മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ നായികയായി മാറിയ താരമാണ് സനുഷ സന്തോഷ്. വിനയന്റെ സംവിധാനത്തിൽ 2000ത്തിൽ ദാദാ സാഹിബ് എന്ന സിനിമയിലൂടെയാണ് സനുഷ ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയത്.
പിന്നീട് കരുമാടിക്കുട്ടൻ, കാശി, കൺമഷി, മീശമാധവൻ, കാഴ്ച, മാമ്പഴക്കാലം, കീർത്തി ചക്ര, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലും ബാലതാരമായി തിളങ്ങി. കാഴ്ച സിനിമയിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചതിലൂടെ 2004ൽ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സനുഷയ്ക്ക് ലഭിച്ചിരുന്നു.
അതേ സമയം നാളെ നമതെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി സനുഷ എത്തിയത്. ഈ സിനിമ പുറത്തിറങ്ങി വർഷങ്ങൾ പിന്നിട്ട ശേഷമാണ് 2012ൽ മിസ്റ്റർ മരുമകൻ എന്ന ദിലീപ് സിനിമയിലൂടെ മലയാളത്തിൽ നായികയായി സനുഷ എത്തിയത്. ശേഷം ഇഡിയറ്റ്‌സ്, സക്കറിയയുടെ ഗർഭിണികൾ, ഒരു മുറൈ വന്ത് പാർത്തായ തുടങ്ങിയ സിനിമകളിലും സനുഷ അഭിനയിച്ചു.
നായികയായെങ്കിലും മലയാളിക്ക് സ്വന്തം വീട്ടിലെ കുട്ടിയോടുള്ള സ്‌നേഹമാണ് സനുഷയോട്. ഇപ്പോഴിതാ തന്റെപുതിയ സിനിമാ വിശേഷങ്ങളെ കുറിച്ചും വിഷാദരോഗം പിടിപെട്ടിരുന്ന കാലത്ത് നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും മാസങ്ങൾക്ക് മുമ്പ് സനുഷ പറയുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സനുഷയുടെ വാക്കുകൾ ഇങ്ങനെ:
കൊവിഡ് കാലം എല്ലാ തരത്തിലും വളരേയെറെ ബുദ്ധിമുട്ടുകൾ നൽകിയ സമയമായിരുന്നു. വ്യക്തിപരമായും തൊഴിൽ പരമായും പ്രതിസന്ധികൾ നേരിട്ടു. ആ ദിനത്തിൽ എനിക്ക് എന്റെ ചിരി പോലും നഷ്ടമായി. ഒന്നും പറയാൻ പറ്റാത്ത അവസ്ഥ, ഡിപ്രഷൻ, പാനിക്ക് അറ്റാക്ക് തുടങ്ങിയ എല്ലാ സാഹചര്യങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്.
ഇതൊക്കെ ആരോട് എങ്ങനെ തുറന്നു പറയുമെന്ന് അറിയില്ലായിരുന്നു. ആരോടും ഈ സമയത്ത് സംസാരിച്ചിരുന്നില്ല ഒന്നിനോടും താൽപര്യം ഇല്ലാത്ത അവസ്ഥയായിരുന്നു. അന്ന് ഈ വെളിപ്പെടുത്തൽ നടത്തിയ ശേഷം ഏറ്റവും കൂടുതൽ കേട്ട ചോദ്യം പ്രണയ നൈരാശ്യമാണോ എന്നായിരുന്നു.
തുറന്ന് പറച്ചിൽ നടത്തിയതിന് കാരണം ഇത്തരത്തിലുള്ള സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നവർക്ക് അതു തിരിച്ചറിയാൻ ഉള്ള വഴി ഒരുക്കുക എന്നത് മാത്രമായിരുന്നു എന്നും സനുഷ പറയുന്നു. മറ്റുള്ള മാതാപിതാക്കളെ പോലെ ആയിരുന്നില്ല തന്റെ അച്ഛനും അമ്മയും എന്നും അവർ എല്ലാ സഹായവുമായി എന്നോടൊപ്പം ഉണ്ടായിരുന്ന എന്നും സനൂഷ പറയുന്നു.
അതേ സമയം ബോഡി ഷെയ്മിങ് കമന്റുകൾ കാണുമ്പോഴുള്ള മനോഭാവത്തെ കുറിച്ചും സനുഷ തുറന്ന് പറഞ്ഞു. അത്തരം കമന്റുകൾ കാണുമ്പോൾ വളരെ അധികം ദേഷ്യം വരാറുണ്ടെന്ന് സനുഷ പറഞ്ഞു. പിസിഒഡി എന്ന അസുഖം വന്നത് കൊണ്ടാണ് എനിക്ക് തടി കൂടിയത്.
പിന്നീട് ഞാൻ ശരീരത്തിൽ ശ്രദ്ധിച്ചു. തടി കുറക്കാൻ തുടങ്ങി. ഓരോരുത്തരും പലവിധ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരാണ്. ചിലപ്പോൾ അവരുടെ ചുറ്റുപാടുകൾ പോലും അവരുടെ ശരീര ഘടനെ ബാധിക്കും. അതുകൊണ്ട് ബോഡി ഷെയ്മിങ് നടത്തുന്നവരോട് എനിക്ക് വെറുപ്പാണെന്നും സനുഷ് വ്യക്തമാക്കി.
ഇപ്പോൾ മരതകം എന്ന സിനിമയിലാണ് സനുഷ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ടോംബോയി ക്യാരക്ടറുള്ള ഡോണ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സനുഷ അവതരിപ്പിക്കുന്നത്. ബിബിൻ ജോർജും വിഷ്ണു ഉണ്ണി കൃഷ്ണനും ഒന്നിക്കുന്ന സിനിമ കൂടിയാണ് മരതകം.
നവാഗതനായ അൻസാജ് ഗോപിയാണ് സിനിമയുടെ സംവിധാനം. ചിത്രം ആന്റോ ജോസഫ് പ്രൊഡക്ഷൻ കമ്പനി, അൽതാരി മൂവിസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, സി ആർ സലീം ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും ദീപു എൻ ബാബുവും ചേർന്നാണ്.
കലാഭവൻ ഷാജോൺ, മീനാക്ഷി അനൂപ്, അനീഷ് ഗോപാൽ, ജഗതീഷ്,സീമ.ജി.നായർ, അജയ് വാസുദേവ്, നവജിത് നാരായണൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.