെ കഥയും കൂടി ചേർത്തുവച്ചപ്പോൾ മനസിൽ നോവുപടർത്തുന്ന ഒരു കഥ പിറന്നു.
ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. എന്നാൽ ആ അവാർഡ് നെടുമുടിവേണുവിനായിരുന്നു ലഭിക്കേണ്ടിയിരുന്നത് എന്ന് അഭിപ്രായപ്പെട്ടവരും ഏറെയാണ്.
കല്ലൂർ ഗോപിനാഥനേക്കാൾ പലപ്പോഴും തിളങ്ങിയതും ഉള്ളിൽ തട്ടിയതും കല്ലൂർ രാമനാഥൻ ആയിരുന്നു എന്നായിരുന്നു കണ്ടെത്തൽ.
എന്നാൽ, അതിന് നെടുമുടിവേണു തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. രാമനാഥന് സഞ്ചരിക്കാൻ ഒരു പാതയേ ഉള്ളൂ. ഗോപിനാഥൻ അങ്ങനെയല്ല അയാൾ പലപ്പോഴും ജീവിതത്തിന്റെ നൂൽപ്പാലത്തിലൂടെ ആണ് സഞ്ചരിക്കുന്നത്.
പ്രണവം ആർട്‌സിന്റെ ബാനറിൽ മോഹൻലാൽ നിർമ്മിച്ച ഭരതം ഇന്നും ഉള്ളു പൊള്ളിക്കുന്ന ഓർമ്മയായി ഓരോ മലയാളിയും നെഞ്ചിലേറ്റുന്ന സിനിമ കൂടിയാണ്. മികച്ച ഗാനങ്ങളും ചിത്രത്തിന്റെ വലിയ പ്രത്യകത ആയിരുന്നു. ഉർവശി, മുരളി, കവിയൂർ പൊന്നമ്മ. സുചിത്ര, മാസ്റ്റർ വിനീത് തുടങ്ങിയവർ ആയിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.