മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപിനെ നായകനാക്കി ലാൽജോസ് ഒരുക്കിയ മീശമാധവൻ എന്ന സിനിമിലെ പട്ടാളം പുരുഷു എന്ന കഥാപാത്രത്തെ ഓർമ്മയില്ലെ. പുരുഷു എന്നെ അനുഗ്രഹിക്കണം എന്ന കൊച്ചു കുട്ടികൾ മുതൽ വലിയവർ വരെ ഏറ്റെടുത്ത ഡയലോഗും ഓർക്കാറില്ലേ.
കടുത്തുരുത്തി ജെയിംസ് എന്ന നടൻ ആയിരുന്നു പട്ടാളം പുരുഷുവായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.
ഒരുപക്ഷെ പലർക്കും ഈ പേര് അത്ര സുപരിചിതമല്ലെങ്കിലും കടുത്തുരുത്തി ജെയിംസ് അവതരിപ്പിച്ച കഥാപാത്രങ്ങൾ പ്രേക്ഷകർ മറക്കാനിടയില്ല. 1976 മുതൽ 2006 വരെ മുപ്പതുവർഷ കാലം നിരവധി വ്യത്യസ്ത കഥാപാത്രങ്ങളായി നിരവധി സിനിമകളിലൂടെ ജെയിംസ് മലയാള സിനിമയിൽ എത്തി.
നായകന്മാരുടെ സുഹൃത്തായും വില്ലനായും ഹാസ്യതാരമായുമൊക്കെ ജയിംസ് നിരവധി കഥാപാത്രങ്ങളെയാണ് മലയാളികൾക്ക് സമ്മാനിച്ചത്. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത മോഹിനിയാട്ടം ആയിരുന്നു അദ്ദേഹം അഭിനയിച്ച ആദ്യ സിനിമ. ചെറിയൊരു കഥാപാത്രമായിട്ടാണ് ജെയിംസ് സിനിമയിൽ അഭിനയിച്ചത്.
പിന്നീട് വിൻസെന്റ് സംവിധാനം ചെയ്ത അഗ്‌നിനക്ഷത്രം എന്ന സിനിമയിലും മികച്ച ഒരു കഥാപാത്രമായി നടൻ അഭിനയിച്ചു. എംജി സോമൻ അവതരിപ്പിച്ച ബർണാഡ് എന്ന കഥാപാത്രത്തിന്റെ സുഹൃത്തിന്റെ വേഷമായിരുന്നു നടൻ സിനിമയിൽ ചെയ്തത്. സ്ത്രീ ഒരു ദുഖം, സ്വർഗ്ഗദേവത, രക്തം, ആട്ടകലാശം തുടങ്ങി സിനിമകളിലും തുടക്ക കാലത്ത് ചെറിയ വേഷങ്ങളിൽ നടൻ എത്തി.
പാവം പൂർണ്ണിമ സിനിമയിലെ വർമ്മ, ചങ്ങാത്തം സിനിമയിലെ കോൺസ്റ്റബിൾ കുഞ്ഞുണ്ണി, കാണാതായ പെൺകുട്ടിയിലെ രാജഗോപാൽ, ദൈവത്തെയോർത്ത് സിനിമയിലെ തങ്കച്ചൻ, മുത്താരംകുന്ന് പിഓയിലെ അയ്യപ്പൻ തുടങ്ങിയ കഥാപാത്രങ്ങളായും നടൻ തിളങ്ങി. പത്താമുദയം, എന്റെ ഉപാസന, മനസ്സറിയാതെ, പറയാനും വയ്യ പറയാതിരിക്കാനും വയ്യ തുടങ്ങിയ സിനിമകളിലും ചെറിയ വേഷങ്ങളിൽ ജെയിംസ് എത്തി.
ഹിറ്റ് മേക്കർ പ്രിയദർശൻ സംവിധാനം ചെയ്ത അരം പ്ലസ് അരം കിന്നരം എന്ന സിനിമയിൽ രസകരമായ ഒരു കഥാപാത്രമായി ജെയിംസ് എത്തി. ജഗതി ശ്രീകുമാർ അവതരിപ്പിച്ച മനോഹരൻ എന്ന കഥാപാത്രത്തിന്റെ കെ ആൻഡ് കെ ആട്ടോ മൊബൈൽസ് വർക്ക് ഷോപ്പിലെ പണിയറിയാവുന്ന ഒരേയൊരു പണിക്കാരനായിട്ടാണ് നടൻ എത്തിയത്.
