മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ ട്രാൻസ്ജെൻഡർ താരമാണ് എലിസബത്ത് ഹരിണി ചന്ദന. ഇപ്പോൾ താരം വിവാഹിതയായി എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്. ട്രാൻസ് വുമൻ ആയ എലിസബത്ത് ഹരിണി ചന്ദന വിവാഹിതയായി. സഹപാഠിയായ കുമ്പളങ്ങി സ്വദേശി സുനീഷാണ് ഹരിണിയ്ക്ക് മിന്നു ചാർത്തിയത്.
ട്രാൻസ്ജെൻഡർ സമൂഹം ഒന്നടങ്കം പങ്കെടുത്ത് ആഘോഷമാക്കിയ വിവാഹച്ചടങ്ങിൽ നടിമാരായ തെസ്നി ഖാൻ, കൃഷ്ണപ്രഭ, മോഡലും ബിഗ്ബോസ് താരവുമായി ബഷിർ ബഷി, ഭാര്യമാരായ സൂഹാന, മഷൂറ എന്നിവരും പങ്കെടുത്തിരുന്നു. വിവാഹച്ചടങ്ങിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാറാണ് ഹരിണിയുടെ അമ്മയുടെ സ്ഥാനത്തു നിന്ന് വിവാഹം നടത്തിക്കൊടുക്കുന്നത്. രഞ്ചുമ്മയിൽ ഒരമ്മയുടെ ആത്മാർത്ഥമായ പ്രാർത്ഥന കാണാനാകുന്നുണ്ട് എന്നാണ് വീഡിയോ കണ്ട പ്രേക്ഷകർ പറയുന്നത്.
അടുത്തിടെ ഒരു ചാനലിലെത്തിയപ്പോഴാണ് താരം വിവാഹിതയാകാൻ പോകുന്ന കാര്യം ആരാധകരെ അറിയിച്ചത്. കുടുംബമായി ജീവിക്കണമെന്നും കുഞ്ഞുണ്ടാവണമെന്നുമുള്ള സ്വപ്നവും തനിക്ക് ഉണ്ടെന്നു താരം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ താരത്തിന്റെ വിവാഹ വാർത്ത പുറത്തുവരുന്നത്.
2017ൽ നടന്ന ട്രാൻസ്ജെൻഡർ സൗന്ദര്യമത്സരത്തിൽ സെക്കൻഡ് റണ്ണറപ്പായിരുന്നു ഹരിണി. ട്രാൻസ്ജെൻഡർ തിയേറ്റർ ഗ്രൂപ്പ് ആയ മഴവിൽ ധ്വനിയുടെ പറയാൻ മറന്നത് എന്ന നാടകത്തിൽ അഭിനയിച്ചു. അത് ഒരുപാട് വേദികളിൽ അവതരിപ്പിച്ചതോടെയാണ് ഹരിണി അഭിനയ രംഗത്ത് ശ്രദ്ധിക്കപെടുന്നത്.
ടിക്ക് ടോക്കിൽ മാത്രം മൂന്ന് ലക്ഷത്തിനടുത്ത് ആരാധകർ ഹരിണിക്കുണ്ടായിരുന്നു. ഹരിണിയുടെ ടിക്ക് ടോക്ക് വീഡിയോ സംവിധായകൻ അരുൺ സാഗറിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ദൈവത്തിന്റെ മണവാട്ടി ചിത്രത്തിലെ നായിക വേഷം തേടിയെത്തിയത്.
പതിനാറാം വയസ്സിലാണ് ഹരിണി ട്രാൻസ്ജെൻഡറായി മാറിയത്. പിന്നാലെ സർജറി, ഇതോടെ നാടുവിടേണ്ടി വന്നു. പിന്നീട് കാലങ്ങൾക്ക് ശേഷം ഫേസ്ബുക്കിൽ വന്ന പഴയ സഹപാഠിയുടെ റിക്വസ്റ്റാണ് ജീവിതം മാറ്റി മറിച്ചതെന്ന് ഹരിണി തന്നെ വെളിപ്പെടുത്തിയിരുന്നു.
തുടക്കത്തിൽ സുഹർത്തുക്കളായിരുന്ന ഇരുവരുടെയും ബന്ധം പ്രണയത്തിന് വഴി മാറുകയായിരുന്നു. സുനുവാണ് ആദ്യം പ്രൊപ്പോസ് ചെയ്തത്. ആദ്യം ഞെട്ടിപ്പോയി. പിന്നെ സംഗതി സീരിയസാണെന്ന് അറിഞ്ഞപ്പോൾ താനും വീഴുകയായിരുന്നുവെന്ന് ഹരിണി പറയുന്നു. സുനീഷ് ദുബായിലെ സ്വകാര്യ കമ്പനിയിൽ ജോലി നോക്കി വരികയാണ്.
സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ ജോഡി സീസണിൽ വച്ചാണ് താരത്തിന്റെ വിവാഹ വാർത്ത പുറത്തായത്. അവതാരകനായ ആർ ജെ മാത്തുകുട്ടിയാണ് ഹരിണി യുടെ വിവാഹ വാർത്തയെ കുറിച്ച് സംസാരിക്കുന്നത്. കുടുംബമായി ജീവിക്കണമെന്നും കുഞ്ഞുണ്ടാവണമെന്നുമുള്ള സ്വപ്നവും തനിക്ക് ഉണ്ടെന്നു മുൻപും പല അഭിമുഖങ്ങളിലും താരം വ്യക്തമാക്കിയിരുന്നു.