പുലിമുരുകൻ എന്ന ബ്രഹ്‌മാണ്ഡ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ വൈശാഖ് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് മോൺസ്റ്റർ. ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന, ലക്കിസംങ് എന്ന കേന്ദ്ര കഥാപാത്രമായി മോഹൻലാൽ എത്തുന്ന മോൺസ്റ്റർ തിയേറ്ററുകളിലേക്ക് എത്തുകയാണ്.
ഒക്ടോബർ 21 നാണ് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. ഹണി റോസ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇപ്പോൾ ഇതാ മോൺസ്റ്ററിന്റെ വിശേഷങ്ങൾ പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹണി റോസ്. തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ ആണ് ഹണി റോസിന്റെ തുറന്നു പറച്ചിൽ.
ഭാമിനി എന്ന കഥാപാത്രത്തെയാണ് ഹണി റോസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും പ്രതീക്ഷ ഉള്ള കഥാപാത്രമാണ് ഭാമിനി എന്നാണ് ഹണി റോസ് പറയുന്നത്. മോൺസ്റ്റർ ഒക്ടോബര് 21 ന് റിലീസ് ചെയ്യുകയാണ്, എനിക്ക് ഏറ്റവും പ്രതീക്ഷയുള്ള ചിത്രവും റിലീസിന് കാത്തിരിക്കുന്ന ചിത്രവുമാണ് മോൺസ്റ്റർ.
Also Read
മൈദമാവു പോലെയാണെന്ന് പറഞ്ഞാണ് അവരെന്റെ ശരീരത്തെ കളിയാക്കിയത്: വെളിപ്പെടുത്തലുമായി നടി ഐശ്വര്യ മേനോൻ
എന്റെ സിനിമ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാകും മോൺസ്റ്ററിലെ ഭാമിനി. കൂടാതെ വലിയൊരു ടീമിന്റെ ഒപ്പം മനോഹരമായ ഒരു കഥാപാത്രം അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് ഏറ്റവും സന്തോഷം നൽകുന്ന കാര്യം. വൈശാഖ് സാറിനൊപ്പം ആദ്യമായി പ്രവർത്തിച്ച ചിത്രമാണിത്.
വലിയൊരു ടീം ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. നിങ്ങളുടെ എല്ലാ അനുഗ്രഹവും പ്രാർത്ഥനയും ഞങ്ങളോടൊപ്പം ഉണ്ടാകണം എന്നും ഹണി റോസ് വിഡിയോയിൽ പറയുന്നുണ്ട്. ലക്കി സിംഗ് എന്ന കഥാപാത്രമായി ആണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്.
മലയാളത്തിൽ ആദ്യമായി 100 കോടി ക്ലബിൽ ഇടം നേടിയ പുലിമുരുകന് ശേഷം മോഹൻലാലും വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും മോൺസ്റ്ററിന് ഉണ്ട്. പുലിമുരുകന്റെ രചയിതാവായ ഉദയ് കൃഷ്ണ തന്നെയാണ് മോൺസ്റ്ററിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
ഛായാഗ്രാഹണം സതീഷ് കുറുപ്പ്. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ആക്ഷന് കൂടുതൽ പ്രധാന്യമുള്ള ചിത്രത്തിൽ സ്റ്റണ്ട് സിൽവയാണ് സംഘട്ടനം ഒരുക്കുന്നത്. പഞ്ചാബി പശ്ചാത്തലത്തിൽ വൈശാഖ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് മോൺസ്റ്റർ. നേരത്തെ ഉണ്ണി മുകുന്ദൻ കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മല്ലു സിങ് എന്ന സിനിമ വൈശാഖ് സംവിധാനം ചെയ്തിരുന്നു.