സിനിമയിൽ നായകനായ മോഹൻലാലിന് ഒപ്പം നിരവധി രംഗങ്ങളിൽ ജെയിംസ് അവതരിപ്പിച്ച ആ കഥാപാത്രം എത്തുന്നുണ്ട്. ഇപ്പോഴും ആ രംഗങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാണ്. സംഘം സിനിമയിലെ പാപ്പി, വിറ്റ്നസ് സിനിമയിലെ ഗോപാലപിള്ള, മഹായാനം സിനിമയിലെ ചാത്തൂട്ടി, കാലാൾപടയിലെ കുഞ്ഞപ്പൻ, സന്ദേശം സിനിമയിലെ പാർട്ടിപ്രവർത്തകൻ തുടങ്ങിയ കഥാപാത്രങ്ങളും ജെയിംസ് എന്ന നടനെ പ്രേക്ഷകരിലേക്ക് എത്തിച്ചവ ആയിരുന്നു.
ജയറാം നായകനായി എത്തിയ മേലേപ്പറമ്പിൽ ആൺവീട് സിനിമയിൽ ജെയിംസ് അവതരിപ്പിച്ച അണ്ണൻ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. ശോഭന അവതരിപ്പിച്ച പവിഴം എന്ന കഥാപാത്രത്തിന്റെ അണ്ണൻ സിനിമയിലെ വില്ലനാണ്. ജെയിംസിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായി അത് പിന്നീട് മാറുകയും ചെയ്തു.
ജോഷി സംവിധാനം ചെയ്ത പത്രം സിനിമയിലെ അരവിന്ദൻ എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു. മുരളി, മഞ്ജുവാര്യർ തുടങ്ങിയവർക്കൊപ്പം നിരവധി കോമ്പിനേഷൻ രംഗങ്ങളിൽ ജെയിംസിന്റെ അരവിന്ദൻ എത്തുന്നുണ്ട്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായിരുന്നു പത്രത്തിലെ അരവിന്ദൻ. ഒരു മറവത്തൂർ കനവ് സിനിമയിൽ നായകനായ മമ്മൂട്ടിയുടെ സുഹൃത്തായ കഥാപാത്രമായിട്ടാണ് ജെയിംസ് എത്തിയത്.
സിനിമയിലുടനീളം നിറഞ്ഞു നിന്നൊരു കഥാപാത്രമായിരുന്നു സിനിമയിൽ അത്. ജെയിംസ് ചാക്കോ എന്ന നടനെ ജനകീയനാക്കിയത് മീശമാധവൻ എന്ന സിനിമയിലെ പട്ടാളം പുരുഷോത്തമൻ എന്ന കഥാപാത്രം ആണ്. കൊമ്പൻ മീശയും പട്ടാള വേഷവും ധരിച്ച് മിക്ക രംഗത്തും പ്രത്യക്ഷപ്പെടുന്ന പുരുഷോത്തമനെ മലയാളികൾ ഒരിക്കലും മറക്കില്ല.
പുരുഷൂന് ഇപ്പോ യുദ്ധമൊന്നുമില്ലേ, പുരുഷു എന്നെ അനുഗ്രഹിക്കണം തുടങ്ങിയ സംഭാഷണമൊക്കെ മലയാളികൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ജോഷിയുടേയും ലാൽജോസിന്റേയും സിനിമകളിൽ സജീവ സാന്നിധ്യമായിരുന്നു ജെയിംസ്. യെസ് യുവർ ഓണർ, പച്ചകുതിര തുടങ്ങിയ സിനിമകളിലാണ് ജെയിംസ് അവസാനമായി അഭിനയിക്കുന്നത്.
ജിജി ജെയിംസ് ആണ് ഭാര്യ. ജിക്കു ജെയിംസ്, ജിലു ജെയിംസ് എ്ന്നിവർ മക്കളാണ്. രണ്ടായിരത്തി ഏഴിൽ ഹൃദയസ്തംഭനത്തെ തുടർന്ന് ആ കലാകാരൻ ഈ ലോകത്തോട് വിടപറയുക ആയിരുന്നു.