മലയാളത്തിന്റെ മഹാനായ എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ക്ലാസിക് ഡയറക്ടർ ഭരതൻ സംവിധാനം ചെയ്ത് 1988ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമ ആയിരുന്നു വൈശാലി. ഈ ചിത്രവും അതിലെ കഥാപാത്രങ്ങളും ഇന്നും മലയാളികൾക്ക് ഏറെ പ്രിയങ്കരമാണ്.
ജീവിതത്തിൽ അന്ന് വരെ സ്ത്രീകളെ കണ്ടിട്ടില്ലാത്ത ഋഷ്യശൃംഗൻ എന്ന മുനികുമാരന്റെയും അദ്ദേഹത്തെ തേടിയെത്തുന്ന വൈശാലി എന്ന ദേവദാസി പെണ്ണിന്റെയും കഥ പറഞ്ഞ സിനിമയാണ് വൈശാലി. ക്ലാസിക് പ്രണയ രംഗങ്ങളാണ് ചിത്രത്തിലെ ഏറ്റവും ആകർഷകമായ ഘടകം.
കൊടിയ വരൾച്ച നേരിടുന്ന അംഗരാജ്യത്ത് മഴ പെയ്യിക്കുവാനായി വിഭാണ്ഡകൻ എന്ന മഹർഷിയുടെ മകനായ ഋഷ്യ ശൃംഗനെ എത്തിക്കണം. ഇതിനായി ഋഷ്യശൃംഗനെ ആകർഷിച്ച് രാജ്യത്ത് എത്തിക്കുവാൻ നിയോഗിക്കപ്പെടുന്ന അതി സുന്ദരിയായ ദാസിയുടെ മകളാണ് വൈശാലി.
വൈശാലിയിൽ ആകൃഷ്ടനായ ഋഷ്യശൃംഗൻ രാജ്യത്തെത്തി യാഗം നടത്തി മഴ പെയ്യിക്കുന്നു എന്നതാണ് സിനിമയുടെ പ്രമേയം. വൈശാലിയായി സുപർണാ ആനന്ദും ഋഷ്യശൃംഗനായി സഞ്ജയ് മിത്രയും ഗംഭീര പ്രകടനമാണ് കാഴ്ച വച്ചത്. വൈശാലിക്ക് പിന്നാലെ ഞാൻ ഗന്ധർവൻ, ഉത്തരം, നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം തുടങ്ങിയ മലയാള സിനിമകളിലും സുപർണ അഭിനയിച്ചിരുന്നു.
അതേ സമയം വൈശാലിയിലെ തന്റെ നായകനെ യഥാർത്ഥ ജീവിതത്തിലും സുപർണ പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും ആ ബന്ധം അധികനാൾ നിണ്ടു നിന്നിരുന്നില്ല. വൈശാലിയുടെ ലൊക്കേഷനിൽ വച്ചാണ് ആദ്യമായി സുപർണയും സഞ്ജയും കാണുന്നത്. ഇവിടെ വെച്ച് അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരുടെയും സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.
പതിനാറാം വയസിലാണ് സുപർണ വൈശാലി എന്ന സിനിമയിൽ അഭിനയിക്കുന്നത്. സഞ്ജയ്ക്ക് അന്ന് 22 വയസായിരുന്നു പ്രായം. വൈശാലിയിൽ ആദ്യം ഷൂട്ട് ചെയ്തത് ചുംബന രംഗമായിരുന്നു. സുപർണക്കും സഞ്ജയ്ക്കും ആ രംഗത്തിൽ അഭിനയിക്കുന്നതിൽ വലിയ ആശങ്കയുണ്ടായിരുന്നു.
ഏകദേശം അഞ്ച് ടേക്കുകൾക്ക് ശേഷമാണ് ഇരുവരും ആ രംഗം പൂർത്തിയാക്കിയത്. മുമ്പ് ഒരു ചാനൽ പരിപാടിയിൽ എത്തിയ സുപർണ തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. ആദ്യ ദിവസം തന്നെ ഭരതൻ സർ പറഞ്ഞത് ഏറ്റവും ഒടുവിലെ സീനായ ചുംബന രംഗമാണ്. എങ്ങനെ ചെയ്യുമെന്ന ആശങ്ക രണ്ടു പേർക്കും ഉണ്ടായിരുന്നു.
