മമ്മൂട്ടിയുടെ ഷൈലോക്കിനെയും മോഹൻലാലിന്റെ ബിഗ് ബ്രദറിനെയും റാഞ്ചി സൂര്യ

24

മലയാള സിനിമയിലെ 2 താരരാജാക്കന്മാരുടേതായി ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് ഷൈലോക്കും ബിഗ്ബ്രദറും. ഷൈലോക്കിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുമ്പോൾ ബിഗ്ബ്രദറിലൂടെ ത്രസിപ്പിക്കാനൊരുങ്ങുകയാണ് അഭിനയ ചക്രവർത്തി മോഹൻലാൽ.

Advertisements

ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കേ ചിത്രങ്ങളുടെ സാറ്റ്ലൈറ്റ് അവകാശവും വിറ്റു പോയിരിക്കുകയാണ്. വമ്പൻ തുകയ്ക്ക് സൂര്യ ടിവിയാണ് ഇരുചിത്രങ്ങളുടെയും സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
രാജാധിരാജ, മാസ്റ്റർപീസ് എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മൂന്നാമത് ചിത്രമാണ് ഷൈലോക്ക്.

മമ്മൂട്ടി ഗ്രേ ഷേഡ് ഉള്ള കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത് എന്നാണ് സംവിധായകന്റെ പരാമർശം. ഒരു നാട്ടിലെ ജനം മുഴുവൻ ഷൈലോക്ക് എന്ന് വിളിക്കുന്ന ആളായാണ് മമ്മൂട്ടി സ്‌ക്രീനിൽ എത്തുന്നത്. ഒരിടവേളക്ക് ശേഷം മമ്മൂട്ടിയുടെ നായികയായി മീനയെത്തുന്ന സിനിമ കൂടിയാണ് ഷൈലോക്ക്. രാജ് കിരണും മുഴുനീള വേഷത്തിൽ സിനിമയിൽ ഉണ്ട്.

ബിബിൻ ജോർജ്ജ്, ബൈജു സന്തോഷ്, സിദ്ധിഖ്, കലാഭവൻ ഷാജോൺ, ഹരിഷ് കണാരൻ, ജോൺ വിജയ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. അനീഷ് അഹമ്മദും ബിബിൻ മോഹനും ചേർന്നാണ് തിരക്കഥ എഴുതുന്നത്.
ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി സിദ്ധിഖ് രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് ബിഗ് ബ്രദർ.

ആക്ഷൻ കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം സിദ്ദിഖിന്റെ എസ്. പിക്ചേഴ്സ് ആണ് നിർമ്മിക്കുന്നത്. ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെ ആണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം അർബാസ് ഖാനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. റജീന, സത്ന ടൈറ്റസ്, ജനാർദ്ദനൻ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണൻ, അനൂപ് മേനോൻ, ചെമ്പൻ വിനോദ്, ടിനി ടോം, സർജാനോ ഖാലിദ് എന്നിവരും അഭിനയിക്കുന്നു.

Advertisement