മലയാളത്തിന്റെ ക്ലാസ്സിക് ഡയറക്ടർ ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ആസിഫലി. പിന്നീട് ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് താരം മലയാള സിനിമയിൽ ചുവട് ഉറപ്പിക്കുകയായിരുന്നു. ഇപ്പോൾ മലയാളത്തിന്റെ യുവതാര നിരയിൽ മുൻപന്തിയിൽ ആണ് ആസിഫലിയുടെ സ്ഥാനം.
അഭിനയ ജീവിതത്തിന്റെ ആദ്യ നാളുകളിൽ താരത്തിന് വേണ്ടത്ര ശ്രദ്ധ പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നില്ല. ആസിഫലിക്ക് അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞു വിമർശിച്ചവരും ഏറെയായിരുന്നു. എന്നാൽ അവർക്കെല്ലാം ഗംഭീര മറുപടിയാണ് ആസിഫലി തന്റെ അഭിനയത്തിൽ കൂടി നൽകിയത്.
വില്ലനായും നായകനായും സഹനടനായും ഒക്കെ കിട്ടിയ എല്ലാവേഷങ്ങളും വലിപ്പ ചെറുപ്പം നോക്കാതെ കൈകാര്യം ചെയ്ത ആസിഫലിക്ക് ഒരു ഡയലോഗ് പോലും ഇല്ലാത്ത രംഗങ്ങൾ പോലും വളരെ അനായാസം അഭിനയിച്ചു ഫലിപ്പിക്കാൻ കഴിഞ്ഞു. ഓർഡിനറി, അനുരാഗ കരിക്കിൻ വെള്ളം, കെട്ട്യോൾ ആണെന്റെ മാലാഖ, കക്ഷി അമ്മിണിപിള്ള തുടങ്ങിയ ചിത്രങ്ങൾ ആസിഫലിയുടെ കരിയറിലെ വഴിത്തിരിവായി മാറിയ ചിത്രങ്ങൾ ആയിരുന്നു.
സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ രണ്ടു മക്കൾക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ കുറിച്ചും ലാലിനോടുള്ള തന്റെ ആരാധനയെ കുറിച്ചും മനസുതുറക്കുകയാണ് ആസിഫലി.
ലാലേട്ടനെ കാണുമ്പോൾ കണ്ണെടുക്കാതെ നോക്കിയിരിക്കാൻ തോന്നുമെന്നാണ് ആസിഫ് പറയുന്നത്. അമ്മയുടെ മീറ്റിംഗിൽ ഉൾപ്പെടെ പല പരിപാടികളിലും വെച്ച് അദ്ദേഹത്തെ കാണാറുണ്ടെന്നും ഒരു നോട്ടം കൊണ്ട് നമ്മളെ കംഫർട്ടബിൾ ആക്കാൻ കഴിയുന്ന വ്യക്തിയാണ് ലാലേട്ടൻ എന്നും കാൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആസിഫലി പറയുന്നു.
ലാലേട്ടന്റെ ആ നോട്ടത്തിന്റ അർത്ഥം ഞാൻ നിന്നെയും പരിഗണിക്കുന്നു എന്നാണ്. അത് ഭയങ്കര രസമാണ്. ഞാൻ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ട്. ലാൽ സാർ ആ ടേബിളിന്റെ അറ്റത്തായിരിക്കും ഇരിക്കുന്നത്. സിദ്ദിഖേട്ടൻ, ഗണേഷേട്ടൻ തുടങ്ങി നിരവധി പേരുണ്ട് ഇവരൊക്കെയായിട്ടായിരിക്കും പല സമയത്തും ഇന്ററാക്ഷൻസ് ഉണ്ടാവുക.
അപ്പോൾ ഞാൻ ഇദ്ദേഹത്തെ ഇങ്ങനെ നോക്കിക്കൊണ്ടിരിക്കും. ലാലേട്ടനാണ് എത്ര കണ്ടാലും നമുക്ക് മതിയാവില്ലല്ലോ. എന്നാൽ ഒരു നോട്ടത്തിൽ ചിലപ്പോൾ ആ കണ്ണ് വന്ന് ഉടക്കിപ്പോകും. അതായത് നിന്നേയും ഞാൻ കൺസിഡർ ചെയ്യുന്നുണ്ടെന്നതാണ് അദ്ദേഹം ആ നോട്ടത്തിലൂടെ നമ്മളോട് പറയുന്നത്. മമ്മൂക്കയോട് തോന്നുന്ന ഒരു പേടി ലാലേട്ടനോടില്ല. അവിടെ എനിക്ക് കുറച്ച് തമാശയൊക്കെ പറയാനുള്ള അവസരവുമുണ്ട്.
ലാലേട്ടനോടൊപ്പം ഒരു മുഴുനീള കഥാപാത്രം ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും ആസിഫ് പറയുന്നു. റെഡ് വൈനിൽ ഒരു കോമ്പിനേഷൻ സീക്വൻസ് എന്ന് പറയുന്നത് ഒരു ബൈക്കിൽ പാസ് ചെയ്ത് പോകുന്ന രംഗമാണ്. എന്റെ ഉള്ളിൽ വലിയ ഒരു ആഗ്രഹമുണ്ട്, മോഹൻലാൽ എന്ന നടൻ കഥപാത്രത്തിലേക്ക് നടത്തുന്ന പരകായ പ്രവേശം എന്ന മാജിക് നേരിട്ട് കാണണം എന്നത്. ഉടനെ അത് സാധിക്കും എന്ന് തന്നെയാണ് പ്രതീക്ഷെന്നും ആസിഫലി പറയുന്നു.