അഞ്ച് ടേക്കുകൾ എടുത്ത ശേഷമാണ് ആ സീൻ ശരിയായത്. ഞങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു സിനിമ ആയായിരുന്നു അത്. പത്ത് വർഷങ്ങൾ നീണ്ട പ്രണയത്തിന് ഒടുവിൽ വിവാഹിതരായ സഞ്ജയും സുപർണയും 2007 ൽ വിവാഹ മോചിതരായി. പിന്നീട് ഇരുവരും വേറെ വിവാഹം ചെയ്യുകയായിരുന്നു. രണ്ടു ആൺമക്കളാണ് ഇരുവർക്കുമുള്ളത്. ഇരുവരും സുപർണയ്‌ക്കൊപ്പമാണ് താമസം.
സിനിമയിൽ പ്രണയിച്ചത് പോലെയായിരുന്നില്ല തുടർന്നുള്ള ജീവിതം എന്ന് ഇരുവരും മുൻപ് പറഞ്ഞിട്ടുണ്ട്. പരസ്പര പൊരുത്തപ്പെട്ട് പോകാൻ കഴിയാതെ വന്നതോടെ ഇരുവരും വിവാഹ മോചിതരാകുകയായിരുന്നു. പരസ്പരം വേർപിരിഞ്ഞു ജീവിക്കുകയാണെങ്കിലും ഇപ്പോഴും ഇരുവരും നല്ല സുഹൃത്തുക്കളാണ്.
സഞ്ജയ് ജീവിതത്തിലേക്ക് വന്നത് വൈശാലിയിലൂടെ ആണെന്നും നിർഭാഗ്യവശാൽ പിരിയേണ്ടി വന്നുവെന്നും സുപർണ മുൻപ് പറഞ്ഞിട്ടുണ്ട്. സഞ്ജയോടുള്ള പ്രണയം ഇപ്പോഴും മനസിലുണ്ടെന്നും ഒരിക്കൽ പ്രണയം തോന്നിയാൽ അത് മാറില്ല എന്നും സുപർണ വ്യക്തമാക്കി.
അദ്ദേഹം എന്റെ ജീവിതത്തിലുണ്ടാകേണ്ട കാലം എത്രനാളാണെന്ന് ദൈവം നേരത്തെ തീരുമാനിച്ചതാണ്. ആ സമയമെത്തിയപ്പോൾ ജീവിതത്തിൽ നിന്നും അദ്ദേഹം പോയി, അങ്ങനെയാണ് ഞാൻ കരുതുന്നത്. ഒരുവട്ടം പ്രണയിച്ചാൽ ജീവിതകാലം മുഴുവൻ ആ പ്രണയമുണ്ടാകും. അതുകൊണ്ട് തന്നെ ഞങ്ങളുടെ ഇടയിൽ ശത്രുതയില്ല.
എന്റെ മൂത്തമകനെ കണ്ടാൽ സഞ്ജയ്യെ പോലെ തന്നെയാണ്. മകൻ മുന്നിൽ നിൽക്കുമ്പോൾ സഞ്ജയ് മുന്നിൽ നിൽക്കുന്നത് പോലെ തന്നെയാണ് തോന്നുന്നത്. അകന്നാണ് കഴിയുന്നതെങ്കിൽ ഇഷ്ടപ്പെട്ടയാൾ സന്തോഷമായി കഴിയുന്നത് കാണുന്നതാണ് സന്തോഷമെന്ന് സുപർണ പറഞ്ഞു.
തന്റെ മക്കളുടെ നല്ല അമ്മയാണ് സുപർണയെന്ന് സഞ്ജയും പറഞ്ഞു. മക്കളെ നന്നായാണ് സുപർണ നോക്കി വളർത്തിയത്. അതിൽ ഒരുപാട് സന്തോഷമുണ്ടെന്നും സഞ്ജയ് അറിയിച്ചു. വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരുവേദിയിൽ വീണ്ടും എത്തുന്നത്. രണ്ട് വർഷങ്ങൾക്ക് മുമ്പ് ഇളയമകന്റെ പഠനവുമായി ബന്ധപ്പെട്ട് ഇരുവരും കണ്ടിരുന്നു.