മലയാള സിനിമയിലെ ആദ്യത്തെ 50 കോടി ക്ലബ്ബ് എന്ന റെക്കോർഡ് നേടിയെടുത്ത സൂപ്പർഹിറ്റ് ചിത്രമായിരുന്നു ദൃശ്യം. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ ജോർജ്ജ് കുട്ടി എന്ന കഥാപാത്രമായി തകർത്തഭിനയിച്ച സിനിമ അത്രയ്ക്ക് അത്യുഗ്രൻ വിജയമായിരുന്നു നേടിയത്.
ജീത്തു ജോസഫായിരുന്നു ഈ കിടിലൻ സിനിമ സംവിധാനം ചെയ്തത്. മോഹൻലാലിന് പിറകേ മീന, സിദ്ധീഖ്, കലാഭവൻ ഷാജോൺ, ആശാ ശരത്, അൻസിബ, എസ്തർ തുടങ്ങിയവരെല്ലാം മികച്ച പ്രകടനമായിരുന്നു ദൃശ്യത്തിൽ കാഴ്ചവെച്ചത്.
ഇപ്പോഴിതാ ഏഴു വർഷങ്ങൾക്ക് ശേഷം ദൃശ്യത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. പ്രേക്ഷകർ ചിത്രത്തിനെ പറ്റി വാനോളം പ്രതീക്ഷകളിലാണ്. അതുകൊണ്ട് തന്നെ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളറിയാൻ ആവേശത്തോടെ ആണ് ആരാധകർ കാത്തിരിക്കുന്നത്.
ആദ്യ ഭാഗത്തെ താരങ്ങൾ ഭൂരിഭാഗവും രണ്ടാം ഭാഗത്തിലുമുണ്ട്. അടുത്തിടെ ഒരു മാധ്യമത്തോട് നടൻ സിദ്ധീഖ് ചിത്രത്തിന്റെ കഥാഗതിയെ കുറിച്ചു പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു. പ്രഭാകറും ഭാര്യയും കൂടി മടങ്ങി വന്ന് ഈ കേസ് കുത്തിപ്പൊക്കുന്നതും പൊലീസ് വീണ്ടും അന്വേഷണം നടത്തുന്നതും ഒടുവിൽ പഴയതു പോലെ ജോർജുകുട്ടിയിലേക്കു സംശയങ്ങൾ നീളുന്നതുമൊക്കെയാണ് കഥയെന്നു ആണ് സിദ്ദിഖ് ഒരു മാധ്യമത്തോട് പറഞ്ഞത്.
ഒരുപാട് ട്വിസ്റ്റുകളും ചിത്രത്തിലുണ്ടെന്നു ആ അഭിമുഖത്തിൽ സിദ്ദിഖ് പറഞ്ഞു. എന്നാൽ അടുത്തിടെ സംവിധായാകൻ ജീത്തു ജോസഫ് കേരളകൗമദിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ആ മാധ്യമത്തെ പറ്റിക്കാൻ വേണ്ടിയാണു ആ കഥ പറഞ്ഞത് എന്നാണ്.
അതേ കുറിച്ച് ജീത്തു ജോസഫ് പറയുന്നതിങ്ങനെ
സിദ്ദിഖ് ചേട്ടൻ അത് അവരെ പറ്റിക്കാൻ വേണ്ടി പറഞ്ഞ ഒരു കഥയാണ്. ഞാൻ സിദ്ദിഖ് ചേട്ടനോട് ചോദിച്ചിരുന്നു ചേട്ടൻ എന്താ അങ്ങനെയൊക്കെ പറഞ്ഞതെന്ന്. ഞാൻ ചുമ്മാ ഒരു കഥ ഉണ്ടാക്കി പറഞ്ഞതാണ് എന്നും അവർ അത് വർത്തയാക്കുമെന്നു വിചാരിച്ചില്ലെന്നുമാണ് സിദ്ദിഖ് ചേട്ടൻ എന്നോട് പറഞ്ഞത്.
ഒരു കുടുംബത്തിന്റെ ട്രോമ ആണ് ചിത്രം പറയുന്നത്. പിന്നെ രണ്ടുമൂന്നു ആംഗിളുകളിൽ പറയുന്ന കഥയായത് കൊണ്ട് അതിൽ ടെൻഷൻ ഉണ്ടാകുമെന്നും ജീത്തു ജോസഫ് പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചിത്രീകരണം ആരംഭിച്ച ദൃശ്യം കൊച്ചിയിലെ ആദ്യ ഷെഡ്യൂളിന് ശേഷം ഇപ്പോൾ തൊടുപുഴയിൽ പുരോഗമിക്കുകയാണ്.