മലയാളത്തിലെ സംവിധാന ജോഡികളായ സിദ്ധീഖ് ലാൽ കൂട്ടുകെട്ട് പിരിഞ്ഞതിന് ശേഷം സിദ്ധീഖ് തനിച്ച് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഹിറ്റ്‌ലർ. മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഈ സിനിമ തകർപ്പൻ വിജയം ആയിരുന്നു നേടിയിരുന്നത്.
ഹിറ്റാലറിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ ക്രോണിക്ക് ബാച്ചിലർ, ഭാസ്‌ക്കർ ദി റാസ്‌ക്കൽ എന്നീ ചിത്രങ്ങളും മമ്മൂട്ടിയെ നായകനാക്കി സിദ്ധീഖ് ഒരുക്കി. 2015ലാണ് മമ്മൂട്ടിയും സിദ്ദിഖും ഒടുവിൽ ഒന്നിച്ച ഭാസ്‌കർ ദി റാസ്‌ക്കൽ റിലീസ് ചെയ്തത്. ഹാസ്യത്തിന് പ്രാധാന്യം നൽകിയൊരുക്കിയ ചിത്രം തിയ്യേറ്ററുകളിൽ വൻ വിജയം നേടിയിരുന്നു.
തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര നായികയായ സിനിമയിൽ അനിഖ, സനൂപ്, ജനാർദ്ദനൻ, പാഷാണം ഷാജി, കലാഭവൻ ഷാജോൺ, ഇഷ തൽവാർ, ഹരീശ്രി അശോകൻ ഉൾപ്പെടെയുളള വലിയ താരനിര തന്നെയാണ് അഭിനയിച്ചത്.
തിയ്യേറ്ററുകളിൽ നൂറ് ദിവസം ഓടിയ സിനിമ പിന്നീട് തമിഴിലും റീമേക്ക് ചെയ്യപ്പെട്ടു. സിദ്ധിഖ് തന്നെ സംവിധാനം ചെയ്ത തമിഴ് സിനിമയിൽ അരവിന്ദ് സാമിയും അമല പോളുമാണ് പ്രധാന വേഷത്തിൽ എത്തിയത്. അതേസമയം ഭാസ്‌കർ ദി റാസ്‌കൽ ചിത്രീകരണത്തിനിടെ മമ്മൂക്കയുടെ അഭിനയം കണ്ട് കണ്ണ് നിറഞ്ഞ അനുഭവം പങ്കുവെക്കുകയാണ് സിദ്ദിഖ് ഇപ്പോൾ.
കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സിദ്ധിഖിന്റെ വെളിപ്പെടുത്തൽ. നടി സനുഷയുടെ അനിയൻ സനൂപാണ് സിനിമയിൽ മമ്മൂട്ടിയുടെ മകന്റെ വേഷത്തിൽ എത്തിയത്. അനിഘ നയൻതാരയുടെ മകളായും അഭിനയിച്ചു. അതേസമയം ഭാസ്‌കർ ദി റാസ്‌ക്കലിൽ മമ്മൂക്കയും സനൂപും ഒരുമിച്ചുളള ഒരു കാർ സീനിനെ കുറിച്ചാണ് സിദ്ധിഖ് പറഞ്ഞത്.
കാറിൽ പോകുമ്പോൾ മമ്മൂക്കയോട് ആ പയ്യൻ നയൻതാരയുടെ കഥാപാത്രത്തെ കുറിച്ച് പറയുന്നുണ്ട്. എന്തൊരു സ്നേഹമാണ്, കരുതലാണ്, സോഫ്റ്റ് നാച്ചുറാണ് എന്നൊക്കെ. അപ്പോ മമ്മൂക്കയുടെ കഥാപാത്രം വളരെ കാഷ്വലായിട്ട് കേട്ടുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന് മകൻ ചോദിക്കുന്നു. ഇതുപോലെ തന്നെ ആയിരിക്കുമല്ലെ എന്റെ അമ്മയും എന്ന്.
പെട്ടെന്ന് മമ്മൂക്കയുടെ മുഖം അങ്ങ് മാറും. സ്‌ക്രിപ്റ്റിൽ അതെ എന്ന് മാത്രമാണ് മമ്മൂക്കയുടെ ഡയലോഗ്. എന്നാൽ മമ്മൂക്കയോട് ഞാൻ പറഞ്ഞു അതെ എന്ന് ഉടനെ പറയരുത്, അതിന് ഒരു ഡിലെ കൊടുക്കണം എന്ന്. ഒന്ന് വൈഫിന്റെ സമയത്തേക്ക് പോയിട്ട് തിരിച്ചുവരണം എന്ന് പറഞ്ഞു.
പുളളി പോയിട്ട് വന്നപ്പോ കണ്ട് നിന്ന എന്റെ കണ്ണ് നിറഞ്ഞുപോയി. അതാണ് ആക്ടർ എന്ന് പറയുന്നത്. നമ്മള് ആ മാറ്റർ മാത്രം അങ്ങട് പറഞ്ഞാൽ മതിയെന്നും സിദ്ദിഖ് പറയുന്നു. ആ രംഗം കട്ട് ചെയ്തിട്ട് കണ്ണ് നിറഞ്ഞുപോയി. കാരണം അത്രയ്ക്കും ഇമോഷണലാണ്. മമ്മൂക്കയുടെ ആ ടൈമിംഗ്.
ആ പയ്യൻ ചോദിച്ച ചോദ്യത്തിന് യെസ് എന്ന് അയാള് പറയുന്നത് വരെയുളള ടൈമിന് കൊടുത്ത എക്സ്പ്രഷൻ, ഗംഭീര എക്സ്പ്രഷനാണ്. അപ്പോ ആ സീൻ അങ്ങനെയാണ് എടുത്തത്. ഇതാണ് പോളിഷിംഗ് എന്ന് പറയുന്നത്. ഇതാണ് ഒരു ഡയറക്ടർ എന്ന് പറയുന്നത്. ഇതില്ലാതെ പകർത്തിവെച്ചാൽ പേപ്പറിലുളളത് പോലെ പകർത്തിവെച്ചത് പോലെയിരിക്കുമെന്നും സംവിധായകൻ അഭിമുഖത്തിൽ വ്യക്തമാക്കി.